ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത വീടിന്‍റെ ഉൾവശം

വീട് മനോഹരമാക്കാൻ നല്ലത്‍ ഏത് പ്ലാസ്റ്ററിങ്?

എന്റെ വീട് പണി നടന്ന് കൊണ്ടിരിക്കുമ്പോഴെ, വീടിന്റെ ഉൾവശത്ത് ജിപ്സം പ്ലാസ്റ്ററിങ് ചെയ്താലോ എന്ന ഒരു ചിന്ത മനസ്സിൽ ഉദിച്ചിരുന്നു. അതു കൊണ്ട് തന്നെ പുറം പ്ലാസ്റ്ററിങ് വളരെ സ്‌ട്രോങ് ആകേണ്ടതും വാട്ടർപ്രൂഫിങ് ഉള്ളതാകേണ്ടതും അത്യാവശ്യമായിരുന്നു. അതിനു വേണ്ടി എസ്.ബി.ആർ ലാറ്റക്സ് (SBR Latex) ചേർത്ത് കൊണ്ട് 1:4 എന്ന റേഷിയോയിൽ ആയിരുന്നു പുറംഭാഗത്തെ പ്ലാസ്റ്റർ ചെയ്തതും.

ശേഷം ജിപ്സം പ്ലാസ്റ്ററിങ്ങിനെ കുറിച്ച് ഞാൻ നന്നായി പഠിക്കുവാൻ തുടങ്ങി. അതിനായി ആദ്യം തന്നെ ഇതുവരെ ജിപ്സം പ്ലാസ്റ്റർ ചെയ്തവരുടെ അനുഭവം ചോദിച്ചു മനസ്സിലാക്കുവാൻ തുടങ്ങി. അതിൽ 10 വർഷം മുൻപ് വരെ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തവർ നാട്ടിൽ തന്നെയുണ്ടെന്നത് എന്നേ അത്ഭുതപെടുത്തുന്ന ഒരു കാര്യമായിരുന്നു. അങ്ങനെയാണ് എന്റെയും അനിയന്റെയും വീടിന്റെ അകംവശത്ത് ജിപ്സം പ്ലാസ്റ്റർ തന്നെ ചെയ്യാമെന്ന തീരുമാനത്തിൽ അവസാനം എത്തിയത്.

ജിപ്സം പ്ലാസ്റ്ററിങ്

എന്റെ പഠനത്തിൽ എനിക്കു മനസ്സിലായ കാര്യങ്ങളാണ് ഇനി ഞാൻ ഇവിടെ പറയുവാൻ പോകുന്നത്. ജിപ്സം പ്ലാസ്റ്ററിങ്ങിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്ന് പറയേണ്ടി വരും.

ആദ്യം ജിപ്സം പ്ലാസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

1, ഈർപ്പം തട്ടിയാൽ ജിപ്സം പ്ലാസ്റ്ററിങ് ഒരു മഞ്ഞ കളർ ആകുവാൻ സാധ്യതയുള്ളതിനാൽ ലീകേജിന് സാധ്യതയുള്ള ഭാഗങ്ങൾ (സൺ ഷൈഡ്, പ്രൊജക്ഷൻ ഉള്ള ചുമരുകൾ, ഓപ്പൺ ടെറസ്, റൈസിങ് ഡാംപ്നെസ് (Dampness) വരാൻ സാധ്യതയുള്ള ചുമരുകൾ) ആദ്യം തന്നെ വാട്ടർപ്രൂഫ് പ്രൊട്ടക്ഷൻ ആക്കി ഇട്ടിരിക്കണം.

2, വെള്ളത്തിന്റെ ഉപഭോഗം വരുന്ന ബാത് റൂം ചുമുരുകൾ, കിച്ചൻ ചുമരുകൾ, വാഷ് ബേസിനടുത്തുള്ള ചുമരുകൾ, സിറ്റ്ഔട്ട്‌ ഏരിയ, വർക്ക്‌ഔട്ട്‌ ഏരിയ തുടങ്ങിയ ഭാഗങ്ങൾ സിമന്റ്‌ പ്ലാസ്റ്റർ കൊണ്ട് ചെയ്യുന്നതാകും ഉചിതം.

3, ജിപ്സം പ്ലാസ്റ്റർ ചെയ്യുമ്പോൾ ജോയിന്റ്സ്, ഇലക്ട്രിക്കൽ കണക്ഷൻ പോകുന്ന ഭാഗങ്ങൾ മുതലായവ ഫൈബർ മേഷ് വച്ചു കൊണ്ടായിരിക്കണം ജിപ്സം പ്ലാസ്റ്ററിങ് ചെയ്യേണ്ടത്.

