പാരിസ്: പൂർണമായും എ.ഐ ജനറേറ്റഡ് ആയ 10,000ത്തോളം സംഗീത ട്രാക്കുകൾ ദിനംപ്രതി പുറത്തിറങ്ങുന്നുവെന്ന് വിഖ്യാത ഫ്രഞ്ച് സംഗീത സ്ട്രീമിങ് സേവനമായ ഡീസർ. ഇത് മൊത്തം പുറത്തിറങ്ങുന്ന സംഗീതത്തിന്റെ ഏകദേശം 10 ശതമാനം വരുമെന്നും അവർ പറയുന്നു. എ.ഐ ഡിറ്റക്ഷൻ ടൂൾ ലോഞ്ച് ചെയ്യുന്നതായി പ്രഖ്യാപിക്കുന്ന ആദ്യത്തെ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായി Deezer മാറി. എന്നാൽ, ഇന്ത്യയിൽ ഈ ടൂൾ ലഭ്യമല്ല.
‘ഡീസറിന്റെ’ സിസ്റ്റത്തിന് എ.ഐ ജനറേറ്റഡ് സംഗീതം കണ്ടെത്താനുള്ള ശേഷിയുണ്ട്. കൂടാതെ മതിയായ ഡേറ്റ ലഭ്യമാണെങ്കിൽ അത്തരം കൂടുതൽ സംഗീതം പ്ലാറ്റ്ഫോമിലേക്ക് ചേർക്കാനുള്ള ഓപ്ഷനുമുണ്ട്.
ഭാവിയിൽ പൂർണമായി എ.ഐ ജനറേറ്റഡ് ഉള്ളടക്കത്തിനായി ഒരു ടാഗിംഗ് സിസ്റ്റം വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതായി ‘ഡീസർ’ സി.ഇ.ഒ അലക്സിസ് ലാന്റ്നിയർ പറഞ്ഞു. മുൻനിര സംഗീത മോഡലുകളായ ‘ഉഡിയോയും ‘സുനോ’യും ആവിഷ്‍കരിച്ച എ.ഐ മോഡലുകളുടെ ജനപ്രീതി പാട്ടുകൾ സ്വയമേവ സൃഷ്ടിക്കുന്നത് എളുപ്പമാക്കി.
എന്നാൽ, മനുഷ്യൻ സൃഷ്ടിക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ എ.ഐക്ക് സംഗീതം നിർമിക്കാൻ കഴിയുമെന്നത് വിമർശകരെ ആശങ്കപ്പെടുത്തുന്നു. മൂന്ന് പ്രമുഖ സംഗീത കമ്പനികളായ യൂനിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്, സോണി മ്യൂസിക് എന്റർടെയ്ൻമെന്റ്, വാർണർ മ്യൂസിക് ഗ്രൂപ്പ് എന്നിവ പകർപ്പവകാശ ലംഘനത്തിന് സംഗീത മോഡലുകളായ സുനോക്കും ഉഡിയോക്കും എതിരെ സംയുക്തമായി കഴിഞ്ഞ വർഷം കേസ് നൽകിയിരുന്നു.
മെഷീൻ ജനറേറ്റഡ് ഉള്ളടക്കം ഉപയോഗിച്ച് വിപണിയെ നിറക്കുമെന്നും അത്തരം പ്ലാറ്റ്ഫോമുകൾ നിർമിച്ച ട്രാക്കുകൾ യഥാർത്ഥ ശബ്ദ റെക്കോർഡിങ്ങുകളുമായി നേരിട്ട് മത്സരിക്കുകയും അവയെ ആത്യന്തികമായി മുക്കിക്കളയുകയും ചെയ്യുമെന്ന് ഇവർ പറയുന്നു.
ജനപ്രിയ കലാകാരന്മാരും എ.ഐ ജനറേറ്റഡ് ആൽബങ്ങളുടെ ആക്രമണം നേരിടുന്നുണ്ട്. ‘മ്യൂസിക് നോവ സ്കോട്ടിയ’ അവാർഡ് ജേതാവായ കനേഡിയൻ സംഗീതജ്ഞൻ ഇയാൻ ജെയ്ൻസ് അടുത്തിടെ തന്റെ പേരിൽ തന്റെ സ്‌പോട്ടിഫൈ പ്രൊഫൈലിലേക്ക് എ.ഐ സൃഷ്ടിച്ച ആൽബം വ്യാജമായി ചേർത്തതായി പറയുന്നു.
അദ്ദേഹം പരാതിപ്പെട്ടതിനെത്തുടർന്ന് ആൽബം അദ്ദേഹത്തിന്റെ പ്രൊഫൈലിൽ നിന്ന് നീക്കംചെയ്തു. പക്ഷേ, ഒരു പ്രത്യേക പ്രൊഫൈലിൽ അത് പ്ലാറ്റ്‌ഫോമിൽ തുടരുന്നു. കൂടാതെ ഇയാൻ ജെയ്ൻസ് എന്ന പേരും ഉപയോഗിക്കുന്നു.
കാലിഫോർണിയ ഗിറ്റാർ-ഡ്രം ബാന്റ് ആയ ‘സ്റ്റാൻഡേർഡ്സ്’ കുറച്ച് മാസങ്ങൾക്ക് മുമ്പ് സമാനമായ ആക്രമണം നേരിട്ടിരുന്നു. അഞ്ച് ദശലക്ഷത്തിലധികം സംഗീത പ്രതിഭകളെ പ്രതിനിധീകരിക്കുന്ന ഇന്റർനാഷണൽ കോൺഫെഡറേഷൻ ഓഫ് സൊസൈറ്റീസ് ഓഫ് ഓതേഴ്‌സ് ആൻഡ് കമ്പോസേഴ്‌സ് (CISAC) ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്തിറക്കിയ ഒരു പഠനമനുസരിച്ച്, സംഗീത വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അടുത്ത നാല് വർഷത്തിനുള്ളിൽ അവരുടെ വരുമാനത്തിന്റെ നാലിലൊന്ന് നഷ്ടമാകുമെന്നാണ്.
2028ഓടെ, ജനറേറ്റിവ് എ.ഐ സംഗീതത്തിലെ വളർച്ച പരമ്പരാഗത സംഗീത സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ വരുമാനത്തിന്റെ 20 ശതമാനവും സംഗീത ലൈബ്രറികളുടെ വരുമാനത്തിന്റെ 60 ശതമാനവും കവരുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.