മനാമ: സ്കൂൾ വിദ്യാർഥികളിൽ അന്വേഷണാത്മകതയും ശാസ്ത്രബോധവും വളർത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ സയൻസ് ക്ലബ് പ്രവർത്തനം സജീവമാക്കി. ഓൺലൈൻ യോഗത്തിൽ ക്ലബ് അംഗങ്ങൾ വിവിധ പ്രോജക്ടുകൾ അവതരിപ്പിച്ചു. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് നിർമിച്ച വാക്വം ക്ലീനർ എട്ടാം ഗ്രേഡ് വിദ്യാർഥി സായൂജ് അവതരിപ്പിച്ചു. ഗാർഹിക മലിനജലം പുനരുപയോഗത്തിനായി എങ്ങനെ ശുദ്ധീകരിക്കാമെന്ന് കാണിക്കുന്ന പ്രോജക്ട് എട്ടാം ക്ലാസ് വിദ്യാർഥിനി എം. ജനനി അവതരിപ്പിച്ചു. ആറാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ സോളാർ കുക്കർ നിർമാണം വിശദീകരിച്ചു.
യോഗത്തിൽ മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ സഹാന, രുദ്ര എന്നിവർ സ്വാഗതം പറഞ്ഞു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ എസ്. വിനോദ് സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. പവർപോയൻറ് അവതരണത്തിലൂടെ സയൻസ് ക്ലബിെൻറ ലക്ഷ്യം ഭൗതികശാസ്ത്ര വിഭാഗം മേധാവി സുദിപ്തോ സെൻഗുപ്ത വിശദീകരിച്ചു. ബയോളജി വിഭാഗം മേധാവി സുദീപ ഘോഷ് അനുമോദനപ്രസംഗം നടത്തി.
വിദ്യാർഥികൾക്ക് ശാസ്ത്രത്തോടുള്ള താൽപര്യം വളർത്തിയെടുക്കാനും വിവിധതരം ശാസ്ത്രവിഷയങ്ങൾ അവരെ പരിചയപ്പെടുത്താനും ഫീൽഡ് വർക്ക്, റിസർച്, പ്രോജക്ട് അവതരണങ്ങൾ എന്നിവയിൽ അവരുടെ കഴിവുകൾ വികസിപ്പിക്കാനും സയൻസ് ക്ലബ് ലക്ഷ്യമിടുന്നുവെന്ന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ സന്ദേശത്തിൽ പറഞ്ഞു. സയൻസ് ക്ലബ് ശാസ്ത്രീയ മനോഭാവം മെച്ചപ്പെടുത്തുമെന്നും ശാസ്ത്രീയ പരിശീലനത്തിന് അവസരങ്ങൾ നൽകുമെന്നും സെക്രട്ടറി സജി ആൻറണി പറഞ്ഞു. ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും അധ്യാപകരെയും പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി അഭിനന്ദിച്ചു. എം. ജനനി (പ്രസി.), എം. സഹാന (വൈസ് പ്രസി.), ദീക്ഷിത് കൃഷ്ണ (സെക്ര.), മുഹമ്മദ് ഷമാസ് (ഇൗവൻറ് പ്ലാനർ) എന്നിവരാണ് ക്ലബ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.