കറന്‍റ് ചാർജ് കൂടിയോ, സോളാറിലേക്ക് മാറിയാലോ; നോക്കാം ശ്രദ്ധിക്കേണ്ടവ

കറന്‍റിനൊക്കെ എന്താ വിലയല്ലേ. ചൂടാണെങ്കിലോ കുറവുമില്ല. നികുതിയും മറ്റും കൂടുന്ന ഈ സമയത്ത് കറന്‍റ് അധികം ഉപയോഗിച്ചാൽ പണികിട്ടും എന്ന് ഉറപ്പാണല്ലേ. വിഷമിക്കേണ്ട, സോളാറുണ്ടല്ലോ.

സോളാർ പൈനലുകൾ വഴി സംഭരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നത് കറന്‍റ് ബില്ല് കുറക്കാനുള്ള നല്ല പോംവഴിയാണ്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന എമർജൻസി ലാമ്പുകൾ മുതൽ സ്ട്രീറ്റ് ലൈറ്റുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്. പക്ഷേ പലരും സോളാർ പാനൽ സ്ഥാപിക്കാൻ ഇപ്പോഴും വിമുഖത കാണിക്കുന്നുണ്ട്. സോളാർ സ്ഥാപിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പരിശോധിച്ചാലോ.

1. അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക, പ്രത്യേകം വയറിങ് നടത്താം

സോളർ പാനൽവഴി ഉൽപാദിപ്പിക്കുന്ന ഡയറക്ട് കറന്റ് അത്യാവശ്യത്തിനുള്ള ലൈറ്റും, ഫാനുകളും പ്രത്യേക വയറിങ് നടത്തി പ്രവർത്തിപ്പിച്ചാൽ ചെലവ് കുറയ്ക്കാം.

2. പാനലുകളുടെ എണ്ണം വർധിപ്പിച്ച് ഇൻവർട്ടർ സ്ഥാപിക്കാം

വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ എല്ലാം പ്രവർത്തിപ്പിക്കണമെങ്കിൽ ഡി.സി. കറന്റിനെ എ.സി കറന്‍റാക്കി മാറ്റി വോൾട്ടേജ് ഉയർത്തേണ്ടി വരും. അതിനായി പാനലുകളുടെ എണ്ണം വർധിപ്പിച്ച് ഇൻവേർട്ടറുകൾ സ്ഥാപിക്കുകയും ചെയ്യണം.

3. ദിശ ശ്രദ്ധിക്കാം, അകലവും

മേൽക്കൂരയിൽ തെക്കുപടിഞ്ഞാറ് ദിശ തിരിച്ച് വേണം പാനൽ ഉറപ്പിക്കേണ്ടത്. സോളർ ഹീറ്റർ പാനലുകൾ വാട്ടർ ടാങ്കിന്റെ അടിവശത്തു നിന്ന് അഞ്ചടി താഴ്ത്തി വെക്കാനും ശ്രദ്ധിക്കണം.

4. സമയമുണ്ട്, ധൃതി വേണ്ട

സോളർ വാട്ടർഹീറ്ററുകൾ സ്ഥാപിക്കുന്ന സ്ഥലം വരെ പൈപ്പിങ് ജോലികൾ പൂർത്തിയാക്കിയാൽ പിന്നീടാണെങ്കിലും സോളർ ഹീറ്റർ സ്ഥാപിക്കാനാകും.

5. പൈപ്പുകളിൾ ശ്രദ്ധ വേണം

ബാത്റൂമുകളിലെ ചൂടുവെള്ളത്തിനും, തണുത്ത വെള്ളത്തിനും കൺസീൽഡായി ഉയർന്ന നിലവാരമുള്ള സി.പി.വി.സി.യും പി.പി.ആർ. പൈപ്പുകളുമാണ് നൽകേണ്ടത്.

6. ജലം അടുക്കളയിലേക്കും

സോളർ ഹീറ്റർ വഴിയെത്തുന്ന ജലം അടുക്കളയിലെ പാചകാവശ്യങ്ങൾക്കും ഉപയോഗിക്കാം. കളക്ഷൻ ടാങ്കിന് ഉന്നതനിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീലാണ് ഉപയോഗിക്കുന്നത്. ഇത് വെള്ളം സുരക്ഷിതമാണോ എന്ന ഭയം ഇല്ലാതാക്കും.

7. ഗുണനിലവാരം നോക്കി വാങ്ങാം

സോളർ ഉൽപന്നങ്ങൾക്ക് സർക്കാരുകൾ സബ്സിഡി നൽകുന്നുണ്ട്. പദ്ധതിയോട് സഹകരിക്കുന്ന സോളർ ഉത്പാദക കമ്പനികൾക്ക് സബ്സിഡി ലഭിക്കും. ഇതിൽ കാലാനുസൃതമായ മാറ്റങ്ങളുമുണ്ടാകാം. വിവിധ കമ്പനികളുടെ വിലനിലവാരം പരിശോധിച്ചേ സോളർ ജനറേറ്ററുകൾ ബുക്ക് ചെയ്യാവൂ.

8. എൽ.ഇ.ഡിക്കൊപ്പം ഫിലമെന്‍റും പ്രകാശിക്കട്ടെ

സോളർ വൈദ്യുതി പ്രയോജനപ്പെടുത്തുന്ന സ്ഥലങ്ങളിൽ എൽ.ഇ.ഡി ബൾബുകളാണ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. ഇതിന് പകരം സിഫ് ലാമ്പുകളോ, ട്യൂബ് ലൈറ്റുകളോ, ഫിലമെന്റ് ബൾബുകളോ പ്രകാശിപ്പിക്കുന്നതിനും തടസ്സമില്ല.

9. ഇടവിട്ട് വെയിലും മഴയും ആശ്വാസം

സോളർ പാനലുകളുടെ ഉത്പാദനം മഴക്കാലത്ത് കുറവായിരിക്കും എന്നത് പ്രതിസന്ധിയാണ്. എന്നിരുന്നാലും ഇടവിട്ട് മഴയും വെയിലും ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയിൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാറുണ്ടെന്നത് സോളാർ വൈദ്യുതി ഉത്പാദനത്തിന് സഹായകമാണ്.

10. വിലനിലവാരം മാത്രമല്ല, ഗുണനിലവാരവും നോക്കാം

സോളർ എനർജിക്കായി നാം തെരഞ്ഞെടുക്കുന്ന ബ്രാൻഡിന്റെ വിലനിലവാരത്തോടൊപ്പം സർവീസിങ് മേന്മയും പരിഗണിക്കണം. മുൻപ് ഈ ബ്രാൻഡ് ഉപയോഗിച്ച ഉപഭോക്താവിനോടു തന്നെ തിരക്കി ഗുണനിലവാരം ഉറപ്പാക്കുന്നതാണ് നല്ലത്.

Tags:    
News Summary - Tips to note before installing solar panel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.