കുവൈത്ത് സിറ്റി: കല കുവൈത്ത് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ മംഗഫ് ഈസ്റ്റ് യൂനിറ്റ് ടീം ജേതാക്കളായി. ഹസാവി എ ആൻഡ് സി യൂനിറ്റ് ടീമാണ് റണ്ണേഴ്സ് അപ്. കെഫാക്ക് സ്ഥാപക അംഗവും ഭാരവാഹിയുമായ ടി.വി. സിദ്ദീഖ് മത്സരം ഉദ്ഘാടനം ചെയ്തു.
കല പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സി. രജീഷ് സംസാരിച്ചു. കെഫാക്ക് ട്രഷറർ തോമസ്, കല കുവൈത്ത് ട്രഷറർ അജ്നാസ് മുഹമ്മദ്, ജോ. സെക്രട്ടറി പ്രജോഷ്, വൈസ് പ്രസിഡന്റ് ബിജോയ് എന്നിവർ സന്നിഹിതരായി. കല കുവൈത്ത് കായിക വിഭാഗം സെക്രട്ടറി ഷിജിൻ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ജിൻസ് നന്ദിയും പറഞ്ഞു.
ഫഹാഹീൽ സൂഖ് സബ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ നുഗ്ര ഹവല്ലി യൂനിറ്റ് ടീമിനെ തോൽപിച്ചാണ് മംഗഫ് ഈസ്റ്റ് യൂനിറ്റ് ടീം ഫൈനലിലെത്തിയത്. അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് ടീമിനെ തോൽപിച്ച് ഹസാവി എ ആൻഡ് സി യൂനിറ്റ് ഫൈനലിലെത്തി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ടോപ് സ്കോറർ കൂടിയായ മംഗഫ് ഈസ്റ്റ് യൂനിറ്റ് ടീമിലെ സിബിനെ തിരഞ്ഞെടുത്തു. മികച്ച ഗോൾക്കീപ്പറായി ഹസാവി എ ആൻഡ് സി യൂനിറ്റ് ടീമിലെ ദാസ്, മികച്ച പ്രതിരോധ താരമായി മംഗഫ് ഈസ്റ്റ് യൂനിറ്റ് ടീമിലെ അനീഷ്, ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദ മാച്ചായി മംഗഫ് ഈസ്റ്റ് യൂനിറ്റ് ടീമിലെ ഷൈജൽ എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്ക് കല ഭാരവാഹികൾ സമ്മാനം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.