കുവൈത്തിൽ 20 പ്രഫഷനുകളിൽ വിദേശികൾക്ക് യോഗ്യത പരീക്ഷക്ക് നീക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 20 പ്രഫഷനുകളിൽ വിദേശികൾക്ക് യോഗ്യത പരീക്ഷ ഏർപ്പെടുത്താൻ മാൻപവർ അതോറിറ്റി തയാറെടുപ്പ് ആരംഭിച്ചു. നേരത്തെ കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച നീക്കം പുനരാരംഭിച്ചതായി അതോറിറ്റി പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഉപമേധാവി ഇമാൻ അൽ അൻസാരി പറഞ്ഞു. ഒാരോ വർഷവും 20 പ്രഫഷൻ വീതം ഉൾപ്പെടുത്തി നാലുവർഷം കൊണ്ട് 80 പ്രഫഷനിൽ എത്തിക്കുകയാണ് ലക്ഷ്യം.
സ്വകാര്യ മേഖലയിലെ തൊഴിലാളികളും കഴിവ് തെളിയിക്കേണ്ടിവരും. എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലിൽ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. തൊഴിൽവിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക. പരീക്ഷയിൽ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനിൽ അടിച്ചുനൽകില്ല.
നിലവാരമുള്ള തൊഴിൽശക്തിയെ മാത്രം നിലനിർത്തുകയെന്ന നയത്തിെൻറ ഭാഗമായാണ് ഇത്തരമൊരു നീക്കം. വിദേശികളെ കുറച്ച് സ്വദേശി ഉദ്യോഗാർഥികൾക്ക് പരമാവധി അവസരമൊരുക്കുകയും ലക്ഷ്യമാണ്. ഉൽപാദനക്ഷമത വർധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കുവൈത്തികൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകുമെന്നും ഇമാൻ അൽ അൻസാരി വ്യക്തമാക്കി.
ഏതൊക്കെ തസ്തികയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഇലക്ട്രിക്കൽ, കാർപെൻഡറി, മെക്കാനിക്, മറ്റു ഇൻഡസ്ട്രിയൽ വർക്കുകൾ തുടങ്ങി പത്തോളം ടെക്നിക്കൽ പ്രഫഷനുകളിലാണ് ആദ്യഘട്ടം നടപ്പാക്കുക എന്ന് സൂചനയുണ്ട്. സ്വകാര്യ മേഖലയിലെ അക്കൗണ്ടൻറ് അടക്കം പ്രഫഷനൽ തസ്തികകൾ തസ്തികകളിൽ വരുംവർഷങ്ങളിൽ തൊഴിൽ നൈപുണ്യവും ആധികാരികതയും തെളിയിക്കേണ്ടിവരും. എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്കരണത്തിെൻറ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക. ആദ്യഘട്ടത്തിൽ കുവൈത്തിൽ നടത്തുന്ന നൈപുണ്യ പരിശോധന പിന്നീട് റിക്രൂട്ട്മെൻറിന് മുമ്പ് അതത് രാജ്യങ്ങളിൽ തന്നെ നടത്തുന്നതും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.