കുവൈത്ത് സിറ്റി: അധിനിവേശത്തിന്റെ കറുത്ത ദിനരാത്രങ്ങളിൽനിന്ന് മോചിതരായതിന്റെ ഓർമയിൽ കുവൈത്തിന് ശനിയാഴ്ച വിമോചനപ്പെരുന്നാൾ. വെള്ളിയാഴ്ച രാജ്യം 61ാമത് ദേശീയദിനം സമുചിതമായി ആഘോഷിച്ചു. തെരുവുകളിൽ ആവേശം തിരതല്ലിയപ്പോൾ ജനഹൃദയങ്ങൾ ദേശാഭിമാനത്തിന്റെ കൊടുമുടിയേറി. രാജ്യത്തിന്റെ മുക്കുമൂലകളിലും വാഹനങ്ങളിലും കുവൈത്ത് ദേശീയ പതാക പാറിപ്പറക്കുന്നത് കാണാമായിരുന്നു.
ബ്രിട്ടീഷ് കോളനി ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ ഓർമ പുതുക്കിയാണ് ദേശീയദിനം ആഘോഷിച്ചതെങ്കിൽ ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായതിന്റെ ഓർമക്കായാണ് വിമോചന ദിനാഘോഷം. രണ്ടും അടുത്തടുത്ത ദിവസങ്ങളിൽ വന്നത് സന്തോഷം ഇരട്ടിയാക്കി. രാജ്യത്തെ വിദേശി സമൂഹവും വാഹനങ്ങളിൽ കുവൈത്ത് പതാകയണിയിച്ചും ആഘോഷത്തിൽ പങ്കാളികളായി.
ദേശീയപതാകയും അമീറിന്റെയും മറ്റും പടങ്ങളും ആലേഖനം ചെയ്ത ശരീരങ്ങളുമായി കൊച്ചുകുട്ടികളും ബാലിക, ബാലൻമാരും റോഡുകളും തെരുവുകളും കൈയടക്കി. പരസ്പരം കെട്ടിപ്പിടിച്ചും ആലിംഗനം ചെയ്തും സന്തോഷം പങ്കിട്ട രാജ്യവാസികൾ ദേശസ്നേഹം പ്രകടിപ്പിക്കുന്ന തരത്തിലുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും പങ്കാളികളാവുകയും ചെയ്തു.
മൂന്നു പതിറ്റാണ്ട് മുമ്പ് ആഗസ്റ്റ് രണ്ടിനാണ് സദ്ദാം ഹുസൈന്റെ സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയത്. 28 ആണ്ടുകൾക്കിപ്പുറവും അധിനിവേശത്തിന്റെ നീറുന്ന ഓർമകൾ ഓരോ കുവൈത്തിയുടെയും ഓർമയിലുണ്ട്. അധിനിവേശം വരുത്തിവെച്ച കെടുതികളുടെ സ്മരണകൾ ഇന്നും ഈ മണ്ണിലുണ്ട്. ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും അധിനിവേശത്തിന്റെ ദുരിതം അനുഭവിച്ചു. മരണം മുന്നിൽ കണ്ട ആ ദിനങ്ങൾ പ്രവാസികളുടെ മനസ്സിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല.
എന്നാൽ, തങ്ങളെ തകർത്തു തരിപ്പണമാക്കിയ ഇറാഖിനെ നല്ല അയൽക്കാരായി കണ്ട് അവിടുത്തെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് ഉദാത്തമായ മാതൃക കാട്ടിയാണ് കുവൈത്ത് മധുരമായ പ്രതികാരം ചെയ്തത്. കുവൈത്ത് ജനത അധിനിവേശക്കെടുതികളിൽനിന്ന് ഏറക്കുറെ മോചിതരായിരിക്കുന്നു. രാജ്യം വൻ വികസനക്കുതിപ്പിലാണ്. ലോകത്തിന്റെ പൊതുനന്മക്കായി ഈ കൊച്ചുരാജ്യം ആവുന്നത് ചെയ്തുകൊണ്ടേയിരിക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ തീർക്കുന്നതിന് ഇടനിലക്കാരായും പ്രകൃതിദുരന്തങ്ങളാലും ആഭ്യന്തര സംഘർഷങ്ങളാലും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചും നന്മയുടെ വഴിയേ മുന്നിൽ നടക്കുകയാണവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.