കുവൈത്ത് സിറ്റി: കൂടുതൽ യാത്രക്കാരെ സ്വീകരിക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഒരുക്കത്തിൽ. പെരുന്നാൾ അവധിയോടനുബന്ധിച്ച് യാത്രക്കാരും വിമാന സർവിസുകളും വർധിച്ചതോടെ മാസങ്ങൾക്ക് ശേഷം വിമാനത്താവളം സജീവമായിട്ടുണ്ട്. ഒരാഴ്ചക്കിടെ 1,20,000 യാത്രക്കാർ രാജ്യത്തിന് പുറത്തുപോകുമെന്നാണ് വിലയിരുത്തൽ. ഇതിൽ ഭൂരിഭാഗവും വിദേശത്ത് അവധി ആഘോഷിക്കാൻ പോകുന്ന കുവൈത്തികളാണ്.
420ഒാളം സർവിസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാൻ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയതായി വ്യോമയാന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹബീബ് അബ്ബാസ് അറിയിച്ചു. വിവിധ രാജ്യങ്ങളിലേക്ക് വിമാന സർവിസ് പുനരാരംഭിച്ചതിനോട് അനുബന്ധമായി പ്രതിദിന യാത്രക്കാരുടെ പരിധി 3500ൽനിന്ന് 5000 ആക്കി ഉയർത്തിയിട്ടുണ്ട്. ഒരു ദിവസം 67 വിമാനങ്ങൾക്ക് സർവിസ് നടത്താനാണ് ഇപ്പോൾ അനുമതിയുള്ളത്. ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾക്ക് വിധേയമായി മാത്രമേ യാത്രക്കാരെ അനുവദിക്കൂ.
ആഗസ്റ്റ് ഒന്നുമുതലാണ് വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത് പ്രാബല്യത്തിലാകുന്ന മുറക്ക് വിമാന സർവിസുകളുടെ എണ്ണവും യാത്രക്കാരുടെ പരിധിയും ഉയർത്തിയേക്കും. കുവൈത്തിൽ സാധുവായ ഇഖാമയുള്ള വിദേശികൾക്ക് ജോലി ഏതാണെന്ന് പരിഗണിക്കാതെതന്നെ വരാൻ കഴയുമെന്നാണ് അധികൃതർ പറയുന്നത്. കുവൈത്ത് അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് എടുത്തിരിക്കണം എന്ന് മാത്രമാണ് നിബന്ധനയായി വെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.