വ്യക്തികൾ വിചാരിച്ചാലേ മാലിന്യനിർമാർജനം സാധ്യമാകൂ. വീട്ടിൽനിന്ന് ഒരു മാലിന്യവും പുറത്തുകൊണ്ടുപോകില്ലെന്ന് വീട്ടിലെ ഓരോ അംഗവും പ്രതിജ്ഞയെടുക്കണം. കഴിച്ച ആഹാരത്തിെൻറ വേസ്റ്റുകൾ, പച്ചക്കറിയുടെയും പഴവർഗങ്ങളുടെയും മറ്റും വേസ്റ്റുകൾ, മത്സ്യ-മാംസാദികളുടെ വേസ്റ്റുകൾ എന്നിവ നാം സാധാരണ പറമ്പിലേക്ക് വലിെച്ചറിയുന്ന പതിവുണ്ടെങ്കിൽ അത് തിരുത്താൻ തയാറാവണം. അത് അവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ് കാക്കയും മറ്റും കൊത്തിവലിച്ച് കിണറ്റിലും തടാകങ്ങളിലും മറ്റും കൊണ്ടിട്ട് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംഭവങ്ങൾ പതിവാണ്. മാലിന്യം ഉറവിടങ്ങളിൽതന്നെ നിർമാർജനം ചെയ്യാൻ ശീലിക്കണം. ഫ്ലാറ്റുകളിൽ അതിന് സാധ്യമല്ലെങ്കിലും കൂട്ടമായി തരംതിരിച്ച് സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കാം.
വീട്ടിലെ മാലിന്യം ഒരു കുഴി കുഴിച്ച് അതിനകത്തിട്ടു കഴിഞ്ഞാൽ അത് കമ്പോസ്റ്റായി മാറും. മാലിന്യനിർമാർജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നമ്മൾ ഉപേക്ഷിക്കുന്ന മാലിന്യം വളമായി മാറുന്നതിലൂടെ അത് മണ്ണിനെ സമ്പുഷ്ടമാക്കുന്നു. പച്ചക്കറി മാലിന്യം ഉൾപ്പെടെ ഇതിൽ നിക്ഷേപിക്കാം.
●മാലിന്യം ഉറവിടങ്ങളിൽതന്നെ നിർമാർജനം ചെയ്യാൻ ശീലിക്കണം. അതിനായി പലപല മാർഗങ്ങൾ സ്വീകരിക്കാം. പൈപ്പ് കമ്പോസ്റ്റായും ജൈവവള പ്ലാൻറുകളായും ബയോഗ്യാസായും മറ്റും ജൈവ മാലിന്യങ്ങളെ നമ്മുടെ വീട്ടുവളപ്പിൽ തന്നെ നിർമാർജനം ചെയ്താൽ ഒരു പരിധിവരെപരിസരം ശുചിത്വത്തോടെ സൂക്ഷിക്കാം.
●പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ശേഖരിച്ച് അവ റീസൈക്ലിങ് കേന്ദ്രങ്ങൾക്ക് നൽകുക, പേപ്പർ, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ, പഴയ തുണികൾ എന്നിങ്ങനെ റീസൈക്കിൾ ചെയ്യാൻ സാധിക്കുന്നതെല്ലാം വീട്ടിൽനിന്നും പരിസരത്തു നിന്നും ശേഖരിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് നൽകുക.
ബയോഗ്യാസ് പ്ലാൻറുകൾ
ഗാര്‍ഹിക ബയോഗ്യാസ് പ്ലാൻറുകള്‍ക്ക് മലിനജല സംസ്കരണത്തിലും കാര്യമായ പങ്ക് വഹിക്കാന്‍ കഴിയും. ഇതിലൂടെ വികേന്ദ്രീകൃത മാലിന്യസംസ്കരണം നടത്തുന്നതിനും പാചകവാതകവും ജൈവവളവും ഉൽപാദിപ്പിക്കുന്നതിനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും സാധിക്കും. ജൈവമാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാൻറുകള്‍ സ്ഥാപിച്ചാല്‍ പ്ലാൻറില്തന്നെ ഉൽപാദിപ്പിക്കുന്ന ഗ്യാസും നമുക്ക് വീട്ടിൽ ഉപയോഗിക്കാം. എളുപ്പം വീട്ടിൽ നിർമിക്കാവുന്ന ചില മാലിന്യനിർമാർജന സംവിധാനങ്ങൾ:
●ബയോ ഡീഗ്രേഡബ്ൾ വേസ്റ്റ് ഡിസ്പോസൽ: കിണർ പോലെ ഒരു ചെറിയ കുഴി എടുത്ത് കോൺക്രീറ്റ് സ്ലാബിെൻറ മേൽമൂടി ഇട്ട് അതിലൂടെ നാല് ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് സ്ഥാപിക്കും. അതിന് അടപ്പുണ്ടായിരുന്നാൽ നന്ന്. കുഴിയിൽ കുറച്ചു ചാണകം കലക്കി ഒഴിക്കണം. മീഥൈൻ വാതകം ഉണ്ടാകുന്നതിനാണിത്. മാലിന്യം പൈപ്പിെൻറ 'വായി'ലൂടെ കുഴിയിലേക്ക് ഇടാം. ഓക്സിജൻ കടക്കാത്തതിനാൽ കുഴിയിൽ മീഥൈൻ രൂപപ്പെടും. അത് ഒരു പാളിപോലെ കുഴിയിൽ തങ്ങിനിൽക്കും. ദുർഗന്ധം ഉണ്ടാകില്ല. കൊതുക്, ഈച്ച തുടങ്ങിയവയുടെ ശല്യവുമില്ല. മാലിന്യം ജൈവവളമായി മാറും. വർഷങ്ങളോളം കുഴി ഉപയോഗിക്കാം. പിന്നെ മേൽമൂടി മാറ്റി വളം കോരിമാറ്റിയശേഷം വീണ്ടും ഉപയോഗിക്കാം.