4, വാട്ടർ / ജിപ്സം പ്ലാസ്റ്റർ പൗഡർ റേഷിയോ ഡേറ്റാഷീറ്റിൽ പറഞ്ഞ പ്രകാരം മാത്രമേ പാടുള്ളു.

5, ജിപ്സം പ്ലാസ്റ്ററിങ് ബാഗിൽ കാണുന്ന മനുഫാക്ചറിങ് ഡേറ്റ് മുതൽ പരമാവധി 3 മാസത്തിൽ കൂടുതൽ ഉള്ളത് ഉപയോഗിക്കുവാൻ അനുവദിക്കരുത്. ഈ കാര്യം സിമന്റിനും ബാധകമാണ്.

6, വെട്ടുകല്ലിൽ എന്തെങ്കിലും തരത്തിലുള്ള വേരുകൾ, ഡിഫെക്ട്കൾ ഉണ്ടെങ്കിൽ അതു എടുത്തു മാറ്റിയ ശേഷം മാത്രം പ്ലാസ്റ്റർ ചെയ്യാവൂ.

സിമന്‍റ് പ്ലാസ്റ്ററിങ്ങിന്‍റെ ഫിനിഷിങ്

ഇനി ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നതിന്‍റെ ഗുണങ്ങൾ:

1, തൂക്കിൽ തന്നെ ചുമരിൽ ചെയ്യുവാൻ കഴിയും

സിമന്റ്‌ പ്ലാസ്റ്റർ ചെയ്യുമ്പോൾ പലപ്പോഴും നമുക്ക് പ്രോപ്പർ ആയുള്ള ലെവൽ ലഭിക്കാറില്ല. അതു കൊണ്ട് തന്നെ പിന്നീട് പുട്ടിയിട്ട് ലെവൽ ചെയ്യേണ്ടി വരും. എന്നാൽ, ജിപ്സം പ്ലാസ്റ്ററിങ്ങിൽ ലെവൽ മാർക്ക്‌ ചെയ്ത് അപ്ലിക്കേഷൻ ചെയ്യുന്നത് കൊണ്ട് പ്രോപ്പർ ലെവൽ ലഭിക്കുന്നു. പിന്നീട് ലെവലിനു വേണ്ടി മറ്റൊരു പുട്ടി ഇടേണ്ടതായി വരുന്നില്ല.

2, പുട്ടി വർക്ക്‌ ചെയ്യേണ്ടതില്ല

ജിപ്സം വർക്കിൽ തന്നെ നല്ലൊരു ഫിനിഷിങ് ലഭിക്കുന്നതിനാൽ പിന്നീട് പുട്ടി ഇടേണ്ടി വരുന്നില്ല. അതു കൊണ്ട് തന്നെ ആ ചെലവ് നമുക്ക് ലാഭിക്കുവാൻ കഴിയും.

3, തെർമൽ കണ്ടക്റ്റിവിറ്റി കുറവായതിനാൽ വീടിനുള്ളിലെ ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭാഗങ്ങളിൽ നല്ല തണുപ്പ് ആയിരിക്കും. അതു കൊണ്ട് ചൂട് കാലത്ത് എ.സി ഉപയോഗം ഒരു പരിധി വരെ കുറക്കുവാൻ കഴിയും.

4, സിമന്റ്‌ പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ച് തീപിടിത്തത്തിൽ നിന്നും ചുമരിനെ പരിരക്ഷിക്കുവാൻ ജിപ്സം പ്ലാസ്റ്ററിങ്ങിനു കഴിവുണ്ട്.

5, പെയിന്റ് ഉപയോഗം കുറക്കുവാൻ കഴിയും

സിമന്റ്‌ പ്ലാസ്റ്റർ ചെയ്ത ഇടങ്ങളിൽ രണ്ട് കോട്ട് പുട്ടിയിട്ട് അതിനു മുകളിൽ ഒരു കോട്ട് പ്രൈമറും രണ്ട് കോട്ട് എമെർഷനും അടിക്കേണ്ടി വരുമ്പോൾ ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭാഗത്തു ഒരു പ്രൈമർ ആപ്ലിക്കേഷൻ ചെയ്‌താൽ തന്നെ അത്യാവശ്യം വൈറ്റ് ഉണ്ടായിരിക്കും. ഒരു കോട്ട് പെയിന്റ് കൂടി കൊടുക്കുകയാണെങ്കിൽ വളരെ മികച്ച വൈറ്റ്നെസ്സ് ലഭിക്കും.

