തലശ്ശേരി: ബ്രണ്ണൻ കോളജ് കാമ്പസിൽ മായ സുരേഷിന്റെ ‘കഫേ ബി’ വെള്ളിയാഴ്ച മുതൽ പ്രവർത്തനസജ്ജമായി. ആവേശത്തോടെയാണ് വിദ്യാർഥികളും അധ്യാപകരും സംരംഭത്തെ വരവേറ്റത്. സംസ്ഥാനത്ത് ഇതാദ്യമായാണ് സർക്കാർ കോളജിൽ ട്രാൻസ് വുമണിന്റെ നേതൃത്വത്തിൽ ഇത്തരമൊരു സംരംഭം തുടങ്ങുന്നത്. ഉദ്ഘാടനത്തിനെത്തിയ അതിഥികളെയും വിദ്യാർഥികളെയും മധുരം നൽകി സ്വീകരിച്ചു. കണ്ണൂർ താണയിൽ താമസിക്കുന്ന മായ സുരേഷിന്റെ രണ്ടാമത്തെ സംരംഭമാണിത്.
കോളജ് വിദ്യാർഥികൾക്ക് രുചിയൂറുന്ന ലഘു ഭക്ഷണങ്ങളും പാനീയങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബ്രണ്ണൻ കോളജ് കാമ്പസിൽ സംരംഭം തുടങ്ങിയത്. സ്ഥിരം എണ്ണ പലഹാരങ്ങളിൽനിന്ന് മാറി സാൻഡ് വിച്ച്, ബർഗർ, ചിക്കൻ റോൾ തുടങ്ങിയ ന്യൂ ജെൻ വിഭവങ്ങൾക്കാണ് മുൻഗണന. പാചകത്തോടുള്ള താൽപര്യമാണ് സംരംഭം തുടങ്ങാൻ പ്രേരണയായത്.
ആറ് മാസം മുമ്പ് കണ്ണൂർ ആയിക്കര ഹാർബറിൽ ‘മി കൂൾ’ എന്ന പേരിൽ ലഘു ഭക്ഷണശാല തുടങ്ങിയിരുന്നു. ഇതിന്റെ പ്രവർത്തനം വിജയകരമായി തുടരുന്നതിനിടയിലാണ് ബ്രണ്ണൻ കോളജിൽ ‘കഫേ ബി’ തുടങ്ങാൻ ഇവർ താൽപര്യം പ്രകടിപ്പിച്ചത്. സർക്കാർ കോളജ് കാമ്പസിൽ കോഫി ഷോപ്പ് തുടങ്ങാൻ സാധിച്ചതിൽ മായ ഹാപ്പിയാണ്. മറ്റ് ട്രാൻസ് ജെൻഡറുകൾക്കും ഇത്തരം സംരംഭങ്ങൾ വലിയ പ്രചോദനമാകുമെന്നാണ് മായ മനസ്സിൽ കാണുന്നത്. ആസ്വാദ്യകരമായ ഭക്ഷണം നൽകിയാൽ സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടുപോകാനാവുമെന്നാണ് മായ സുമേഷിന്റെ വിശ്വാസം.
ബ്രണ്ണൻ കോളജിൽ 10 പേർക്ക് ഇരുന്ന് കഴിക്കാനുളള സൗകര്യവും ഒരു സഹായിയും കഫേയിലുണ്ട്. ജില്ല സാമൂഹിക നീതി വകുപ്പ്, കണ്ണൂർ ആസ്റ്റർ മിംസ്, ആസ്റ്റർ വളന്റിയേഴ്സ്, തളിപ്പറമ്പ് അത്താഴക്കൂട്ടം, ഹെൽത്ത് ലൈൻ സുരക്ഷ പ്രോജക്ട് എന്നിവരാണ് മായയുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നത്.
കോളജിൽ ഓഡിറ്റോറിയത്തിനടുത്താണ് ‘കഫേ ബി’ തുടങ്ങിയത്. കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജി വിൻസി ആൻ പീറ്റർ ജോസഫ് മുഖ്യാതിഥിയായി. കോളജ് പ്രിൻസിപ്പലും അധ്യാപകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.