മന്ത്രിസഭാ യോഗത്തിൽനിന്ന്​

കോവിഡ് പ്രതിരോധ നിർദേശം ലംഘിച്ചാൽ കർശന നടപടി

മനാമ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തിലാണ് കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തിയത്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും നിലനിര്‍ത്താനാവശ്യമായ നടപടികള്‍ കര്‍ക്കശമായി തുടരാനാണ് തീരുമാനം.

കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്​മദ് അല്‍ ജാബിര്‍ അസ്സബാഹി​െൻറ നിര്യാണത്തില്‍ മന്ത്രിസഭ ദുഃഖം രേഖപ്പെടുത്തി.അസ്സബാഹ് കുടുംബത്തിനും കുവൈത്ത് ജനതക്കും അനുശോചനം അറിയിക്കുകയും ചെയ്​തു. കുവൈത്തിനും അറബ്, ഇസ്​ലാമിക ലോകത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെ യോഗം അനുസ്​മരിച്ചു.പുതിയ അധ്യയന വര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മന്ത്രിസഭ ആശംസകള്‍ നേര്‍ന്നു.വരും തലമുറയുടെ സ്വഭാവ രൂപവത്കരണത്തിലും മൂല്യങ്ങള്‍ കരുപ്പിടിപ്പിക്കുന്നതിലും അധ്യാപകര്‍ക്ക് അവരുടേതായ പങ്ക് നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.

സൗദി അറേബ്യയുടെയും ബഹ്റൈ​െൻറയും സുരക്ഷ സാധ്യമാക്കുന്നതിന് സൗദി ഭരണകൂടം സ്വീകരിക്കുന്ന നടപടികള്‍ക്ക് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. ഇറാന്‍ ​െറവല്യൂഷനറി ഗാര്‍ഡുകളുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍ സൗദിക്ക് വിജയം സാധ്യമാകുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. സുഡാനിലെ വിവിധ സായുധ ഗ്രൂപ്പുകള്‍ തമ്മില്‍ സമാധാനക്കരാര്‍ ഒപ്പിടാന്‍ സാധിച്ചത് നേട്ടമാണെന്ന് മന്ത്രിസഭ വിലയിരുത്തി. സമാധാനത്തി​െൻറ വഴിയിലൂടെ സുഡാന് ദീര്‍ഘനാള്‍ സഞ്ചരിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു.ധനകാര്യ മന്ത്രിയുടെ കീഴിലുള്ള മരുന്ന് നിയന്ത്രണ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ അംഗീകാരം നല്‍കി.

ഫാര്‍മസികളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ ഫാര്‍മസികള്‍ക്ക് നിര്‍ദേശം നല്‍കാനും മരുന്ന് നിയന്ത്രണ സമിതി നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുമാണ് തീരുമാനം. ഫാര്‍മസികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനും അംഗീകാരം നല്‍കി. ഇ-ഗവൺമെൻറ്​ ആൻഡ്​ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അസിസ്​റ്റൻറ്​ സി.ഇ.ഒ തസ്​തിക ഒഴിവാക്കാന്‍ തീരുമാനിച്ചു. മൂന്ന് ഡയറക്​ടറേറ്റുകളില്‍ രണ്ടെണ്ണം ആഭ്യന്തര മന്ത്രാലയത്തിലേക്ക് മാറ്റുന്നതിനും ഒരെണ്ണം ഇ-ഗവൺമെൻറ്​ ആൻഡ്​ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയില്‍ നിലനിർത്താനും തീരുമാനിച്ചു.

സംയുക്ത ജി.സി.സി പ്രവര്‍ത്തനത്തെക്കുറിച്ച് പഠനം നടത്താന്‍ ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ബി.ഡി.എഫിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന സാധന സാമഗ്രികള്‍ക്ക് കസ്​റ്റംസ് തീരുവ ഒഴിവാക്കി നല്‍കാനും അംഗീകാരമായി. വിദ്യാഭ്യാസ ഗുണനിലവാര സമിതി മുന്നോട്ടുവെച്ച മൂന്ന് നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അന്തിമാംഗീകാരം നല്‍കി. സര്‍ക്കാര്‍ ആശുപത്രികളും ഹെല്‍ത്ത്​ സെൻററുകളും സാമ്പത്തിക സ്വയം പര്യാപ്​തത കൈവരിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം ചര്‍ച്ചക്കെടുത്തു. ആരോഗ്യ സേവനം തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കുന്നതിന് ഈ മേഖലയില്‍ നിക്ഷേപ സംരംഭങ്ങളുണ്ടാവേണ്ടതുണ്ടെന്ന് അഭിപ്രായമുയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട വിശദ ചര്‍ച്ച ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ നടത്തുന്നതിനും തീരുമാനിച്ചു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.