വീട്ടിൽ തയ്യാറാക്കാം കറാച്ചി സ്റ്റൈലിൽ ചിക്കൻ തവ ഫ്രൈ

ചിക്കൻ ഫ്രൈ നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവമാണല്ലോ. ഡ്രൈ ഫ്രൈ ആയിട്ടാണ് നമ്മൾ കൂടുതലും കാണാറുള്ളത്. എന്നാൽ, ഈ തവാ ഫ്രൈ സാധാരണ ചിക്കൻ ഫ്രൈയിൽ നിന്നും തികച്ചും വ്യത്യാസമായി കുറച്ചു ഗ്രേവിയോടു കൂടിയുള്ളതാണ്. നല്ല ചൂടുള്ള റൊട്ടിയുടെ കൂടെയും നാനിന്‍റെ കൂടെയുമെല്ലാം കഴിക്കാൻ പറ്റിയ വിഭവം.

പെട്ടെന്ന് തന്നെ തയ്യാറാക്കിയെടുക്കാവുന്നതുമാണ്. പാകിസ്ഥാനി റസ്റ്റാറന്‍റുകളിലെ പ്രധാനപ്പെട്ട വിഭവം കൂടിയാണിത്. ഉള്ളിയും തക്കാളിയും ഇഞ്ചി വെളുത്തുള്ളിയും മുളക്‌പൊടിയും നല്ലജീരകപ്പൊടിയും എല്ലാം ചേർത്തിണക്കി ഉണ്ടാക്കുന്ന ഒരു രുചികരമായ വിഭവം.

ചേരുവകൾ:

1. ചിക്കൻ - 1 കിലോ

2. മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ

3. ഉപ്പ് - ആവശ്യത്തിന്

4. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 ടേബിൾ സ്പൂൺ

5. തക്കാളി - ഒന്നര

6. മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ

7. കാശ്‍മീരി ചില്ലി പൗഡർ - 1 ടേബിൾസ്പൂൺ

8. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

9. നല്ലജീരകം പൊടി - 1/2ടീസ്പൂൺ

10. ഗരം മസാല -1/2 ടീസ്പൂൺ

11. മല്ലിയില - ഒരു പിടി (അരിഞ്ഞത്)

12. പച്ചമുളക് -1 എണ്ണം (ചെറുതായി അരിഞ്ഞത്)

13. ഇഞ്ചി - ചെറിയ കഷ്ണം (നീളത്തിൽ അരിഞ്ഞത്)

14.നാരങ്ങാ നീര് -1 ടേബിൾസ്പൂൺ

15. സവാള - 1 ചെറുത്

16. വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

 1. ചിക്കൻ കഴുകി വൃത്തിയാക്കിയ ശേഷം മഞ്ഞൾ പൊടി, ഉപ്പ്, മുളക് പൊടി ഇട്ടു മാരിനേറ്റ് ചെയ്തു വെക്കണം. ഒരു പാൻ ചൂടാക്കി എണ്ണയൊഴിച്ചു അതിലേക്ക് മാരിനേറ്റ് ചെയ്തു വച്ച ചിക്കൻ കഷ്ണങ്ങൾ ഇട്ടു കൊടുക്കുക.

 2. രണ്ടു വശവും ഒന്ന് ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.

 3. ഇതിലേക്ക് തക്കാളി പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കി അടച്ചുവച്ചു വേവിക്കുക.

 4. അതിനുശേഷം മല്ലിപ്പൊടി, കാശ്മീരി ചില്ലി പൌഡർ, മഞ്ഞൾ പൊടി, ജീരകപ്പൊടി ഇവ ചേർത്തിളക്കി 1/4 ഗ്ലാസ് വെള്ളവും ഒഴിച്ചു അടച്ചു വെച്ചു 10 മിനിറ്റ് വേവിച്ചെടുക്കുക.

 5. സവാള ചെറുതായി അരിഞ്ഞത്‌ നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് അഞ്ച്​ മിനിറ്റ് വേവിക്കാം.

 6. പച്ചമുളക് ചെറുതായി അരിഞ്ഞതും ഇഞ്ചി നീളത്തിൽ അരിഞ്ഞതും ഗരം മസാലയും ചേർത്ത് വീണ്ടും അഞ്ച്​ മിനിറ്റു കൂടി കുക്ക് ചെയ്യാം.

 7. അതിനുശേഷം മല്ലിയില ചേർത്ത്​ അലങ്കരിക്കാം.

സ്വാദിഷ്ടമായ കറാച്ചി സ്റ്റൈൽ ചിക്കൻ തവ ഫ്രൈ റെഡി.

Tags:    
News Summary - food recipes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.