ഒഡിഷയിലെ 'ചോണനുറുമ്പ് ചമ്മന്തി' ഇനി വേറെ ലെവൽ! ലഭിച്ചിരിക്കുന്നത് ഭൗമസൂചിക പദവി

ഭുവനേശ്വർ: ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ഗോത്രമേഖലയിലെ ഭക്ഷ്യവിഭവമായ ചോണനുറുമ്പ് ചമ്മന്തിക്ക് (കയി ചട്ണി) ഭൗമസൂചിക പദവി. ചുവന്ന നെയ്ത്തുകാരൻ ഉറുമ്പുകളെ ഉപയോഗിച്ച് തയാറാക്കുന്ന ഏറെ പ്രത്യേകതകളുള്ള വിഭവമാണ് കയി ചട്ണി. ഒരു പ്രത്യേക ഉൽപ്പന്നം അത് നിർമിക്കുന്ന പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി ചേർന്നുകിടക്കുമ്പോഴാണ് ഭൗമസൂചിക പദവി ലഭിക്കുക.

'ഈകോഫില സ്മരാഗ്ദിന' എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഉറുമ്പുകളെയാണ് കയി ചട്ണിക്കായി ഉപയോഗിക്കുന്നത്. ഇതിന് ഏറെ പോഷകഗുണമുണ്ടെന്നാണ് കരുതപ്പെടുന്നത്.




 

മയൂർഭഞ്ജിലെ കാടുകളിൽ നിന്നാണ് ഉറുമ്പുകളെ കൂടോടെ പിടിക്കുന്നത്. തുടർന്ന് ഉറുമ്പുകളെയും ഉറുമ്പുമുട്ടകളെയും വൃത്തിയാക്കി അതിൽ ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവ ചേർക്കും. ഇത് അരച്ചാണ് ചമ്മന്തിയുണ്ടാക്കുന്നത്. ഒഡിഷ കൂടാതെ ഝാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ ഗോത്രമേഖലകളിലും ഈ ഉറുമ്പുചമ്മന്തി ഉണ്ടാക്കുന്നുണ്ട്.

വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമായാണ് ഗോത്രവർഗക്കാർ ചോണനുറുമ്പ് ചമ്മന്തി ഉപയോഗിക്കുന്നത്. ജലദോഷം, ചുമ, ജലദോഷപ്പനി, ശ്വാസതടസം, ക്ഷീണം തുടങ്ങി രോഗങ്ങള്‍ക്കുള്ള മരുന്നായാണ് ഇത് തയാറാക്കുന്നത്. ഉറുമ്പുകളെ പിടിച്ച് വിറ്റ് ഉപജീവനമാർഗം തേടുന്നവരും ഏറെയാണ്. 

Tags:    
News Summary - Odisha's red ant chutney gets GI tag, all you need to know about this superfood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.