കുവൈത്ത് സിറ്റി: മന്ത്രിസഭ രൂപവത്കരണത്തിൽ ഐക്യം സൃഷ്ടിക്കുന്നതിനായി നിയുക്ത പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എം.പിമാരുമായുള്ള ചർച്ചകൾ തുടരുന്നു. ചൊവ്വാഴ്ച തുടക്കമിട്ട ചർച്ചകൾ കഴിഞ്ഞ ദിവസവും തുടർന്നു. ഇതിനകം 30ലേറെ എം.പിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയും ചർച്ചയും വഴി എല്ലാവരുടെയും അഭിപ്രായം തേടുകയും എതിർപ്പുകളില്ലാത്ത അംഗങ്ങളെ സർക്കാറിന്റെ ഭാഗമാക്കാനുമാണ് പ്രധാനമന്ത്രിയുടെ ശ്രമം.
ചർച്ചയിൽ എം.പിമാർ മറ്റ് ആശങ്കകളും പ്രധാനമന്ത്രിയെ അറിയിക്കുന്നുണ്ട്. രാഷ്ട്രീയ തടവുകാരുടെ വിഷയങ്ങൾ, പൗരത്വ പ്രശ്നം എന്നിവ എം.പി ഹാനി ഷംസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. കുവൈത്തികളുടെ ശമ്പളം വർധിപ്പിക്കണമെന്നും വിരമിച്ചവരുടെ മിനിമം പെൻഷൻ പ്രതിമാസം 1000 ദീനാറായി ഉയർത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി എം.പി ഖലീൽ അൽ സലേഹ് പറഞ്ഞു. യുവ ബിരുദധാരികൾക്ക് ജോലി നൽകുന്നതിന് സമഗ്രമായ പദ്ധതി തയാറാക്കുന്നതിനൊപ്പം പൗരന്മാർ എടുത്ത ബാങ്ക് വായ്പകളുടെ പ്രശ്നത്തിന് ന്യായമായ പരിഹാരം അവതരിപ്പിക്കാനും പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. ഈ മാസം 18ന് ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുമുമ്പ് മന്ത്രിസഭ രൂപവത്കരണം പൂർത്തിയാക്കേണ്ടതുണ്ട്. നേരത്തേ 11ന് സഭചേരുമെന്ന് വ്യക്തമാക്കുകയും മന്ത്രിസഭ അംഗങ്ങളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, മന്ത്രിസഭയിലെ ചില അംഗങ്ങൾക്കെതിരെ എം.പിമാർ രംഗത്തെത്തിയത് വിഷയം സങ്കീർണമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.