കെ.ജെ. ജോയ്
ഇരുനൂറിലറെ സിനിമകൾക്ക് സംഗീത സംവിധാനം ചെയ്ത പ്രതിഭയാണ് കെ.ജെ. ജോയ്. 12 ഹിന്ദി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതവും നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി 15ന്, 77ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ആരുടെയും കീഴിൽ ജോയ് ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. എന്നാൽ ഹിന്ദി സിനിമയിലെ എസ്.ഡി. ബർമനും ആർ.ഡി. ബർമനുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നു. കൂടാതെ, എം.എസ്. വിശ്വനാഥന്റെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. വിശ്വനാഥ രാമൻ മൂർത്തിക്കൊപ്പം തമിഴിൽ ചെയ്ത ‘പാലും പഴവും കൈകളിലേന്തി’ എന്ന ഗാനം ഇപ്പോഴും തമിഴ് ഹിറ്റ് ലിസ്റ്റിലുണ്ട്. ജോയ് റെക്കോഡിങ്ങിന് നമ്പർ വൺ സ്റ്റുഡിയോകൾക്കും മുന്തിയ ടെക്നീഷ്യൻമാർക്കും വേണ്ടി വാശിപിടിച്ചിരുന്നു. പി.കെ. ബാലകൃഷ്ണന്റെ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് ജോയ് സിനിമയിലെത്തുന്നത്. ‘കാലിത്തൊഴുത്തിൽ പിറന്നവനെ’ എന്ന അദ്ദേഹം ചിട്ടപ്പെടുത്തിയ ക്രിസ്മസ് ഗാനത്തെ വെല്ലാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. പിന്നീട് ‘അക്കരെയിക്കരെ നിന്നാലെങ്ങിനെ ആശ തീരും’, ‘മഴ പെയ്തു മണ്ണു കുളിർത്തു മല്ലീശ്വരൻ എയ്തെന്റെ മനം കുളിർത്തു’, ‘എൻ സ്വരം പൂവിടും’, ‘കസ്തൂരി മാൻമിഴി’, ‘സ്വർണമീനിന്റെ’... തുടങ്ങി നിരവധി പാട്ടുകൾ. മലയാള സിനിമാസംഗീതത്തിന് ജോയിയുടെ പുതിയ ശൈലി മാറ്റുകൂട്ടി. പാട്ടുകൾക്ക് പുതിയ വഴിത്തിരിവു വന്നു.
തൃശൂർ നെല്ലിക്കുന്ന് സ്വദേശിയാണ് ജോയ്. ഇടവക സെൻറ് സെബാസ്റ്റ്യൻ പള്ളി ക്വയർ വിഭാഗത്തിൽ യൗവനകാലത്ത് തിളങ്ങി. ചാലശ്ശേരിയച്ചന് കണ്ണിൽ പിടിച്ച ഇഷ്ട ഭക്തി ഗായകൻ. ചാലശ്ശേരിയച്ചൻ ഒരു മറക്കാത്ത സമ്മാനവും കൊടുത്തു. വിദേശത്തുള്ള അച്ചന്റെ ബന്ധു കൊടുത്ത കീബോർഡ്. അന്നത് സംഗീതലോകത്തിന് പുതുമയായിരുന്നു. നെഞ്ചിലമർത്തി പിടിച്ച് വിശറി നീർത്തി വായിക്കാവുന്ന പിയാനോ പോെല ഒന്ന്. പിന്നീട് പഞ്ഞമില്ലാതെ ട്യൂണുകൾ പിറന്നു. ഗാനമധുരിമ വിടരുന്ന സ്വരവീചികൾ ഇളകിമറഞ്ഞു. സ്വര ചാതുരി എല്ലാവരെയും വിസ്മയിപ്പിച്ചു.
അതിനിടെ വികാരിയച്ചൻ ഒരാശയം മുന്നോട്ടുെവച്ചു. അവഗണിക്കപ്പെടുന്ന കുഷ്ടരോഗികൾക്കുവേണ്ടി ഒരു പണപ്പിരിവ് സംഗീതയജ്ഞം നടത്തിയാലോ എന്നായിരുന്നു ആശയം. കേട്ടപാതി കെ.ജെയും ക്വയർ ടീമും സമ്മതിച്ചു. ദിവസങ്ങളോളം പ്രാക്ടിസ്. ഭക്തിഗാനങ്ങളായിരുന്നു അധികവും. ജോയ് ഈണമിട്ട ഒരു പുതിയ ഗാനവും കൂടെചേർത്തു. പുതുവത്സര അലങ്കാര വെളിച്ചമാർന്ന പള്ളി നടയിൽ പ്രഥമ ആലാപനം. പിന്നെ വീടുകൾ തേടിയിറങ്ങി. 1500 വീടുകളുള്ള വലിയ ഇടവക പള്ളിയാണ്. എല്ലായിടത്തും വലിയ സ്വീകരണമായിരുന്നു. പണം നിക്ഷേപിക്കാൻ ഉള്ളകം കാണാവുന്ന വെള്ള ചില്ല് സ്ക്വയർ ബോക്സ് നേരത്തേ ഒരുക്കിയിരുന്നു. അതിന് ഇരു അരികിൽ വെണ്ടക്കയക്ഷരത്തിൽ ഒരഭ്യർഥന എഴുത്തും ഒട്ടിച്ചു. ‘ദയവായി ചില്ലറയാരും ഇടരുത്. അബദ്ധത്തിൽ കുലുക്കിയാൽ ബോക്സ് പൊട്ടാം.’ ന്യായീകരണ സൂത്രം അസ്സലായി എന്ന് ജോയിയും പറഞ്ഞു.
നാലഞ്ചു ദിവസമെടുത്ത സംഗീതയജ്ഞം വൻവിജയം. പണം എണ്ണിയതും സംഗീതസംഘം ഭരീരഥ ക്ലേശങ്ങളെല്ലാം മറന്നു. മുഴുവൻ തുകയും പള്ളിയങ്കണത്തിൽ വിളിച്ചു വരുത്തിയ കുഷ്ഠരോഗികളുടെ നിറസാന്നിധ്യത്തിൽ അവരുടെ ക്ഷേമ പ്രവർത്തകന് കൈമാറി. അച്ചൻ അഭിനന്ദന നല്ലവാക്ക് പറയാനും മറന്നില്ല. കെ.ജെ. ജോയിയെ ചേർത്തുപിടിച്ച് അന്ന് പറഞ്ഞു, ‘നോക്കിക്കോ ഇവൻ അതിവേഗം സിനിമാ പാട്ടുകളുടെ സാമ്രാട്ടായി തീരും’ എന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.