കുവൈത്ത് സിറ്റി: കര അതിർത്തി ചെക് പോസ്റ്റിലെ ആരോഗ്യ മന്ത്രാലയം ജീവനക്കാരെ കുവൈത്ത് ഇരട്ടിയാക്കും.ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിെൻറ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥർ സാൽമി, നുവൈസീബ് ചെക് പോസ്റ്റുകളിൽ സന്ദർശനം നടത്തി തിരക്ക് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചത്.
കോവിഡ് പരിശോധന അടക്കം നടപടിക്രമങ്ങൾക്ക് സമയമെടുക്കുന്നതിനാൽ കുവൈത്തിലേക്കുള്ള കര അതിർത്തിയിൽ വാഹനത്തിരക്ക് അധികമാണ്. മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നതിലെ അസന്തുഷ്ടി നിരവധി സ്വദേശികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. പ്രതിദിനം ശരാശരി 1000 വാഹനങ്ങൾ അതിർത്തി കടന്നെത്തുന്നുണ്ട്. ഇതിനനുസരിച്ചുള്ള ജീവനക്കാർ ചെക് പോസ്റ്റിൽ ഇല്ലാത്തതാണ് തിരക്കിന് കാരണം. കോവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടച്ചിട്ടിരുന്ന കുവൈത്തിനും സൗദി അറേബ്യക്കുമിടയിലെ അതിർത്തി ചെക്ക് പോയൻറുകൾ സെപ്റ്റംബർ 15നാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. ആറു മാസത്തെ ഇടവേളക്ക് ശേഷമാണ് സാൽമി, നുവൈസീബ് അതിർത്തികൾ തുറന്നത്. ആരോഗ്യ സുരക്ഷാ മാനദണ്ഡം പാലിച്ച് നിയന്ത്രണങ്ങളോടെ ആണ് യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.
കുവൈത്തിലേക്ക് വരുന്നവർ 96 മണിക്കൂർ കഴിയാത്ത പി.സി.ആർ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് പ്രവേശനം അനുവദിക്കുക.14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നും ഫോണിൽ 'ശ്ലോനിക്' ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് പോകുന്നവർക്കും നോ കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന ബാധകമാണ്.കുവൈത്തിൽനിന്ന് പുറത്തുപോവാൻ സാൽമി, നുവൈസീബ് അതിർത്തി വഴി അനുവദിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവ് നുവൈസീബ് അതിർത്തി വഴി മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.