നമ്മുടെ നാട്ടിൽ അറബിക് രുചികളായ അൽഫഹാമും കുഴിമന്തിയുമൊക്കെ പെട്ടിക്കടകൾ തോറും അണിനിരക്കുമ്പോൾ അവഗണനയുടെ കണ്ണീർ രുചിച്ചത് അയൽപക്കത്തെ ചൈനീസ് വിഭവങ്ങളാണ്. സ്പ്രിങ് റോളും ചില്ലി ചിക്കനും മഞ്ജൂരിയനും തുടങ്ങി നൂഡിൽസിനെ വരെ വല്ലപ്പോഴുമൊക്കെ പ്ലേറ്റിലേക്ക് എടുത്തുവെച്ചാലായി. എന്നാൽ സാക്ഷാൽ ചൈനയിൽ കാര്യങ്ങൾ അൽപം വ്യത്യസ്തമാണ്. അവിടത്തുകാർ ഇന്ന് ഇന്ത്യൻ വിഭവങ്ങളിലേക്ക് നാവുനീട്ടുകയാണെന്ന് കേട്ടാൽ ഞെട്ടണ്ട!
നോർത്തിന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന റസ്റ്റാറൻറുകൾ ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ കോവിഡ് കാലത്ത് നമ്മുടെ നാട്ടിൽ തുടങ്ങിയ മീൻതട്ടുകൾ പോലെ വളരുകയാണ്. തട്ടുകടകൾ തുടങ്ങി വമ്പൻ റസ്റ്റാറൻറുകളിൽ വരെ ഇന്ത്യൻ വിഭവങ്ങൾ തേടി ചൈനക്കാർ മനസ്സിലാകാത്ത ഭാഷയിൽ ചോദിച്ചു കൊണ്ടിരിക്കുന്നു. ഫുഡ് വിശേഷങ്ങൾ വിളമ്പുന്ന 'ഫ്ലേവേഴ്സ് ഓഫ് ബെയ്ജിങ്' ചാനലിലെ ലിനേ ലിൻ ചൈനക്കാരുടെ ഈ ഇന്ത്യൻ പ്രേമം വിവരിക്കുന്നുണ്ട്.
താലി മീൽസും ഇന്ത്യൻ കറിയും സമൂസയും ബട്ടർ ചിക്കനുമൊക്കെ ചീനക്കാരുടെ ഫേവറിറ്റായി. 2015ൽ താൻ െബയ്ജിങ്ങിൽ എത്തുമ്പോൾ ഇന്ത്യൻ വിഭവങ്ങളോട് ചൈനക്കാർ അത്ര ഇഷ്ടം കൂടിയിട്ടുണ്ടായിരുന്നില്ലെന്ന് ബെയ്ജിങ്ങിൽ റസ്റ്റാറൻറ് മാനേജരായ ചന്ദൻ കുമാർ ബൻജ വിവരിക്കുന്നു. പേക്ഷ, ഇന്ന് ചുറ്റിലും കണ്ണോടിക്കുേമ്പാൾ ഇന്ത്യൻ റസ്റ്റാറൻറുകളും അവയിൽ വരുന്ന ചൈനക്കാരും പെരുകിയതു കാണാം. ഇതിനു പിന്നിൽ ഒരു ബോളിവുഡ് ബന്ധവും അദ്ദേഹം പറയുന്നുണ്ട്.
സ്ക്രീൻ ഫുഡ്സ്
ചൈനയിൽ സൂപ്പർ ഹിറ്റായി ഓടിയ ദങ്കൽ, ബജ്റംഗി ബായ്ജാൻ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് ഇന്ത്യൻ വിഭവങ്ങൾ ചീനക്കാരുടെ മനസ്സിൽ കുടിയേറിയത്. ആമിർ ഖാനും സൽമാൻ ഖാനും ഷാറൂഖ് ഖാനും പോലെ അവർക്ക് പ്രിയപ്പെട്ടതായി, ലേശം എരിവും പുളിയും കൂടിയ പനീറും തണ്ടൂരിയുമൊക്കെ. താലി മീൽസ് പലപ്പോഴും ഇരുകൈയും കൊണ്ടാണ് ചൈനക്കാർ കഴിക്കുന്നതെന്നു മാത്രം. അത്രക്കല്ലേ, വിഭവങ്ങൾ. ചെമ്പ് പാത്രത്തിൽ വിളമ്പിത്തന്നെ കഴിക്കണമെന്ന മോഹവുമായാണ് ചൈനക്കാർ എത്തുന്നതെന്ന് ആറു വർഷമായി െബയ്ജിങ്ങിൽ കുക്കായ കൊൽക്കത്തക്കാരൻ റബീഉൽ പറയുന്നു.