●വേസ്റ്റ് വാട്ടർ മാനേജ്മെൻറ്: അടുക്കള, ശുചിമുറി തുടങ്ങിയവയിലെ മലിനജലം സംസ്കരിക്കുന്നതാണിത്. ഒരു ചെറിയ ടാങ്കിലേക്ക് (മാലിന്യം വേർതിരിക്കൽ ടാങ്ക്) മലിനജലം ഒഴുക്കിവിടാം. അവശിഷ്ടങ്ങൾ ഇതിൽ കെട്ടിനിന്ന് തെളിഞ്ഞ വെള്ളം മാത്രം മറ്റൊരു ടാങ്കിലേക്ക് ഒഴുക്കാം, മഴവെള്ളം പോലെ ഭൂമിയിലേക്ക് അത് ഊർന്നിറങ്ങും. ഒരു പരിധിവരെ വെള്ളം ശുദ്ധീകരിക്കാനാവും. ആദ്യത്തെ ടാങ്ക് ഇടക്കിടെ വൃത്തിയാക്കണം. അതിൽ അടിഞ്ഞുകൂടിയ മാലിന്യം ബയോ ഡീഗ്രേഡബ്ൾ വേസ്റ്റ് ഡിസ്പോസലിൽ നിക്ഷേപിക്കാം.
●ഇൻസിനറേറ്റർ: പുല്ല്, ചപ്പുചവറുകൾ, പഴയ തുണികൾ തുടങ്ങി മറ്റെല്ലാ അവശിഷ്ടങ്ങളും കത്തിക്കുന്നതിനാണ് ഇൻസിനറേറ്റർ. ചൂട് വളരെ കൂടുതലായതിനാൽ പുക ഉണ്ടാകില്ല. ഫ്ലാറ്റുകളിൽ പൊതു ഇൻസിനറേറ്റർ ഉപയോഗിക്കാം.
വീടുകളിൽ സംസ്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്, ഇ-മാലിന്യം, ചെരിപ്പ്, ബാഗ് തുടങ്ങിയവ വൃത്തിയായി സൂക്ഷിച്ച് ഹരിതകർമ സേനക്ക് കൈമാറാനും ശ്രദ്ധിക്കാം.
എല്ലാ വീടുകളിലും ഇന്ന് ഇ മാലിന്യങ്ങൾ ദിനവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോഗശൂന്യമായ ഇലക്ട്രിക്കൽ ഉപകരണങ്ങളും മൊബൈൽ ഫോണുകളുമൊക്കെയാണ് ഇതിൽ പ്രധാനം. ഉപയോഗശൂന്യമായ ഇ-മാലിന്യം നാം മണ്ണിലേക്ക് വലിച്ചെറിയുമ്പോഴുണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങൾ ചെറുതല്ലെന്നോർക്കുക. വെയിലും മഴയുമേറ്റ് അതിൽനിന്ന് പുറത്തുവരുന്ന വെളുത്തീയം, കറുത്തീയം, രസം, കാഡ്മിയം തുടങ്ങിയ വിഷപദാർഥങ്ങൾ മേൽമണ്ണിനെയും ഭൂഗർഭജലത്തെയും വിഷമയമാക്കുന്നു. ഇവ കൂട്ടിയിട്ട് കത്തിക്കുമ്പോൾ അന്തരീക്ഷത്തിലെത്തുന്ന പുക സാധാരണ മാലിന്യപ്പുകയുടെ ആറുമടങ്ങ് അപകടകരമാണെന്നോർക്കുക.
പഴയ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ബള്‍ബോ ബാറ്ററിയോ ഒക്കെ പരമാവധി പുനരുപയോഗം നടത്താൻ പറ്റുന്നതാണെങ്കിൽ പ്രയോജനപ്പെടുത്തുക. വീടകങ്ങളിലെ ഇ-വേസ്റ്റുകൾ താരതമ്യേന കുറവാണെങ്കിലും ഉള്ളത് ശേഖരിച്ചുവെച്ച ശേഷം കത്തിക്കുകയോ കുഴിച്ചിടുകയോ വലിച്ചെറിയുകയോ ചെയ്യാെത റീസൈക്ലിങ് കമ്പനിക്ക് കൈമാറാം.
