‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും കാണുമ്പോൾ അതിന്റെ ഏറ്റവും സൂഷ്മമായ മേഖലകൾപോലും വളരെ ആഴത്തിൽ തൊട്ടറിഞ്ഞ് ആദ്യത്തേതിനേക്കാൾ നന്നായി ആസ്വദിക്കാൻ കഴിഞ്ഞതായി മുൻ ഡി.ജി.പി ഋഷിരാജ് സിങ്. അദ്ദേഹം എഴുതിയ റിവ്യൂ വായിക്കാം:
സിനിമ ഒരു കലയാകുന്നതും സംഗീതമാകുന്നതും ജീവിതമാകുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ സിനിമ ഒരു അനുഭവമാകുന്നത് അപൂർവുമാണ്. വിശ്വോത്തരങ്ങളായ സൃഷ്ടികൾക്കുമാത്രമേ അത്തരം അനുഭൂതി പകരാനാവൂ എന്നാണല്ലോ.
‘ഒരു വടക്കൻ വീരഗാഥ’ അത്തരത്തിലുള്ള അതിമനോഹരമായ അനുഭവമാണ്. ഇന്നലെ ആ ചലച്ചിത്രം വീണ്ടും കാണുമ്പോൾ അതിന്റെ ഏറ്റവും സൂക്ഷ്മമായ മേഖലകൾപോലും വളരെ ആഴത്തിൽ തൊട്ടറിഞ്ഞ് ആദ്യത്തേതിനേക്കാൾ നന്നായി ആസ്വദിക്കാൻ എനിക്കു കഴിഞ്ഞു.
അധികാരക്കെറുവുകളുടെയും പൊങ്ങച്ചങ്ങളുടെയും വീരപരാക്രമങ്ങളുടെയും മായികമായ സൗന്ദര്യക്കാഴ്ചകളുടെയുമപ്പുറം മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളുടെയും നിസ്സഹായ അവസ്ഥകളുടെയും ആത്മനൊമ്പരമാണ് വടക്കൻവീരഗാഥ. അത് ഡിജിറ്റലായി പുനർജനിച്ചപ്പോൾ ജീനിയസായ എം.ടി ഉയിർത്തെഴുന്നേറ്റ് മുന്നിൽ നില്ക്കുമ്പോലെ തോന്നുന്നു. സാങ്കേതികത്തികവോടെ പുന:സൃഷ്ടിച്ച ഡയലോഗുകൾ ചാട്ടുളിപോലെ ഹൃദയത്തിൽ തറയ്ക്കുകയും ചങ്കുപൊട്ടുകയും ചെയ്യുന്നു. അവ ഓരോന്നിനും അധിക പഞ്ച് നൽകാൻ സൗണ്ട് ആർട്ടിസ്റ്റുകൾ വളരെയധികം പ്രവർത്തിച്ചെന്നത് വ്യക്തം. അവർക്ക് അഭിനന്ദനങ്ങൾ!
കുറ്റമറ്റരീതിയിൽ തയ്യാറാക്കിയെടുത്ത പുതിയ സിനിമാപ്രിൻറ് കൂടിയായപ്പോൾ വടക്കൻവീരഗാഥ ഇതിഹാസത്തിൻറെ ഇതിഹാസമായി. പുതിയ ഭാഷയിൽ പറഞ്ഞാൽ ഇതു വേറെ ലെവലാണ്.
നൂറ്റാണ്ടുകളായി മലയാളികൾ പാടിനടന്ന വടക്കൻ കഥകളിലെ ഗുരുപരമ്പരകളും കളരിമഹിമയും ആയോധനകലകളും അങ്കച്ചേകവന്മാരുടെ ശൗര്യവും പോരാട്ടവും ചമയവും ഏറ്റമുട്ടലുകളുടെ ഉദ്വേഗവുമെല്ലാം വടക്കൻ വീരഗാഥയിൽ മറ്റൊരിടത്തുമില്ലാത്തതുപോലെ ഏറ്റവും ചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു.
