കാഞ്ഞിരപ്പുഴ: കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തുകളെ കോർത്തിണക്കി ഹരിത ഊർജ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ച കാഞ്ഞിരപ്പുഴയിൽ നടന്നു. കാഞ്ഞിരപ്പുഴ ഡാമിൽ വാടിക സ്മിതം സംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിർദേശപ്രകാരം വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കാഞ്ഞിരപ്പുഴ ഡാം റോഡിന്റെ മുകളിലോ വശങ്ങളിലോ സൗരോർജ പാനലുകൾ ഘടിപ്പിച്ച് സോളാർ കോറിഡോർ സ്ഥാപിക്കും. രണ്ട് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവുന്ന പദ്ധതിക്ക് മൂന്നര കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ സാധ്യത പഠനം നടത്തും. കാഞ്ഞിരപ്പുഴയിൽ മിനി ജലവൈദ്യുതി, കാറ്റ് ഉപയോഗിച്ച് ഊർജം ഉൽപാദിപ്പിക്കുന്ന പദ്ധതി എന്നിവയുടെ സാധ്യതയും പരിശോധിക്കും. കൂടാതെ ആറ്റ്ല വെള്ളച്ചാട്ടം, വട്ടപ്പാറ വെള്ളച്ചാട്ടം എന്നിവ ഉപയോഗിച്ച് ജലവൈദ്യുതി പദ്ധതി തുടങ്ങണമെന്നും അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ സർക്കാറിന് നിർദേശം സമർപ്പിച്ചു. ഈ മൂന്ന് പദ്ധതിയും ഉൾപ്പെടുത്തിയാവും ഹരിത ഊർജകേന്ദ്രം യാഥാർഥ്യമാവുക. പദ്ധതിയെപ്പറ്റി വിശദമായ ചർച്ച ജനുവരി 11ന് നടക്കും. യോഗത്തിൽ അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ അധ്യക്ഷയായി.
കെ.എസ്.ഇ.ബി ഡിവിഷനൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രേംകുമാർ, സബ് എൻജിനീയർ സുരേഷ് ബാബു, ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ലവിൻസ് ബാബു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ബഷീർ, അനർട്ട് പ്രതിനിധി വിജേഷ്, ജില്ല പഞ്ചായത്ത് അംഗം റെജി ജോസഫ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചെപ്പോടൻ, കെ. പ്രദീപ്, ലിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.