കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ ജീവനക്കാർക്ക് നന്ദിയും സ്നേഹവും അറിയിച്ച് സ്ഥാനമൊഴിഞ്ഞ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്. പുതിയ മന്ത്രി ഡോ. ഖാലിദ് അൽ സഈദിന് എല്ലാ പിന്തുണയും നൽകണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 'എന്നിൽ വിശ്വാസമർപ്പിക്കുകയും ഏറ്റവും മികച്ച രീതിയിൽ കഠിനാധ്വാനം ചെയ്യുകയും ചെയ്ത പ്രിയപ്പെട്ട സഹോദരീ സഹോദരന്മാർക്കും ആരോഗ്യമന്ത്രാലയ ജീവനക്കാർക്കും ഹൃദയത്തിൽനിന്ന് നന്ദി അറിയിക്കുകയാണ്. എെൻറ ഭാഗത്തുനിന്നുണ്ടായ പിഴവുകൾക്ക് ക്ഷമ ചോദിക്കുകയും ചെയ്യുന്നു. ദൈവം അനുഗ്രഹിച്ചാൽ നമുക്ക് വീണ്ടും കണ്ടുമുട്ടാം'' ശൈഖ് ബാസിൽ അസ്സബാഹ് കുറിച്ചു.
തന്നിൽ വിശ്വാസമർപ്പിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യവും ലോകവും തുല്യതയില്ലാത്ത മഹാമാരിയെ അഭിമുഖീകരിച്ചപ്പോൾ മികച്ച പ്രവർത്തനമാണ് ശൈഖ് ബാസിൽ അസ്സബാഹിന് കീഴിൽ കുവൈത്ത് ആരോഗ്യ മന്ത്രാലയം കാഴ്ചവെച്ചത്. വിനയത്തോടെ താഴെത്തട്ടിൽ ഇറങ്ങി ജീവനക്കാരുടെ സ്നേഹം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞു. പാർലമെന്റ് അംഗങ്ങളും മന്ത്രിയുടെ പ്രകടനത്തെ പുകഴ്ത്തി.
ഡോ. ബാസിൽ അസ്സബാഹിനൊപ്പമുള്ള നഴ്സുമാരുടെ സെൽഫി വൈറലായിരുന്നു. ആരോഗ്യസംവിധാനത്തെ നവീകരിക്കാനും ശ്രദ്ധേയമായ ഇടപെടലുകൾ അദ്ദേഹം നടത്തി. ശസ്ത്രക്രിയക്ക് നേരിട്ട് നേതൃത്വം നൽകിയും അദ്ദേഹം ശ്രദ്ധ നേടി. മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്ത അവസ്ഥയിലും കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിലും വലിയ ഉത്തരവാദിത്തമാണ് പുതിയ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.