കുവൈത്ത് സിറ്റി: ആഭ്യന്തരസംഘർഷം രൂക്ഷമായ സുഡാനിൽനിന്ന് കുവൈത്ത് പൗരന്മാർ തിരികെ എത്തി. വിദേശകാര്യ മന്ത്രാലയം നടപ്പാക്കിയ അടിയന്തര പദ്ധതിയുടെ ഭാഗമായി 25 പൗരന്മാരാണ് ഞായറാഴ്ച കുവൈത്തിൽ എത്തിയത്. സുഡാനിൽനിന്ന് കുവൈത്തിലെ അടക്കം 11 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ സൗദി കപ്പലുകൾ വഴി ശനിയാഴ്ച ജിദ്ദയിൽ എത്തിച്ചിരുന്നു. ഇവർ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച ഉച്ചയോടെ കുവൈത്തിൽ എത്തി.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ പൗരന്മാരെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അൽ ഉതൈബി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെയും രാഷ്ട്രീയ നേതൃത്വവും വിഷയത്തിൽ എടുത്ത താൽപര്യം ശൈഖ് തലാൽ അൽ ഖാലിദ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി അഹമ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് , വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, സുഡാനിലെ കുവൈത്ത് എംബസി ഉദ്യോഗസഥർ എന്നിവരുടെ ഇടപെടലും ശൈഖ് തലാൽ അൽ ഖാലിദ് എടുത്തുപറഞ്ഞു.
സുഡാനിൽ അകപ്പെട്ടവരെ തിരികെ എത്തിക്കാൻ സൗദി ഭരണനേതൃത്വം എടുത്ത നടപടികളെയും അദ്ദേഹം പ്രശംസിച്ചു. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരും സുഡാനിൽ നിന്ന് ഒഴിഞ്ഞതായി വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്സുല്ല അൽ ജാബിർ അസ്സബാഹ് അറിയിച്ചു.
തങ്ങളുടെ പൗരൻമാരെ വിജയകരമായി എത്തിച്ചതിന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരനെ ഫോണിൽ വിളിച്ചു നന്ദി അറിയിച്ചു.
സുഡാനിലെ കുവൈത്ത് അംബാസഡർ ഡോ. ഫഹദ് അൽ ദാഫിരിയുടെയും എംബസി ജീവനക്കാരുടെയും ശ്രമങ്ങളെ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു. കുവൈത്തികളെ ഒഴിപ്പിക്കാൻ സഹായിച്ച സൗദി, സുഡാൻ രാജ്യങ്ങളുടെ അധികാരികളോട് നന്ദിയും കടപ്പാടും ഉണ്ടെന്നും വ്യക്തമാക്കി.
അതേസമയം, വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങൾക്കിടയിലും സുഡാനിൽ ആർമി ട്രൂപ്പുകളും പാരാമിലിട്ടറി റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർ.എസ്.എഫ്) ഏറ്റുമുട്ടൽ തുടരുകയാണ്. പോരാട്ടത്തിൽ ഇതുവരെ 256 പേർ കൊല്ലപ്പെടുകയും 1,454 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.