ആരോമൽ ഉണ്ണിയും കണ്ണപ്പനുണ്ണിയുമാണ് ചന്തുവിനെ കൊന്നതെന്ന കഥയ്ക്ക് ഒരു വടക്കൻ വീരഗാഥയോടെ അവസാനമായി. വടക്കൻപാട്ടുകളിലെ ചന്തുവിനെ എല്ലാവരും മറന്നു. അല്ലെങ്കിൽ എം.ടി. അതിനെ ഇല്ലാതാക്കി. ഇന്ന് എം.ടിയുടെ ചന്തുമാത്രമേയുള്ളൂ എല്ലാവരുടെയും മനസ്സിൽ.
അതൊരുപക്ഷേ, ചതിക്കാതെ ചതിയനെന്നുവിളിപ്പേരുകിട്ടിയ മനസ്സുകൾ ഏറ്റെടുത്തതാവാം. ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരമൊരനുഭവത്തിലൂടെ കടന്നുപോകാത്തവർ ആരുമുണ്ടാവില്ല. സിനിമ കാണുന്ന ഓരോരുത്തരും ചന്തുവാകുന്നത് അങ്ങനെയാണ്. ചരിത്രത്തെ മാറ്റിയെഴുതാൻ എം.ടിയ്ക്കു കഴിഞ്ഞുവെന്നു സാരം.
ഒരിക്കലുമൊരു മാസ്റ്റർപീസ് വെറുതെയുണ്ടാവില്ല. അടുത്തുകൂടുന്നവരൊക്കെ ഒരുനിയോഗം പോലെ അറിയാതെ അതു തന്നിലേയ്ക്ക് വലിച്ചടുപ്പിയ്ക്കും. അതിൽപ്പെടുന്നവർ താന്താങ്ങളുടെ വേഷം ഏറ്റവും ഭംഗിയായി ആടിത്തിമർക്കുകയും ചെയ്യും!
അതുകൊണ്ടാണ് വടക്കൻ വീരഗാഥ മമ്മൂട്ടിയുടെയും ക്യാപ്റ്റൻ രാജുവിന്റെയും സുരേഷ്ഗോപിയുടെയും ബാലൻ കെ നായരുടെയും മാധവിയുടെയും ഗീതയുടെയും യേശുദാസിന്റെയും ചിത്രയുടെയും കൈതപ്രത്തിന്റെയും കെ. ജയകുമാറിന്റെയും ബോംബെ രവിയുടെയുമൊക്കെ ഗാഥയായി മാറിയത്. എം.ടി മനസ്സിൽക്കണ്ടത് സംവിധായകൻ ഹരിഹരനും പ്രൊഡ്യൂസർ പി.വി. ഗംഗാധരനും മാനത്തുകണ്ടു എന്നു പറയാം. അതോ തിരിച്ചോ, സംശയമാണ്.
നിങ്ങൾ ഇന്നലെക്കണ്ട ചലച്ചിത്രങ്ങളുടെ എത്ര സീനുകൾ ഓർമ്മയുണ്ടാവും? പലതും മറന്നുപോയി എന്നാണുത്തരമെങ്കിൽ വടക്കൻ വീരഗാഥ ഒരിക്കൽക്കൂടിക്കണ്ടുനോക്കൂ. ചലച്ചിത്രാസ്വാദകരുടെയുള്ളിൽ പൊടിപിടിച്ചു കിടന്നവയെല്ലാം വെട്ടിത്തിളങ്ങുന്നതു നമുക്കുകാണാം. ഇന്നുതന്നെ സിനിമാഹാളിൽ പോയികാണുക. സങ്കൽപ്പിക്കാനാവാത്ത ആ അനുഭവം ആസ്വദിക്കുക. ഇന്നലത്തെ സായാഹ്ന ഷോയിൽ ഞാൻ പോകുമ്പോൾ തിരുവനന്തപുരത്തെ തിയേറ്ററിൽ 90% സീറ്റും നിറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.