കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ നടന്ന അറബ് ഉച്ചകോടിയിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുത്തു. സൗദിയും ഇറാനും തമ്മിലുള്ള ധാരണകൾ മേഖലയിൽ ക്രിയാത്മകമായി പ്രതിഫലിക്കുമെന്ന് ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടികാട്ടി. ഉച്ചകോടിക്ക് നേതൃത്വം നൽകിയ സൗദി അറേബ്യയെ അദ്ദേഹം അഭിനന്ദിച്ചു. ജിദ്ദ യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയെയും അമ്മാൻ മീറ്റിങ് പുറത്തിറക്കിയ പ്രസ്താവനയെയും സ്വാഗതം ചെയ്തു.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി കുവൈത്ത് ഭരണകൂടത്തിന്റെ ഉറച്ച നിലപാട് കിരീടാവകാശി ആവർത്തിച്ചു. വിഷയത്തിൽ നീതിപൂർവകവും സമഗ്രവുമായ പരിഹാരത്തിന് സമാധാന പ്രക്രിയയെ പുനരുജ്ജീവിപ്പിക്കാനുള്ള പങ്കുവഹിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള അസ്വാസ്ഥ്യങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അവയെ നേരിടാൻ ഉചിതമായ സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ടെന്നും കിരീടാവകാശി സൂചിപ്പിച്ചു. സിറിയയെ അറബ് സഭയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള അറബ് ലീഗിന്റെ തീരുമാനത്തിന് കുവൈത്തിന്റെ പിന്തുണ അദ്ദേഹം അറിയിച്ചു.
അറബ് രാജ്യങ്ങൾക്ക് വലിയ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളുമുണ്ടെന്ന് സൂചിപ്പിച്ച കിരീടാവകാശി, സുരക്ഷിതവും സുസ്ഥിരവുമായ ഭാവി ഉറപ്പാക്കാൻ കൂടുതൽ പരിശ്രമങ്ങളും ഏകോപനവും ആവശ്യമാണെന്ന് ഉണർത്തി.അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി ഉച്ചകോടിയിൽ പങ്കെടുത്ത കിരീടാവകാശി വിവിധ രാജ്യങ്ങളിലെ നേതൃത്വവുമായി കൂടിക്കാഴ്ചയും നടത്തി. വെള്ളിയാഴ്ച രാവിലെ ജിദ്ദയിലെത്തി ഉച്ചകോടിയിൽ പങ്കെടുത്ത അദ്ദേഹം വൈകീട്ടോടെ കുവൈത്തിലേക്ക് തിരിച്ചു.
കുവൈത്ത് സിറ്റി: അറബ് ഉച്ചകോടിക്കിടെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ പ്രധാന സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു.
യുക്രെയ്ൻ പ്രതിസന്ധിയെക്കുറിച്ചുള്ള കുവൈത്ത് ഭരണകൂടത്തിന്റെ നിലപാട് കിരീടാവകാശി വ്യക്തമാക്കി. കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ റിട്ട. ലെഫ്റ്റനന്റ് ജനറൽ ജമാൽ മുഹമ്മദ് അൽ ദിയാബ്, കിരീടാവകാശിയുടെ ഓഫിസിലെ വിദേശകാര്യ അണ്ടർ സെക്രട്ടറി മാസെൻ ഈസ അൽ ഇസ്സ, യൂറോപ്യൻ കാര്യങ്ങളിൽ അംബാസഡർ സാദിഖ് മുഹമ്മദ് മറാഫി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.