കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് കൂടുന്നതോടെ വൈദ്യുതി ഉപയോഗവും കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ വന്‍ വർധന രേഖപ്പെടുത്തി. 15,010 മെഗാവാട്ട് വൈദ്യുതിയാണ് ഞായറാഴ്ച മാത്രം ഉപയോഗിച്ചത്. ഞായറാഴ്ച താപനില 43 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.
ഇതോടെ കൂടുതൽ പേർ എ.സി ഉപയോഗത്തിലേക്ക് തിരിഞ്ഞതാണ് വൈദ്യുതി ഉപയോഗ നിരക്ക് ഉയരാൻ കാരണമെന്നാണ് സൂചന. വേനലിൽ വൈദ്യുതി ഉപഭോഗം വർധിക്കുമെന്ന് നേരത്തേ ജലം വൈദ്യുതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്ത് എല്ലാവർഷവും വേനൽ കാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട്.
ആഗസ്റ്റ് മുതൽ സെപ്റ്റംബർ അവസാനം വരെ വേനലിന്റെ പാരമ്യതയിലാണ് സ്ഥിരമായി ഉയർന്ന ഉപഭോഗം രേഖപ്പെടുത്താറുള്ളത്. കനത്ത ചൂടിൽ എയർകണ്ടീഷനറുകൾ കൂടുതലായി പ്രവർത്തിപ്പിക്കുന്നതും ജലോപയോഗം വർധിച്ചതുമാണ് ഉപഭോഗം ഉയരാൻ കാരണം. അതിനിടെ, ഊർജം സംരക്ഷിക്കുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കാനുമായി മന്ത്രാലയം നടപടികൾ കൈക്കൊണ്ടതായി അധികൃതർ അറിയിച്ചു.
ഇന്ധനത്തിന്റെ ലഭ്യതയും താപനിലയും അനുസരിച്ച് 1500 മുതൽ 2000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കരുതൽ ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാന സബ്സ്റ്റേഷനുകളായ ദോഹ,സൗത്ത് സബാഹ് അൽ സാലം എന്നിവടങ്ങളിലെ സാങ്കേതിക തകരാർ ഈ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സത്തിന് കാരണമായെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായി മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂണിൽ ഒരു ദിവസത്തെ ഉപഭോഗം 15040 മെഗാവാട്ടിൽ എത്തിയത് പുതിയ റെക്കോഡായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.