കുവൈത്ത് സിറ്റി: കോവിഡ് കാലത്തിന്റെ ഏറ്റവും പ്രധാന ഇരകളായ ഒരുവിഭാഗം വിദ്യാർഥികളാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾ. ഒന്നരവർഷത്തോളം അവർക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. പുതുതായി സ്കൂളിൽ ചേർക്കേണ്ട കുട്ടികൾക്ക് സ്കൂൾ എന്ന അനുഭവംപോലും തുടക്കത്തിൽ നഷ്ടമായി. പിന്നീട് പരിമിതമായ തോതിൽ സ്കൂൾ തുറന്നുപ്രവർത്തനമാരംഭിച്ചു.
ഹൈബ്രിഡ് രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പകുതി ഓൺലൈനും പകുതി നേരിട്ടും എന്നനിലയിൽ. 40 പേരുള്ള ഒരു ക്ലാസിനെ രണ്ടായി തിരിച്ച് 20 പേർ മാത്രമാണ് ഒരുസമയത്ത് ക്ലാസിലുണ്ടാകുക. ഒരു ക്ലാസിലെ പകുതി കുട്ടികളെ മറ്റു പകുതി കുട്ടികൾ നേരിട്ട് കണ്ടിട്ട് രണ്ട് വർഷമായി. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കുട്ടികൾക്ക് ചേർന്നിരുന്ന് സ്നേഹം പങ്കിടാൻ കഴിയുന്നില്ല.
ഭക്ഷണം പങ്കിട്ടുകഴിക്കുക ഇനി എന്ന് സാധ്യമാകും എന്ന് പറയാൻ കഴിയാത്ത മോഹമായി നിലനിൽക്കുന്നു. ആരോഗ്യസുരക്ഷ കണക്കിലെടുത്ത് ഇൻറർവെല്ലിന് പോലും കുട്ടികളെ പുറത്തേക്ക് വിടുന്നില്ല. ഇടകലർന്നുള്ള കളിയും ചിരിയുമെല്ലാം വിദ്യാർഥികാലത്തിന്റെ മാധുര്യമാണ്.
ആ മധുരമാണ് കുട്ടികൾക്ക് നഷ്ടമായിരിക്കുന്നത്. മാസ്ക് ധരിച്ച് മുഴുനീളം ക്ലാസിലിരിക്കേണ്ടിവരുന്നത് വീർപ്പുമുട്ടൽ ഉണ്ടാക്കുന്നു. അതിനേക്കാൾ വലിയ വീർപ്പുമുട്ടലായിരുന്നു ഒന്നരവർഷം വീട്ടിലിരിക്കേണ്ടി വന്നപ്പോൾ. കുട്ടികളിൽ വലിയ മാനസികാഘാതമാണ് കോവിഡ് കാലം സൃഷ്ടിച്ചത്. പ്രത്യേക പരിഗണന ആവശ്യമായ ഭിന്നശേഷിക്കാരായ കുട്ടികളാണ് ഏറ്റവും ബുദ്ധിമുട്ടിയത്.
സ്പെഷൽ സ്കൂളുകളിൽ പരിശീലനം സിദ്ധിച്ച അധ്യാപകരും തെറപ്പിസ്റ്റുകളും നൽകിയിരുന്ന പരിചരണം കിട്ടാതായതോടെ കുട്ടികളുടെ പെരുമാറ്റത്തിൽ വരുന്ന മാറ്റം കൈകാര്യം ചെയ്യാനാവാതെ മാതാപിതാക്കളും ബുദ്ധിമുട്ടി. നേരത്തെ സ്കൂളിൽനിന്ന് സ്വന്തമാക്കിയ പല കഴിവുകളും ഈ കുട്ടികൾക്ക് നഷ്ടമായി. സംസാര വൈകല്യം മുതൽ ഓട്ടിസം വരെ പലവിധ അവസ്ഥയിലുള്ള ഭിന്നശേഷിക്കാരുണ്ട്. പ്രത്യേക പരിശീലനവും ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളും ഇവരിൽ മിനിമം ശേഷി വളർത്തിയെടുക്കാൻ സഹായിക്കാറുണ്ട്. സ്വന്തം കാര്യങ്ങൾ നിർവഹിക്കാനുള്ള ശേഷി സ്പെഷൽ സ്കൂളിലെ പരിശീലനം വഴി ലഭിക്കുന്നു. എന്നാൽ, വീട്ടിലിരിക്കാൻ നിർബന്ധിതരായതോടെ പല കഴിവുകളും നഷ്ടമായി.
എന്തുകൊണ്ട് സ്കൂളിലും പുറത്തും പോവാൻ കഴിയുന്നില്ല എന്ന് ഈ കുട്ടികൾക്ക് മനസ്സിലാക്കാൻ പോലും കഴിയുമായിരുന്നില്ല. പലതരം ആക്ടിവിറ്റികളിലൂടെയാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അത്യാവശ്യം വേണ്ട കഴിവുകൾ വളർത്തിയെടുക്കുന്നത്. മറ്റു കുട്ടികളുമായുള്ള സമ്പർക്കം ഇക്കാര്യത്തിൽ നിർണായകമാണ്. കോവിഡ് കാല നന്മകളെ ആഘോഷിക്കുമ്പോൾ നാം മറക്കാൻ പാടില്ലാത്ത കാര്യ കോവിഡ് കാലവും പ്രതിസന്ധിയും നാം ഇനിയും പൂർണമായി പിന്നിട്ടിട്ടില്ല. പുതിയ സാധാരണ ജീവിതത്തോടെ വേറെ വഴിയില്ലാത്തത് കൊണ്ട് നാം താദാത്മ്യം പ്രാപിക്കുകയാണ്.
മുതിർന്നവരെപോലെ കുട്ടികൾക്ക് അത് എളുപ്പത്തിൽ കഴിയണമെന്നില്ല. അതുകൊണ്ട് നാം അവരെ മനസ്സിലാക്കണം. പിന്തുണ നൽകണം. സാധ്യമാകുന്ന അളവിൽ അവരോട് കൂടെയാകണം. ഈ കാലവും കടന്നുപോകും. നമ്മുടെ കുട്ടികൾ നാളെകളെ നയിക്കും...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.