കുവൈത്ത് സിറ്റി: 2021ൽ രണ്ടര ലക്ഷത്തിലധികം വിദേശികൾ കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് സ്ഥിരമായി നാടണഞ്ഞു. 2,57,000 പേരാണ് കുവൈത്ത് വിട്ടത്. ഇതിൽ 2,05,000 പേർ സ്വകാര്യ മേഖലയിലുള്ളവരും 7000 പേർ സർക്കാർ വകുപ്പ് ജീവനക്കാരുമായിരുന്നു. 41,200 ഗാർഹികത്തൊഴിലാളികളും കുവൈത്ത് വിട്ടു. തൊഴിൽ വിപണിയിൽ വിദേശികളുടെ വൻ കൊഴിഞ്ഞുപോക്കിന് സാക്ഷിയായ വർഷമാണ് കടന്നുപോയത്. കോവിഡ് പ്രതിസന്ധിയും 60 വയസ്സ് പ്രായപരിധിയും സ്വദേശിവത്കരണവും ആണ് വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായത്.
23,000 കുവൈത്തികൾ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതിൽ കൂടുതലും സർക്കാർ മേഖലയിലാണ്. ഇപ്പോൾ രാജ്യത്തെ തൊഴിൽ വിപണിയിൽ 27 ലക്ഷത്തിലധികം പേരുള്ളതായാണ് കണക്കുകൾ. ഇതിൽ 16.2 ശതമാനം സ്വദേശികളാണ്.
46 ലക്ഷത്തിലധികമാണ് സ്വദേശികളും വിദേശികളും ഉൾപ്പെടെ കുവൈത്ത് ജനസംഖ്യ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പുതിയ വിസ അനുവദിക്കുന്നത് നിയന്ത്രിക്കുകയും നിരവധി പേർ നാട്ടിൽ പോകുകയും ചെയ്തതിനെ തുടർന്നാണ് തൊഴിൽ വിപണിയിലുള്ളവരുടെ എണ്ണവും ആകെ ജനസംഖ്യയും കുറഞ്ഞത്.
മുൻവർഷത്തെ അപേക്ഷിച്ച് 2.2 ശതമാനമാണ് ജനസംഖ്യ കുറഞ്ഞത്. അതേസമയം, കുവൈത്തി ജനസംഖ്യ വർധിച്ചിട്ടുണ്ട്. 21000 സ്വദേശി യുവാക്കൾ തൊഴിൽരഹിതരാണെന്നും സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 48.3 ശതമാനം പേർ സ്വകാര്യ മേഖലയിലും ജോലിചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിലെ കൂടിയ നിരക്കാണ്.
73000 കുവൈത്തികളാണ് നിലവിൽ സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്നത്. സ്വകാര്യ മേഖലയിൽ 15 ലക്ഷത്തിന് മുകളിൽ വിദേശികൾ ജോലിചെയ്യുന്നു. 3,46,000 കുവൈത്തികൾ സർക്കാർ ജോലിക്കാരാണ്. 6,39,000 ഗാർഹികത്തൊഴിലാളികളും രാജ്യത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.