നോമ്പുകാലത്ത് നിർജലീകരണത്തിനു സാധ്യത ഏറെയാണ്. നോമ്പ് തുറന്ന ഉടനും, രാത്രിയിലും ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഇതിന് പരിഹാരം. എന്നാൽ അമിത പഞ്ചസാരയും, കൃത്രിമ മധുരപദാർഥങ്ങളും,നിറങ്ങളും അടങ്ങിയ ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇവ ശരീരത്തിന് ദോഷം ചെയ്യും.
ഈത്തപ്പഴം പഞ്ചസാരയുടെ സ്വാഭാവിക ഉറവിടമാണ്. നോമ്പ് തുറന്നതിന് പിറകെ ഈത്തപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കും.
നോമ്പുതുറക്കുന്ന സമയത്ത് സൂപ്പുകൾ കഴിക്കുന്നവർ പോഷക സമ്പുഷ്ടമായവ തിരഞ്ഞെടുക്കുക.
ക്രീം അടങ്ങുന്ന സൂപ്പുകൾ ഒഴിവാക്കുക.
ഗ്രീൻ സലാഡുകൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ഇത് എല്ലായ്പ്പോഴും ആരോഗ്യകരമാണ്. പലതരം പോഷകങ്ങളും വിറ്റമിനുകളും ധാതുക്കളും നാരുകളും അടങ്ങിയതിനാൽ ഇവ ശരീരത്തിന് ഗുണകരമാണ്.
ഇഫ്താർ വിരുന്നിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകണം. കാർബോഹൈഡ്രേറ്റ് അടങ്ങിയ ബ്രൗൺ റൈസ്, ഹോൾ ഗ്രെയിൻ പാസ്ത, ഹോൾ ഗ്രെയിൻ ബ്രെഡ്, ഉരുളക്കിഴങ്ങ് എന്നിവ നല്ലതാണ്. കാർബോഹൈഡ്രേറ്റ് ഊർജത്തിന്റെയും നാരുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്.
ലീൻ പ്രോട്ടീനുകൾ ഭക്ഷണത്തിൽ വളരെ പ്രധാനമാണ്. മാട്ടിറച്ചി, മത്സ്യം, മുട്ട, കോഴി എന്നിവയിൽ ഇവ ഉണ്ട്. പാലും തൈരും പലതരം അമിനോ ആസിഡുകളാലും സമ്പന്നമാണ്. പൂരിത കൊഴുപ്പുകൾ ഒഴിവാക്കുക. കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. വെജിറ്റേറിയൻ ഇഷ്ടപ്പെടുന്നവർക്ക് പയർവർഗങ്ങൾ, ബീൻസ്, നട്സ് എന്നിവ കഴിക്കാം.
നോമ്പ് തുറന്ന ഉടൻ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഉത്തമം. വെള്ളവും ഈത്തപ്പഴവും ഉപയോഗിച്ചു നോമ്പ് തുറക്കാം. പ്രധാന ഭക്ഷണം കഴിക്കാൻ കുറച്ച് സമയം നൽകുക.സാവധാനം കഴിക്കുക, മിതമായി കഴിക്കുക. ഇവ ശരീരഭാരം കൂടാതെ നിലനിർത്താൻ സഹായിക്കും.
പഞ്ചസാര, കൊഴുപ്പ്, സോഡിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. വറുത്ത ഇനങ്ങളും ഒഴിവാക്കണം. ചുട്ടതും ആവിയിൽ വേവിച്ചതും, ഗ്രിൽ ചെയ്തതുമായ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക. ഉപ്പ്, പഞ്ചസാര എന്നിവക്ക് പകരം ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കാം. പഴങ്ങൾക്ക് പ്രാധാന്യം നൽകാം. മിഠായികൾ, കേക്ക്, മറ്റ് കൃത്രിമ മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കാം.
നോമ്പുള്ളവർ അമിതമായി വ്യായാമം ചെയ്യരുത്. നടത്തം പോലെ ചെറിയ വ്യായാമങ്ങൾ ചെയ്യാം.
പുലരുന്നതിന് മുമ്പും, സൂര്യാസ്തമയത്തിനു ശേഷവുമാണ് ഇതു നല്ലത്.
ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പ്രത്യേകിച്ച് ഹൃദ്രോഗം, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, ഗർഭിണികളും മുലയൂട്ടുന്നവരും, പ്രമേഹരോഗികൾ എന്നിവർ ഉപവാസത്തിന് മുമ്പ് ഡോക്ടറെ സമീപിച്ച് ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ നിർദേശങ്ങൾ തേടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.