കുവൈത്ത് സിറ്റി: അവധിക്കുശേഷം നാട്ടിൽ നിന്ന് കുവൈത്തിലെത്തിയ പ്രവാസി വിമാനത്താവളത്തിൽ മരിച്ചു. എറണാകുളം പാമ്പക്കുട സ്വദേശി പി.വി. ജോണിയാണ് (56) കുവൈത്ത് വിമാനത്താവളത്തിൽ മരണമടഞ്ഞത്. തിങ്കളാഴ്ച വിമാനം ഇറങ്ങി ബയോമെട്രിക് എടുക്കുന്നതിനായുള്ള ശ്രമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ദേഹാസ്വസ്ഥ്യം ഉള്ളകാര്യം ഭാര്യയെ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ഉടൻ വൈദ്യസഹായം ലഭ്യമാക്കാൻ വിമാനത്താവളത്തിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 വർഷത്തിലേറെയായി കുവൈത്തിലുള്ള ജോണി ഇക്കോവർട്ട് കമ്പനിയിൽ ജോലിക്കാരനായിരുന്നു. പിതാവിന് സുഖമില്ലാത്തതിനാൽ അടുത്തിടെയാണ് നാട്ടിലേക്ക് പോയത്.
പള്ളിപ്പറമ്പിൽ യോഹന്നാന്റെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: അനു ജോണി. മകൻ: ഡാനി ജോണി. മൃതദേഹം ചൊവ്വാഴ്ച രാത്രി വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം നാട്ടിലയക്കാൻ സാമൂഹിക പ്രവർത്തകൻ സലീം കെമ്മേരി നേതൃത്വം നൽകി. ദിവസങ്ങൾക്കു മുമ്പ് അരീക്കോട് സ്വദേശിയും കുവൈത്തിലേക്ക് മടങ്ങിവരുന്നതിനിടെ വിമാനത്താവളത്തിൽ മരണപ്പെട്ടിരുന്നു. ജ്യേഷ്ഠന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് നാട്ടിൽ നിന്ന് എത്തിയതായിരുന്നു ഇദ്ദേഹം. വിമാനത്താവളത്തിൽ ലഗേജ് എടുക്കാൻ നിൽക്കുമ്പോഴാണ് നെഞ്ചുവേദന വന്നത്. പുറത്തു കാത്തുനിൽക്കാൻ ഡ്രൈവറെ വിളിച്ചു പറയുകയും ചെയ്തിരുന്നു. എന്നാൽ, മരണപ്പെട്ടതായി പിന്നീട് ഫർവാനിയ ആശുപത്രിയിൽ നിന്നുള്ള അറിയിപ്പാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.