6, ക്യുറിങ് വേണ്ട

സിമന്റ്‌ പ്ലാസ്റ്റർ ചെയ്ത് കഴിഞ്ഞാൽ മിനിമം ഒരാഴ്ച എങ്കിലും മൂന്നുനേരം നനച്ചു കൊടുക്കേണ്ടി വരുമ്പോൾ, ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ ഏറ്റവും മികച്ച ഒരു ഗുണമാണ് ക്യുറിങ്ങിന് വേണ്ടി ഒട്ടും നനക്കണ്ട എന്നത്. അതിലൂടെ ഒരുപാട് വെള്ളവും കറന്റും സമയവും ലാഭിക്കുവാൻ കഴിയുന്നതാണ്.

7, ശ്രിങ്കെജ് ക്രാക്സ് ഉണ്ടാകില്ല

സിമന്റ്‌ പ്ലാസ്റ്ററിങ്ങിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നാണ് ശ്രിങ്കെജ് ക്രാക്കുകൾ. എന്നാൽ, ജിപ്സം പ്ലാസ്റ്ററിങ്ങിൽ ശ്രിങ്കെജ് ക്രാക്കുകൾ ഒട്ടും ഉണ്ടാകില്ല.

8, മെയിന്‍റനൻസ് വർക്ക്‌ ഈസിയാണ്

ഇനി പ്ലാസ്റ്റർ ചെയ്ത എവിടെ എങ്കിലും ഡാമേജ് ആയാൽ പോലും ആ ഭാഗം മാത്രം കട്ട് ചെയ്തു എടുത്തു നിലവിലുള്ള ഭാഗവുമായി വളരെ ഈസിയായി തന്നെ ജോയിന്റ് ചെയ്തു ജിപ്സം പ്ലാസ്റ്റർ ചെയ്യുവാൻ കഴിയും എന്നത് മറ്റൊരു ഗുണമായി പറയാം.

9, ഇക്കണോമിക്കലാണ്

1:4 എന്ന റേഷിയോയിൽ സിമന്റ് പ്ലാസ്റ്റർ ചെയ്ത് ഏഴ് ദിവസം ക്യുറിങ് ചെയ്ത്, രണ്ട് കോട്ട് പുട്ടി ചെയ്ത് അതിനു മുകളിൽ ഒരു കോട്ട് പ്രൈമറും രണ്ട് കോട്ട് എമെർഷനും ചെയ്യുമ്പോൾ മെറ്റീരിയൽ + ലേബർ അടക്കം അത്യാവശ്യം നല്ലൊരു തികയാകും. എന്നാൽ ജിപ്സം പ്ലാസ്റ്റർ ചെയ്ത് അതിനു മുകളിൽ ഒരു കോട്ട് പ്രൈമർ (പ്രൈമർ നിർബന്ധമില്ല) + ഒരു കോട്ട് എമെർഷൻ മാത്രം അടിച്ച് കഴിയുമ്പോൾ വളരെയധികം സമയവും പണവും ലാഭിക്കാം.

10, നിർമാണം വേഗത്തിലാക്കാൻ സഹായിക്കും

ക്യുറിങ് എന്ന പ്രക്രിയയും പുട്ടി ആപ്ലിക്കേഷനും ഒഴിവാകുമ്പോൾ തന്നെ കുറഞ്ഞത് 15 ദിവസം കൺസ്ട്രക്ഷൻ വർക്കിൽ നമുക്ക് ലഭിക്കുവാൻ കഴിയും.

11, സിമന്റ്‌ പ്ലാസ്റ്ററിങ്ങിൽ മിക്സിങ്ങിന് വലിയ പ്രാധാന്യം ഉണ്ട്‌. സിമന്റ്‌ + മണൽ (സാൻഡ്) + വെള്ളം മുതലായവ കൃത്യമായ രീതിയിൽ ചേർത്ത് കൃത്യമായ സമയം നന്നായി മിക്സ് ചെയ്‌താൽ മാത്രമേ കൃത്യമായ ബലം ലഭിക്കുകയുള്ളു. എന്നാൽ, ജിപ്സം പ്ലാസ്റ്ററിങ്ങിൽ വാട്ടർ + സിമന്റ്‌ റേഷിയോ മാത്രം നോക്കിയാൽ മതി.

