കുവൈത്ത് സിറ്റി: ഡിജിറ്റൽ യുഗത്തിന്റെ കാലത്ത് അതിവേഗ ഇന്റർനെറ്റ് സേവനത്തിൽ വിപ്ലവം തീർത്ത് കുവൈത്ത്. ലോകത്തിലെ ഏറ്റവും വേഗമേറിയ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് കുവൈത്ത്. ആഗോളതലത്തിലും അറബ് ലോകത്തും ശ്രദ്ധേയമായ സ്ഥാനത്താണ് കുവൈത്ത്.
2024 ഒക്ടോബറിലെ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് പ്രകാരം 258.51 എം.ബി/സെക്കൻഡ് ശരാശരി വേഗത്തിലാണ് രാജ്യത്തെ ഇന്റർനെറ്റ് സേവനം. ഈ നേട്ടം മൊബൈൽ കണക്റ്റിവിറ്റിയിൽ കുവൈത്തിനെ ആഗോളതലത്തിൽ മുന്നിലെത്തിക്കുന്നു.
അസാധാരണമായ മൊബൈൽ ഇന്റർനെറ്റ് വേഗം (428.53 എം.ബി/സെക്കൻഡ്)ഉള്ള യു.എ.ഇയാണ് ആഗോളതലത്തിലും പ്രാദേശികമായും പട്ടികയിൽ ഒന്നാമത്. ആഗോളതലത്തിലും പ്രാദേശികമായും ഖത്തർ രണ്ടാം സ്ഥാനത്താണ്. ഖത്തറിലെ ശരാശരി വേഗം 356.7 എം.ബി/സെക്കൻഡ് ആണ്.
മറ്റു ജി.സി.സി രാജ്യങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സൗദി അറേബ്യ 121.9 എം.ബി/സെക്കൻഡ് വേഗത്തോടെ പതിനൊന്നാം സ്ഥാനത്തും ബഹ്റൈൻ 116.6 എം.ബി/സെക്കൻഡ് വേഗത്തോടെ പതിമൂന്നാം സ്ഥാനത്തും ഒമാൻ 89.3 എം.ബി/സെക്കൻഡ് വേഗത്തോടെ ഇരുപത്തി ഒമ്പതാം സ്ഥാനത്തുമാണ്.
കുവൈത്തിന്റെ മികച്ച റാങ്കിങ് ടെലികമ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചറിലെ ഗണ്യമായ പുരോഗതിയെ പ്രതിഫലിപ്പിക്കുകയും അതിവേഗ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. ജി.സി.സി രാജ്യങ്ങളുടെ ശക്തമായ പ്രകടനങ്ങൾ അത്യാധുനിക സാങ്കേതികവിദ്യയിലും ഡിജിറ്റൽ നവീകരണത്തിലും മേഖലയിലെ കുതിപ്പും അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.