കുവൈത്ത് സിറ്റി: പതുക്കെ രാജ്യം അതിശൈത്യത്തിലേക്ക് നീങ്ങുന്നു. ഈ മാസം ആദ്യത്തിൽ എത്തിയ മഴയോടെ രാജ്യം തണുപ്പ് സീസണിലേക്ക് മാറിയിരുന്നു. നിലവിൽ പകൽ മിതമായ കാലാവസ്ഥയും രാത്രി തണുപ്പുമാണ്. ആളുകൾ തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ അണിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. വരും ദിവസങ്ങളിലും കുറഞ്ഞ താപനില തുടരും. രാജ്യം നിലവിൽ കുറഞ്ഞ ന്യൂനമർദ സംവിധാനത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണെന്ന് കാലാവസ്ഥ കേന്ദ്രം ആക്ടിങ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു.
വെള്ളിയാഴ്ച പകൽ നേരിയ തണുപ്പു നിറഞ്ഞതും ഭാഗിക മേഘാവൃതവുമായിരുന്നു. ചെറുതായി കാറ്റും വീശി. എന്നാൽ രാത്രി താപനില കുത്തനെ താഴ്ന്ന് എട്ടു മുതൽ 12 വരെ ഡിഗ്രി സെൽഷ്യസിന് ഇടയിൽ എത്തി. രാത്രി നല്ല തണുപ്പും അനുഭവപ്പെട്ടു.
ശനിയാഴ്ച മിതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 12 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ വീശാൻ സാധ്യതയുണ്ട്. ഇത് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയർത്താം. പരമാവധി താപനില 20 മുതൽ 22 വരെ ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ രണ്ടു മുതൽ ആറ് അടി വരെ ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. ശനിയാഴ്ച രാത്രി തണുപ്പുകൂടും. കുറഞ്ഞ താപനില ആറു മുതൽ ഒമ്പതു ഡിഗ്രി സെൽഷ്യസ് വരെയാകും. വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗത്തിൽ തുടരും.
ഈ മാസം അവസാനത്തോടെ താപനിലയിൽ വീണ്ടും കുറവുണ്ടാകുകയും തണുപ്പ് വർധിക്കുകയും ചെയ്യും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കഠിന തണുപ്പ് അനുഭവപ്പെടും. കഴിഞ്ഞ ജനുവരിയിൽ അതിശൈത്യമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം തണുപ്പ് മാർച്ച് അവസാനം വരെ നീണ്ടുനിൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.