കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി ഭാഗിക കർഫ്യൂ ഉൾപ്പെടെ കടുത്ത നടപടികൾ സ്വീകരിച്ച ഘട്ടത്തിലും കർഫ്യൂ ഇല്ലാത്ത സമയങ്ങളിൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നു പരാതി. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ നിലവിലുള്ളത്. ഇൗ സമയത്ത് പൊതുഇടങ്ങൾ ഏതാണ്ട് ഒഴിഞ്ഞുകിടക്കുകയാണ്.
എന്നാൽ, പകൽ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളിൽ നിരത്തുകളിൽ തിരക്ക് കൂടിയിരിക്കുകയാണ്. കർഫ്യൂവിെൻറ ഗുണഫലം കോവിഡ് പ്രതിരോധത്തിൽ ഇതുമൂലം ലഭിക്കാതെ വരുന്നു. രാത്രിയിലെ ഇടപാടുകൾ കൂടി പകലിലേക്ക് മാറിയതോടെ പകൽ വൻ തിരക്കാണ്. വാഹനങ്ങളിലെ തിരക്കും വർധിച്ചു. ബസുകളിൽ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം പാലിക്കപ്പെടുന്നില്ല. ഏതാണ്ട് ഒരേ സമയത്താണ് ആളുകൾ ജോലിക്ക് ഇറങ്ങുന്നതും തിരിച്ചുവരുന്നതും. ഇത് തിരക്ക് വർധിക്കാൻ കാരണമാണ്. പ്രത്യക്ഷ രോഗലക്ഷണമില്ലാത്തവരിൽനിന്നും വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തുപോകരുതെന്നും ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഇപ്പോഴും ആയിരത്തിന് മുകളിൽതന്നെയാണ്. മരണനിരക്കും കുറഞ്ഞിട്ടില്ല. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കൂടിവരുകയാണ്. സ്ഥിതി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പൂർണ കർഫ്യൂവിന് സർക്കാർ നിർബന്ധിതരാകും. അതുകൊണ്ട് ജനങ്ങൾ കോവിഡ് നിയന്ത്രിക്കാനുള്ള സർക്കാറിെൻറ ശ്രമങ്ങളോട് സഹകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹരജി കോടതി തള്ളി. അഡ്മിനിട്രേറ്റിവ് കോടതിയുടേതാണ് നടപടി. ഇൗ ആവശ്യം ഉന്നയിച്ച് അഡ്മിനിസ്ട്രേറ്റിവ് കോടതിയിൽ മൂന്നു ഹരജികളാണ് സമർപ്പിക്കപ്പെട്ടത്.കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ നടപടി ഭരണഘടനവിരുദ്ധമാണെന്നും രാജ്യത്തെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മൂന്ന് അഭിഭാഷകര്‍ കോടതിയെ സമീപിച്ചത്.
എന്നാൽ, രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാവശ്യമായ പ്രായോഗിക നടപടികൾ സ്വീകരിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും സർക്കാറിനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.അഡ്വ. ആദിൽ അബ്ദുൽ ഹാദി സമർപ്പിച്ച ഹരജിയിൽ സലൂൺ അസോസിയേഷൻ, ചെറുകിട സംരംഭക യൂനിയൻ എന്നിവയും കക്ഷി ചേരുകയായിരുന്നു.
വൈറസിനെ പ്രതിരോധിക്കാൻ കർഫ്യൂ ഫലപ്രദമാകില്ലെന്നും ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ഒഴിവാക്കണമെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.നേരേത്ത കോടതി വിധി കൽപിക്കുന്നതുവരെ കർഫ്യൂ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 23 പേർ കൂടി അറസ്റ്റിലായി. 17 കുവൈത്തികളും ആറു വിദേശികളുമാണ് പിടിയിലായത്. ഹവല്ലി ഗവർണറേറ്റിൽ മൂന്നുപേർ, ഫർവാനിയ ഗവർണറേറ്റിൽ ഒരാൾ, ജഹ്റ ഗവർണറേറ്റിൽ ആറുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ മൂന്നുപേർ, അഹ്മദി ഗവർണറേറ്റിൽ പത്തുപേർ എന്നിങ്ങനെയാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.