പള്ളത്തെന്ന ഗാനരചന വിസ്മയം

തൃശൂര്‍: കുട്ടിക്കാലത്ത് തന്നെ എഴുത്തിന്റെ ലോകത്തേക്ക് എത്തിയ വ്യക്തിയായിരുന്നു പി. ഗോവിന്ദന്‍കുട്ടിയെന്ന ജി.കെ. പള്ളത്ത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ കവിത എഴുതിയാണ് അരങ്ങേറ്റം. എഴുത്തില്‍ ആകൃഷ്ടനായ സ്‌കൂളിലെ അധ്യാപകന്‍ നെല്ലുവായ് കെ.എന്‍. നമ്പീശന്‍ മാസ്റ്ററാണ് ജി.കെ. പള്ളത്ത് എന്ന തൂലിക നാമം നല്‍കിയത്. തൃശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി കവിത രചിച്ചു.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സഹപാഠിക്കൊപ്പം ചേര്‍ന്ന് ‘പ്രഭാതം’ കൈയ്യെഴുത്ത് മാസികക്കുവേണ്ടി ‘തിങ്കളിന്‍ ബിംബം മറഞ്ഞുപോയി, തങ്കക്കതിരവനുണര്‍ന്നു’ കവിത എഴുതി. 1958ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാന്‍ എഴുതിയ ‘രക്തതിരകള്‍ നീന്തിവരും’ എന്ന വിപ്ലവഗാനം കേരളമൊട്ടാകെ അക്കാലത്ത് ഏറ്റുപാടി. പിന്നീട് നാടകങ്ങള്‍ക്കും ബാലെകള്‍ക്കുമായി നിരവധി ഗാനങ്ങള്‍ രചിച്ചു. ഇതിനിടെ എഴുതിയ ‘ധൂര്‍ത്തുപുത്രി’, ‘കുടുംബവിളക്ക്’ എന്നീ നാടകങ്ങള്‍ വന്‍ വിജയമായതോടെ പ്രൊഫഷണല്‍ നാടകരംഗത്തും പള്ളത്ത് ശ്രദ്ധേയനായി.

പള്ളത്തിന്റെ ഗാനങ്ങളുടെ സമാഹാരമായ ‘ഗാനാര്‍ച്ചന’ എന്ന പുസ്തകം അടുത്തിടെയാണ് പുറത്തിറങ്ങിയത്. സാഹിത്യരംഗത്തിന് പുറമെ തൃശൂര്‍ പൂരത്തിന്റെ സംഘാടകസമിതിയിലും സജീവസാന്നിധ്യമായിരുന്നു. തിരുവമ്പാടി വിഭാഗത്തിന്റെ ആദ്യകാല സെലിബ്രേഷന്‍ കമിറ്റി ചെയര്‍മാനായിരുന്നു. ദേവരാജന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

Tags:    
News Summary - GK Pallath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.