കുവൈത്തിൽ 20 പ്രഫഷനുകളിൽ വിദേശികൾക്ക്​ യോഗ്യത പരീക്ഷക്ക്​ നീക്കം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 20 പ്രഫഷനുകളിൽ വിദേശികൾക്ക്​ യോഗ്യത പരീക്ഷ ഏർപ്പെടുത്താൻ മാൻപവർ അതോറിറ്റി തയാറെടുപ്പ്​ ആരംഭിച്ചു. നേരത്തെ കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ നിർത്തിവെച്ച നീക്കം പുനരാരംഭിച്ചതായി അതോറിറ്റി പ്ലാനിങ്​ ആൻഡ്​ അഡ്​മിനിസ്​ട്രേറ്റീവ്​ ഉപമേധാവി ഇമാൻ അൽ അൻസാരി പറഞ്ഞു. ഒാരോ വർഷവും 20 പ്രഫഷൻ വീതം ഉൾപ്പെടുത്തി നാലുവർഷം കൊണ്ട്​ 80 പ്രഫഷനിൽ എത്തിക്കുകയാണ്​ ലക്ഷ്യം.

സ്വകാര്യ മേഖലയിലെ തൊഴിലാളികളും കഴിവ്​ തെളിയിക്കേണ്ടിവരും. എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലിൽ വൈദഗ്​ധ്യമുണ്ടെന്ന്​ ഉറപ്പാക്കുകയാണ്​ ലക്ഷ്യം. തൊഴിൽവിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ്​ പരിശോധിക്കപ്പെടുക. പരീക്ഷയിൽ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനിൽ അടിച്ചുനൽകില്ല.

നിലവാരമുള്ള തൊഴിൽശക്​തിയെ മാത്രം നിലനിർത്തുകയെന്ന നയത്തി​െൻറ ഭാഗമായാണ്​ ഇ​ത്തരമൊരു നീക്കം. വിദേശികളെ കുറച്ച്​ സ്വദേശി ഉദ്യോഗാർഥികൾക്ക്​ പരമാവധി അവസരമൊരുക്കുകയും ലക്ഷ്യമാണ്​. ഉൽപാദനക്ഷമത വർധിപ്പിക്കാനും അവിദഗ്​ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ. കുവൈത്തികൾക്ക്​ വിവിധ തൊഴിലുകളിൽ പരിശീലനം നൽകുമെന്നും ഇമാൻ അൽ അൻസാരി വ്യക്​തമാക്കി.

ഏതൊക്കെ തസ്​തികയാണ്​ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുകയെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടില്ല. അതേസമയം, ഇലക്​ട്രിക്കൽ, കാർപെൻഡറി, മെക്കാനിക്​, മറ്റു ഇൻഡസ്​ട്രിയൽ വർക്കുകൾ തുടങ്ങി പത്തോളം ടെക്​നിക്കൽ പ്രഫഷനുകളിലാണ്​ ആദ്യഘട്ടം നടപ്പാക്കുക എന്ന്​ സൂചനയുണ്ട്​. സ്വകാര്യ മേഖലയിലെ അക്കൗണ്ടൻറ്​ അടക്കം പ്രഫഷനൽ തസ്​തികകൾ തസ്​തികകളിൽ വരുംവർഷങ്ങളിൽ തൊഴിൽ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും. എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്​കരണത്തി​െൻറ മാതൃകയിലാവും മറ്റു തസ്​തികകളിലേക്കും വ്യാപിപ്പിക്കുക. ആദ്യഘട്ടത്തിൽ കുവൈത്തിൽ നടത്തുന്ന നൈപുണ്യ പരിശോധന പിന്നീട്​ റിക്രൂട്ട്​മെൻറിന്​ മുമ്പ്​ അതത്​ രാജ്യങ്ങളിൽ തന്നെ നടത്തുന്നതും പരിഗണനയിലുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.