മസ്കത്ത്: രാജ്യത്തെ പുതിയ അണുബാധകളുടെ വർധനവിന് കോവിഡിന്റെ പുതിയ വകഭേദങ്ങളുമായി ബന്ധമൊന്നുമില്ലെങ്കിലും പ്രതിരോധ നടപടികൾ എല്ലാവരും സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടു. ലഭ്യമായ വിവരമനുസരിച്ച് കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ബി.ബി മറ്റുള്ളവയെ അപേക്ഷിച്ച് വ്യാപനശേഷി കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡിസീസ് കൺട്രോളിലെ അണുബാധകളുടെയും പ്രതിരോധശേഷിയുടെയും കൺസൾട്ടന്റായ ഡോ. അബ്ദുല്ല അൽഖയുദി പറഞ്ഞു. അതുകൊണ്ടാണ് സൗദി ഉൾപ്പെടെ 26 രാജ്യങ്ങളിൽ ഇത് വ്യാപിച്ചിരിക്കുന്നത്. ഇത് ഒമാനിൽ എത്താനുള്ള സാധ്യത തള്ളിക്കളയാൻ പറ്റാത്തതിനാൽ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബി.ക്യു1, എക്സ്.ബി.ബി വകഭേദങ്ങളാണ് പലയിടത്തും വ്യാപിക്കുന്നത്. നിലവിലുള്ള വാക്സിനുകൾ പുതിയ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാവില്ലെന്നാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്. ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇവ രണ്ടുമെന്ന് യു.കെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. വകഭേദങ്ങൾ യൂറോപ്പിൽ കോവിഡിന്റെ പുതിയ തരംഗത്തിന് കാരണമായേക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. നവംബർ അവസാനത്തോടെ യൂറോപ്പിനൊപ്പം വടക്കൻ അമേരിക്കയിലും പുതിയ കോവിഡ് തരംഗമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്. യു.കെ ആരോഗ്യവകുപ്പ് പുതിയ വകഭേദങ്ങളെ സംബന്ധിക്കുന്ന പഠനങ്ങൾ തുടരുകയാണ്. ഉപവകഭേദങ്ങൾ അതിവേഗം പടരുമെന്ന് കോവിഡിനെ തുടക്കത്തിൽ മുതൽ പഠിക്കുന്ന യൂനിവേഴ്സിറ്റി ഓഫ് ബാസലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോവിഡിന്റെ പുതിയ വകഭേദം ഒമാനിൽ കണ്ടെത്തിയിട്ടില്ലെന്നും പോസിറ്റിവ് കേസുകൾ ഇപ്പോഴും താഴ്ന്ന നിലയിലാണെന്നും ആരോഗ്യമന്ത്രാലയം ദിവസങ്ങൾക്കുമുമ്പ് അറിയിച്ചിരുന്നു. ശൈത്യകാലമായതിനാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണമാണ്. ഇത്തരം വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങൾ വർധിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽനിന്നും പനികളിൽനിന്നും കുടുംബത്തെയും മറ്റും സംരക്ഷിക്കാൻ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.