മനാമ: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായ ബഹ്റൈൻ പ്രവാസി കടുത്ത ദുരിതത്തിൽ. യാത്രാവിലക്കും കടബാധ്യതകളും മൂലം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാൽ ബന്ധുക്കളും നിസ്സഹായരാണ്. കാസർകോട് അടുക്കടുക്കം സ്വദേശി മണിപ്രസാദാണ് (42)അതിഗുരുതരാവസ്ഥയിൽ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
അശനിപാതം പോലെ കടന്നുവന്ന കോവിഡ് മഹാമാരിയാണ് മണിപ്രസാദിന്റെയും കുടുംബത്തിന്റെയും ജീവിതം തകർത്തത്. നാട്ടിൽ സഹകരണ ബാങ്കുകളിൽനിന്നടക്കമെടുത്ത വായ്പയുമായാണ് മണിപ്രസാദ് ബഹ്റൈനിൽ ബിസിനസ് തുടങ്ങിയത്. എന്നാൽ, അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് എല്ലാ സ്വപ്നങ്ങളും തകർത്തു. ബിസിനസ് തകരുകയും കടക്കെണിയിലാവുകയും ചെയ്തു. ഏകദേശം1.5 കോടി രൂപയുടെ നഷ്ടമുണ്ടായി.
കടുത്ത മനഃപ്രയാസത്തിനൊപ്പം ആരോഗ്യവും ക്ഷയിച്ചു. ഗുരുതരമായ ഹൃദയ സംബന്ധമായ രോഗത്തെത്തുടർന്ന് സൽമാനിയ ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയത്തോടൊപ്പം കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളും തകരാറിലായി. കാലിൽ പഴുപ്പ് ബാധിച്ചു. എന്നാൽ, ഇനി ഇവിടെ ചികിത്സയൊന്നും ചെയ്യാനില്ലെന്നും ഇന്ത്യയിലേക്ക് കൊണ്ടുപോകാനുമാണ് ആശുപത്രി അധികൃതർ നിർദേശിച്ചത്. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. നാട്ടിൽ കൊണ്ടുപോയാൽ മാത്രമേ തുടർചികിത്സയിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുള്ളൂ എന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ, സ്വകാര്യവ്യക്തി നൽകിയ ഹരജിയെത്തുടർന്ന് മണിപ്രസാദിന് യാത്രാവിലക്കുണ്ട്. 7000 ദീനാർ അടച്ചാൽ മാത്രമേ നാട്ടിലേക്കു കൊണ്ടുപോകാനാകൂ എന്നതാണ് അവസ്ഥ. പ്രായമായ മാതാപിതാക്കളും രണ്ട് കൊച്ചുകുട്ടികളും ഭാര്യയും ഉൾപ്പെടുന്ന കുടുംബം ഇപ്പോൾ കഴിയുന്നത് സുമനസ്സുകളുടെ സഹായത്താലാണ്.
സഹായമഭ്യർഥിച്ച് കുടുംബം ഇന്ത്യൻ എംബസിയെ സമീപിച്ചിരുന്നു. പ്രവാസി ലീഗൽ സെൽ ഉൾപ്പെടെ സംഘടനകൾ ഇതുവരെയുള്ള ആശുപത്രിവാസത്തിനും ചികിത്സക്കും ആവശ്യമായ സഹായങ്ങൾ നൽകിയിരുന്നു. യാത്രാവിലക്ക് മാറ്റാനും നിരവധി ശ്രമങ്ങൾ നടന്നു. എന്നാൽ, അതൊന്നും ഫലവത്തായില്ല. സുമനസ്സുകളുടെ സഹായം മാത്രമാണ് ഭർത്താവിന്റെ ജീവൻ രക്ഷിക്കാനും നാട്ടിലേക്കു കൊണ്ടുപോകാനും ആകെയുള്ള ആശ്രയമെന്ന് ഭാര്യ പറയുന്നു. സാമൂഹിക പ്രവർത്തകരും എംബസിയും ഇതിനായി ഇടപെടുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.