പ്ലാസ്റ്റിക് ഒഴിവാക്കാം
●സ്വന്തം ബാഗുകളോ കടലാസ് ബാഗുകളോ ഷോപ്പിങ് സമയത്ത് കൈയിൽ കരുതുകയാണെങ്കിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒരു പരിധിവരെ കുറക്കാം. തുണി, ചണം, പേപ്പർ ബാഗുകൾ എന്നിവ ഉപയോഗിക്കുക.
●ഭക്ഷണം, മീൻ, മാംസം തുടങ്ങിയവ വാങ്ങാനും സ്റ്റീൽ/അലൂമിനിയം പാത്രങ്ങൾ കരുതാം.
●പാക്കറ്റിൽ വരുന്ന സാധനങ്ങൾക്ക് പകരം ലഭ്യമായവ ലൂസായി വാങ്ങാം, ആവശ്യമായ കണ്ടെയ്നറുകൾ കൊണ്ടുപോയാൽ മതി.
●ആഘോഷ പരിപാടികൾക്ക് പ്രകൃതിദത്ത വസ്തുക്കളിൽനിന്ന് നിർമിക്കുന്ന പ്ലേറ്റുകൾ (ഉദാ: പാള പ്ലേറ്റ്), മുളയിൽ നിർമിച്ച പാത്രങ്ങൾ, പേപ്പർ സ്ട്രോ, പേപ്പർ/തുണി കൊടികൾ, മൺപാത്രങ്ങളും കപ്പുകളും, ചിരട്ടകൊണ്ടുള്ള സ്പൂണുകൾ ഉപയോഗിക്കാം.
●യാത്രകളിൽ എപ്പോഴും കുപ്പിയിൽ വെള്ളം കൂടെ കരുതുക. ബോട്ടിലുകൾ വാങ്ങാതെ റീഫിൽ ചെയ്തെടുക്കാം.
ശരിയായ ബയോമെഡിക്കൽ മാലിന്യ സംസ്കരണത്തിെൻറ അഭാവം ഗുരുതര രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എയ്ഡ്സ്, ടി.ബി. എന്നിവക്ക് കാരണമാകാം. മാത്രമല്ല നേത്രരോഗങ്ങൾ, വിവിധ ശ്വാസകോശ, ആമാശയ-ചെറുകുടൽ അണുബാധകൾക്കും ബയോമെഡിക്കൽ മാലിന്യം കാരണമാകുന്നു. നമ്മുടെ വീട്ടിലെ/ഫ്ലാറ്റിലെ ബയോമെഡിക്കൽ മാലിന്യത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സാനിറ്ററി നാപ്കിൻ, ഡയപ്പറുകൾ, ഇൻസുലിൻ സിറിഞ്ചുകൾ, ഉപയോഗശൂന്യമായ മരുന്നുകൾ എന്നിവയും ആശുപത്രി ഇതര ബയോമെഡിക്കൽ മാലിന്യത്തിെൻറ പട്ടികയിൽ വരും. അവ കൃത്യമായി സംസ്കരിക്കുന്നതിൽ നമ്മൾ പലരും പരാജയമാണ്. ചെറിയ ശ്രദ്ധയുണ്ടെങ്കിൽ അക്കാര്യത്തിൽ നമുക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും.
ഇൻസിനറേഷൻ, ഓട്ടോക്ലേവിങ്, ഹൈഡ്രോക്ലേവിങ്, മൈക്രോതരംഗ നിർമാർജനം, രാസവസ്തുക്കൾകൊണ്ടുള്ള അണുമുക്തമാക്കൽ, വിസർജനമാലിന്യം ഭൂമിയിൽ കുഴിച്ചുമൂടൽ എന്നിവയൊക്കെയാണ് മാലിന്യ സംസ്കരണത്തിെൻറ വിവിധ രീതികൾ. മാലിന്യം ഉടൻതന്നെ നിർവീര്യമാക്കി നിർമാർജനം ചെയ്യുന്നതാണ് നല്ലത്. നിർവീര്യമാക്കാനുള്ള മാലിന്യം 48 മണിക്കൂറിലധികം സൂക്ഷിക്കരുത്. ബയോമെഡിക്കൽ മാലിന്യത്തിെൻറ അളവ്, ജനസാന്ദ്രത, തിരക്കേറിയ റോഡുകൾ വഴി അതിവേഗം നിർമാർജനസ്ഥലത്ത് മാലിന്യം എത്തിക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവ കണക്കിലെടുത്ത് ഫ്ലാറ്റ് പരിസരത്ത് അതിനുള്ള സംവിധാനം ഒരുക്കാം. പുനരുപയോഗപ്രദമായവ ഉണ്ടെങ്കിൽ അണുമുക്തമാക്കിയശേഷം ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.