മനാമ: നീണ്ട 34 വർഷത്തെ പ്രവാസം മനസ്സില്ലാ മനസ്സോടെ അവസാനിപ്പിക്കുയാണ് അബ്ബാസ് മലയിൽ. നീണ്ട കാലം ബഹ്റൈനിലെ സാമൂഹിക , സംഘടനാ രംഗങ്ങളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന അദ്ദേഹം ബുധനാഴ്ച നാട്ടിലേക്ക് തിരിക്കും. കോഴിക്കോട് കക്കോടി കിഴക്കുമുറി സ്വദേശിയായ അബ്ബാസ് 1991 ലാണ് ഇവിടെയെത്തുന്നത്. ബോംബെ വഴിയായിരുന്നു അന്നത്തെ യാത്രയെന്ന് അദ്ദേഹം ഓർമിക്കുന്നു.
ഗുദൈബിയയിലെ ലവണ്ടം ഹോട്ടലിലായിരുന്നു ജോലി ലഭിച്ചത്. അതിനുശേഷം അതേ മാനേജ്മെന്റിന്റെ തന്നെ ബ്രിസ്റ്റോൾ ഹോട്ടലിലേക്ക് മാറി. അഞ്ചുവർഷം ഹോട്ടൽ മേഖലയിൽ ജോലി ചെയ്തു. പിന്നീട് മുഹറഖിലെ സ്പോർട്സ് ഷോപ്പിൽ 14 വർഷം ജോലി നോക്കി. അതിനുശേഷം ഗൾഫ് അസിസ്റ്റ് എന്ന ഇൻഷുറൻസ് ബ്രോക്കർ സ്ഥാപനത്തിലായി ജോലി. കഴിഞ്ഞ 12 വർഷമായി അബ്ബാസ് അവിടെയുണ്ട്. ജോലിയൂടെ തിരക്കിനിടയിലും സംഘടനാപ്രവർത്തനത്തിനും സമയം കണ്ടെത്തി. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ, മുഹറഖ്, മനാമ ഏരിയ പ്രസിഡന്റായി പ്രവർത്തിച്ചു. ഫ്രണ്ട്സ് അസോസിയേഷൻ സെക്രട്ടറിയായും ചുമതല വഹിച്ചു. മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി (സി.സി.എം.എ) എക്സിക്യുട്ടിവ് അംഗമായും പ്രവർത്തിച്ചു. 20 വർഷമായി കുടുംബവും ബഹ്റൈനിലുണ്ട്.
ഭാര്യ: സക്കീന. മക്കൾ മൂന്നു പേരും ഇബ്നുൽ ഹൈതം സ്കൂളിലാണ് പഠിച്ചത്. മകൻ ഫവാസ് സെല്ലാഖിൽ ഒരു കമ്പനിയിൽ ജോലിചെയ്യുന്നു. മകൾ ഷബിഹ ന്യൂഹൈറൈസൺ സ്കൂളിൽ അധ്യാപികയാണ്. മരുമകൻ ഫൈസലും ബഹ്റൈനിലുണ്ട്. ഇളയമകൾ ഫാത്തിമ ഷാനയും ഭർത്താവ് നിഹാലും നാട്ടിലാണ്.
ഇനി നാട്ടിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമാകാനാണ് താൽപര്യപ്പെടുന്നത്. ജോലി ചെയ്ത കാലം മുഴുവൻ സ്വദേശികളുമായാണ് ബിസിനസ് ഇടപാടുകൾ നടത്തിയിരുന്നത്. വളരെ മികച്ച ബന്ധമാണ് അവരോടെല്ലാമുണ്ടായിരുന്നതെന്ന് മറക്കാവുന്നതല്ലെന്നും ശാന്ത സുന്ദരമായ ബഹ്റൈൻ സ്വന്തം രാജ്യം പോലെ തന്നെയായിരുന്നെന്നും അബ്ബാസ് മലയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.