കുവൈത്ത് സിറ്റി: വിവിധ കുടിശ്ശികകൾ ബാക്കിയാക്കി ഇനി മുതൽ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് പോകാനാകില്ല. ഇത്തരക്കാരെ പിടികൂടി അവ അടക്കാനുള്ള നടപടികൾ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി. രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പായി പ്രവാസികളും ഗൾഫ് പൗരന്മാരും ടെലിഫോൺ ബില്‍ കുടിശ്ശിക തീര്‍ക്കണമെന്ന് കമ്യൂണിക്കേഷൻ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു.
നേരത്തെ ആഭ്യന്തര മന്ത്രാലയവും വൈദ്യുതി-ജല മന്ത്രാലയവും സമാനമായ രീതിയില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കുടിശ്ശിക ബാക്കിയുള്ള പ്രവാസികള്‍ക്ക് അത് അടച്ചുതീർക്കാതെ രാജ്യം വിടാനാകില്ല. ഇതുസംബന്ധമായി വിവിധ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിയുമായി കമ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് അൽ മാജ്രൻ ചര്‍ച്ചകള്‍ നടത്തിയതായി പ്രാദേശിക മാധ്യമമായ അൽജരിദ റിപ്പോർട്ട് ചെയ്തു. ഏകജാലക സംവിധാനത്തില്‍ പിഴകള്‍ ഈടാക്കുന്നതിനായി മന്ത്രാലയങ്ങൾക്കിടയിൽ ഇലക്ട്രോണിക് ഇന്റർഫേസിനുള്ള സംവിധാനം ഉടന്‍ നടപ്പിലാക്കുമെന്നും സൂചനയുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നഷ്ടം തടയുന്നതിനും കടങ്ങൾ തിരിച്ചുപിടിക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അതിനിടെ, പ്രവാസികൾ രാജ്യം വിടുന്നതിനുമുമ്പ് വൈദ്യുതി-ജല ഉപഭോഗ ബിൽ അടക്കണമെന്ന നിയമം സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ശേഷം കുടിശ്ശിക ഉള്ളവർക്ക് അത് അടച്ചുതീർക്കാതെ രാജ്യം വിടാനാകില്ല. പ്രവാസികളും സന്ദർശകരും രാജ്യം വിടുന്നതിനുമുമ്പ് ഗതാഗത പിഴകൾ അടക്കണമെന്ന നിയമം കഴിഞ്ഞയാഴ്ച മുതൽ നിലവിൽ വന്നിരുന്നു. അതിർത്തികളിലും വിമാനത്താവളത്തിലും ഇതിനായി സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ നിയമം പ്രാവർത്തികമാക്കിയ ആദ്യ ദിവസങ്ങളിൽതന്നെ നിരവധി പേരുടെ യാത്രക്ക് തടസ്സംവരുകയും വലിയ തുക തിരിച്ചടക്കുകയും ചെയ്തിരുന്നു.
വിവിധ കേസുകളിൽ ഉൾപ്പെടുന്നവർക്ക് നിയമ പ്രശ്നം കാരണം നേരത്തെ മുതൽ യാത്രാവിലക്ക് ഏർപ്പെടുത്തിവരുന്നുണ്ട്. ഇതിന് പുറമെയാണ് വിവിധ മന്ത്രാലയങ്ങളും നടപടികൾ ശക്തമാക്കുന്നത്. പ്രവാസികൾക്ക് അവശ്യ സേവനങ്ങൾ നൽകുന്ന മറ്റ് മന്ത്രാലയങ്ങളും സമാനമായ രീതി പിന്തുടരുമെന്ന് സൂചനയുണ്ട്. കുടിശ്ശിക മന്ത്രാലയങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും ഓഫിസുകള്‍ വഴിയും വിമാനത്താവളത്തിലും അതിർത്തി ക്രോസിങ്ങുകളിലും സ്ഥാപിച്ചിരിക്കുന്ന പേയ്മെന്റ് ഓഫിസുകള്‍ വഴിയും അടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.