കുടുംബ കഥ, വിദ്യാഭ്യാസം, ഗ്രാമീണ നഗര വ്യത്യാസം തുടങ്ങിയവയൊക്കെ വിഷയമായ ബോളിവുഡ് ചിത്രങ്ങളാണ് ചീനക്കാരെ ആകർഷിച്ചത്. അതോടൊപ്പം ചിത്രത്തിൽ കാണിക്കുന്ന ഇന്ത്യൻ വിഭവങ്ങൾ കണ്ടുകണ്ട് ചൈനീസ് നാവുകളിലെ രസമുകുളങ്ങളും ഉണർത്തി. ഭക്ഷണത്തോട് ആദരവും നന്ദിയും പ്രകടിപ്പിക്കുന്ന ഇന്ത്യൻ രീതികളും അവർക്ക് പ്രിയങ്കരമായി.
ചൈനക്കാർക്ക് ഏറ്റവും പ്രിയംകൂടിയ ഇന്ത്യൻ ആക്ടർ ആമിർ ഖാൻ തന്നെ. എന്നാൽ ഈ 'മിസ്റ്റർ പെർഫക്ട്' ജൂലൈയിൽ ഡൈവോഴ്സ് വെളിപ്പെടുത്തിയതോടെ ചൈനീസ് ആരാധകർ രണ്ടുതട്ടിലായി. 15 വർഷത്തെ ദാമ്പത്യബന്ധമാണ് നിർമാതാവ് കൂടിയായ കിരൺ റാവുവുമായി വേർപിരിഞ്ഞതോടെ ഇല്ലാതായത്. ഇതോടെ സാമൂഹിക വിഷയങ്ങളിൽ കാര്യമായി ഇടപെടുന്ന ആമിറിെൻറ പോസിറ്റിവ് ഇമേജിൽ കരിനിഴൽ വീണെന്ന് ഒരുകൂട്ടം ചൈനീസ് ആരാധകർ ചൂണ്ടിക്കാട്ടുന്നു. സ്നേഹധനനായ ഭർത്താവെന്ന ആമിർ ഇമേജിനായിരുന്നുവത്രെ ചീനക്കാരുടെ ഇഷ്ടം.
ത്രീ ഇഡിയറ്റ്സ് മുതലുള്ള ഇഷ്ടം
2011ൽ ത്രീ ഇഡിയറ്റ്സ് ആദ്യം ചൈനയിൽ പ്രദർശിപ്പിച്ചപ്പോൾ മുതലാണ് ആമിർ അവിടത്തുകാരുടെ മനസ്സിൽ ഇടംപിടിച്ചത്. പത്തിൽ 9.2 റിവ്യൂ സ്കോറാണ് ചൈനീസ് മീഡിയ ചിത്രത്തിന് നൽകിയത്. 'അങ്കിൽ മി' എന്ന് താരത്തെ ആരാധകർ വിളിച്ചുശീലിച്ചു. നമ്മൾ 'ജാക്കി ചാൻ, മേരാ ജാൻ' എന്ന് വിളിക്കുന്നതു പോലെ ചൈനീസ് കുട്ടികളും സ്ത്രീകളും ആമിർ പടങ്ങൾ കാണാൻ പിന്നെ തിയറ്ററുകളിൽ ഇടിച്ചുകയറിത്തുടങ്ങി.
ദങ്കലും സീക്രട്ട് സൂപ്പർസ്റ്റാറുമൊക്കെ ചൈനീസ് യുവാൻ വാരിക്കൂട്ടി. ദങ്കൽ മാത്രം 180 ദശലക്ഷം ഡോളർ കൊണ്ടു പോയെന്നാണ് കണക്ക്. ഇനി ആമിർ ചിത്രം ചൈനയിൽ പ്രദർശിപ്പിക്കാൻ എത്തിച്ചാൽ അതിന്‍റെ പേരായി 'സ്റ്റാറിങ് ആമിർ ഖാൻ' എന്ന് മാത്രം കൊടുത്താൽ മതിയെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു ആരാധകൻ കുറിച്ചിട്ടത്. എന്താല്ലേ...?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.