കുവൈത്ത് സിറ്റി: മുൻനിര സാമ്പത്തിക സേവന ദാതാക്കളായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് കുവൈത്തിൽ നെറ്റ്വർക്ക് വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി സൗത്ത് സബാഹിയ വെയർഹൗസ് മാളിൽ പുതിയ ശാഖ തുറന്നു. കുവൈത്തിൽ ലുലു എക്സ്ചേഞ്ചിന്റെ 34ാമത്തെയും ആഗോളതലത്തിൽ 284ാമത്തെയും ശാഖയാണിത്.
ലുലു ഗ്രൂപ് ഇന്റർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതർ ഹമദ് ഹ്ലൈസ് അൽമകസഫ അൽ നെഹ്യദി പുതിയ ശാഖ ഉദ്ഘാടനം ചെയ്തു.
കുവൈത്തിലെ യു.കെ അംബാസഡർ ബെലിൻഡ ലൂയിസ്, ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ. മനേലിസി ഗെംഗെ, ഒമാൻ അംബാസഡർ ഡോ. സാലിഹ് ബിൻ അമർ അൽഖറൂസി എന്നിവരും പങ്കെടുത്തു. കുവൈത്ത് ലുലു എക്സ്ചേഞ്ചിന്റെ പ്രധാന പ്രവർത്തന മേഖലയാണെന്നും ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്ന വിശ്വാസവും പിന്തുണയും വലുതാണെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
പുതിയ ബ്രാഞ്ച് ഉപഭോക്താക്കൾക്ക് നൽകുന്ന പതിവ് സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ പേമെന്റ് ഇടപാടുകളുടെ വിനിമയം സുഗമമാക്കുകയും ചെയ്യും. ഡിജിറ്റൽ നവീകരണത്തെ പരിപോഷിപ്പിക്കുന്നതും മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതുമായ അന്തരീക്ഷം ഒരുക്കിയതിന് കുവൈത്ത് സർക്കാറിനോടും റെഗുലേറ്റർമാരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലുലു എക്സ്ചേഞ്ച് അതിന്റെ ശാഖകൾ വഴിയും മൊബൈൽ പേമെന്റ് ആപ്ലിക്കേഷനായ ‘ലുലു മണി’യിലൂടെയും പേമെന്റുകൾ, കറൻസി വിനിമയം, മൂല്യവർധിത സേവനങ്ങൾ എന്നിവ സമയബന്ധിതവും സുതാര്യവും വിശ്വസനീയവുമായ രീതിയിൽ നൽകിവരുന്നതായും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.