മനാമ: കോവിഡ് കാലത്ത് വിമാന സർവിസുകൾ നിർത്തിവെച്ചതിനാൽ റദ്ദായ വിമാന ടിക്കറ്റുകളുടെ റീഫണ്ട് ഇനിയും പൂർണമായില്ല. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റെടുത്തവരിൽ പലരും റീഫണ്ട് കിട്ടാൻ ഇപ്പോഴും കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിയത്. ദീർഘനാൾ കഴിഞ്ഞിട്ടും റീഫണ്ട് കിട്ടാത്തതിനെത്തുടർന്ന് പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയെ സമീപിച്ചതിെൻറ അടിസ്ഥാനത്തിലാണ് റീഫണ്ട് നൽകാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകിയത്.
ഇന്ത്യയിൽനിന്ന് വിമാന ടിക്കറ്റ് എടുത്തവർക്ക് ഏറക്കുറെ റീഫണ്ട് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽനിന്ന് ടിക്കറ്റ് എടുത്തവരാണ് പ്രയാസത്തിലായിരിക്കുന്നത്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റീഫണ്ടിന് പകരം മറ്റൊരു യാത്രക്ക് ഉപയോഗിക്കാൻ കഴിയുന്ന വൗച്ചറുകളാണ് നൽകിയത്. എന്നാൽ, മറ്റൊരു യാത്ര നടത്താൻ ഉദ്ദേശിക്കാത്തവർക്ക് ഇത് ഉപകാരപ്പെട്ടില്ല. പരാതികൾ ഉയർന്നതിനെത്തുടർന്ന് എയർ ഇന്ത്യ കൂപ്പണിന് പകരം ആവശ്യക്കാർക്ക് റീഫണ്ട് നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ബഹ്റൈനിൽ നിരവധി പേർക്ക് ഇതിനകം റീഫണ്ട് കൊടുത്തുകഴിഞ്ഞതായി എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. ഒാരോ ആഴ്ചയും റീഫണ്ടിന് അർഹരായവരുടെ പട്ടിക ഇന്ത്യയിലെ ആസ്ഥാനത്തുനിന്ന് മനാമയിലെ ഒാഫിസിൽ എത്തുന്നുണ്ട്. ഇതിനനുസരിച്ചാണ് അർഹരായവർക്ക് റീഫണ്ട് നൽകുന്നത്.
ഒരു സെക്ടറിന് 13 ദീനാർ വീതം കാൻസലേഷൻ ചാർജ് ഇൗടാക്കിയാണ് റീഫണ്ട് നൽകുന്നത്. ഇരുദിശകളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഒരാൾക്ക് 26 ദീനാർ കാൻസലേഷൻ ചാർജ് നൽകണം. കുടുംബത്തിലെ എല്ലാവർക്കുമായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് വൻതുകയാണ് റീഫണ്ട് ഇനത്തിൽ ലഭിക്കാനുള്ളത്. കാൻസലേഷൻ ചാർജ് കൊടുത്താലും കുഴപ്പമില്ല, ബാക്കി തുക ലഭിച്ചാൽ മതിയെന്ന അവസ്ഥയിലാണ് ഇവർ.
അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിെൻറ കാര്യത്തിൽ റീഫണ്ടിന് ഇപ്പോഴും പ്രശ്നം നേരിടുന്നുണ്ട്. ലോക്ഡൗൺ കാലത്തെ റദ്ദായ ടിക്കറ്റുകളുടെ റീഫണ്ടിന് ഇനിയും അനുമതി ലഭിക്കാത്തതാണ് കാരണം. റീഫണ്ടിന് പകരം കൂപ്പൺ ലഭിച്ചവർക്ക് 2023 മാർച്ച് വരെ ഉപയോഗിക്കാനാകും വിധം കാലാവധി നീട്ടിയിട്ടുണ്ട്. നേരത്തേ 2021 ഡിസംബർ 31 വരെയായിരുന്നു കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.