12, കോംപ്രസ്സിവ് സ്‌ട്രെങ്ത് കൂടുതലാണ്


ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നതിന്‍റെ ദോഷങ്ങൾ:

1, മുകളിൽ പറഞ്ഞത് പോലെ എന്തെങ്കിലും തരത്തിലുള്ള ഈർപ്പം ജിപ്സം പ്ലാസ്റ്റർ ചെയ്ത ഭാഗത്തേക്ക് വന്നാൽ ആ ഭാഗത്തെ കളർ മാറാനുള്ള സാധ്യത കൂടുതലാണ്.

2, കോർണറുകൾ ചെറുതായി ഒന്ന് തട്ടിയാൽ പോലും വേഗത്തിൽ അടരുവാൻ സാധ്യതയുണ്ട്. അതു കൊണ്ട് കോർണറുകൾ മോൾഡ് ചെയ്യണം.

3, ഒരുപാട് മെറ്റീരിയൽ വേസ്റ്റേജ് ആയി പോകുന്നത് കൊണ്ട് അതെല്ലാം ഒഴിവാക്കുന്നത് ഒരു ബാധ്യതയാകും.

4, ജിപ്സം പ്ലാസ്റ്ററിങ് ഒരിക്കലും നമുക്ക് ഒരു സ്ട്രക്ചറിന്റെ പുറംവശത്തോ നനവ് തട്ടുവാൻ സാധ്യതയുള്ള ഉൾഭാഗത്തോ ചെയ്യുവാൻ കഴിയില്ല.

5, ലോങ് ലൈഫ് കാര്യമാണെങ്കിൽ സിമന്റ്‌ പ്ലാസ്റ്ററിങ്ങിന്റെ ലോങ് ലൈഫ്, ജിപ്സം പ്ലാസ്റ്ററിങ്ങിന് ലഭിക്കില്ല.

6, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഇടക്കിടക്ക് ഉണ്ടാകുന്ന സ്ഥലങ്ങളിൽ ജിപ്സം പ്ലാസ്റ്റർ ചെയ്യാതെ ഇരിക്കുകയായിരിക്കും നല്ലത്.

7, ജിപ്‌സം പ്ലാസ്റ്റർ അതിന്‍റെ ഘടനയിൽ താരതമ്യേന മൃദുവായതിനാൽ, ഇലക്ട്രിക്കലുകൾ, വാൾ ഹാംഗിങ്ങുകൾ, വയറിങ് മുതലായവക്കായി ചുവരുകളിൽ തുളക്കുമ്പോൾ എളുപ്പത്തിൽ പൊട്ടുകയോ വികസിക്കുകയോ ചെയ്യുവാൻ സിമന്റ്‌ പ്ലാസ്റ്ററിനേക്കാൾ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് ചെയ്യണം.

ഉപസംഹാരം:

ചുമരിന് ബലം നൽകുന്നതിന് പ്ലാസ്റ്റർ ആവശ്യമാണ്. അത് ഏതൊരു വസ്തുവിന്‍റെയും അടിസ്ഥാന അടിത്തറയാണ്. പ്ലാസ്റ്ററുകൾ സാധാരണയായി ജിപ്സം അല്ലെങ്കിൽ സിമന്‍റ് കൊണ്ട് നമുക്ക് ചെയ്യാവുന്നതാണ്. സിമന്‍റ്, ജിപ്സം പ്ലാസ്റ്ററുകൾ എന്നിവക്ക് വിവിധ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിങ്ങളുടെ പ്രോപ്പർട്ടിക്ക് ഏത് പ്ലാസ്റ്ററാണ് ഏറ്റവും അനുയോജ്യമെന്ന് വിവേകത്തോടെ ആലോചിച്ച് തെരഞ്ഞെടുക്കുക. എന്റെ പഠനത്തിൽ, ചില നെഗറ്റീവുകൾ ഉണ്ടങ്കിലും ഇന്‍റീരിയറിലെ ചില ഇടങ്ങൾ ഒഴിച്ച് ബാക്കി ഭാഗങ്ങളിൽ പ്ലാസ്റ്ററിങ്ങിന് ജിപ്‌സവും എക്സ്റ്റീരിയർ പ്ലാസ്റ്ററിങ്ങിന് സിമന്‍റുമാണ് ഏറ്റവും മികച്ചത്.

Tags:    
News Summary - Which plastering is better to beautify the house; Gypsum or Cement?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.