കുവൈത്ത് സിറ്റി: ശൈത്യകാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം സജ്ജമായി. ശൈത്യകാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകളുടെ പ്രചാരണത്തിനായി ഒക്ടോബർ മുതൽ കാമ്പയിൻ ആരംഭിക്കും. ഈ കാലത്ത് കൂടുതലായി കാണപ്പെടുന്ന സാംക്രമിക രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളും മന്ത്രാലയത്തിൽ സ്റ്റോക്കുള്ളതായി അധികൃതർ വ്യക്തമാക്കി.
പൊതുജനാരോഗ്യം ഉറപ്പാകുന്നതിനായുള്ള മരുന്നുകളുടെയും പ്രതിരോധ വാക്സിനുകളുടെയും ലഭ്യത ഉറപ്പാക്കുന്നതിൽ ആരോഗ്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും കോവിഡ് വാക്സിൻ ഉൾപ്പെടെ എല്ലാതരം പ്രതിരോധ കുത്തിവെപ്പുകളുടെയും മതിയായ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് എന്നിവക്കെതിരെയുള്ള വാക്സിനുകളും ശൈത്യകാല രോഗങ്ങൾക്കെതിരെയുള്ള കുത്തിവെപ്പുകളും മെഡിസിൻ വെയർ ഹൗസുകളിൽ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സ്റ്റോക്കെത്തിയ കുട്ടികൾക്കുള്ള പ്രതിരോധ തുള്ളിമരുന്ന് ആരോഗ്യകേന്ദ്രങ്ങളിൽ വിതരണത്തിനയച്ചതായും മന്ത്രാലയം അറിയിച്ചു.
കുവൈത്ത് സിറ്റി: രാജ്യത്ത് മഴക്കാലം നേരിടാനുള്ള തയാറെടുപ്പുകൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽഖാലിദ് അസ്സബാഹ് ജനറൽ ഫയർഫോഴ്സ് സപ്പോർട്ട് സെന്റർ സന്ദർശിച്ചു.
അഗ്നിരക്ഷാസേനയുടെ അൽറായി സർവിസ് സെന്ററിലാണ് ശൈഖ് തലാൽ സന്ദർശിച്ചത്. ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മക്രാദിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ മന്ത്രിയെ സ്വീകരിച്ചു. മഴക്കാലത്തെ വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർഫോഴ്സ് തയാറാക്കിയ പദ്ധതികൾ മന്ത്രി പരിശോധിച്ചു. മഴക്കാലം മുന്നിൽകണ്ട് രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു.
രക്ഷാപ്രവർത്തനം, വെള്ളം പിൻവലിക്കൽ, റോഡുകൾ തുറക്കൽ എന്നിവയിൽ നേരിട്ട് ഇടപെടുന്ന സപ്പോർട്ട് സെന്ററിന്റെ വിവിധ സംവിധാനങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. മിനിറ്റിൽ അഞ്ചരലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ കഴിയുന്ന ഇലക്ട്രിക്കൽ, മെക്കാനിക്കൽ പമ്പുകളും ലോകത്തിലെ ഏറ്റവും ആധുനികമായ ഹൈഡ്രോളിക് വാട്ടർ പമ്പുകളും സർവിസ് സെന്ററിൽ സജ്ജമാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്ന അഗ്നിരക്ഷാസേന വർക്ക്ഷോപ്പും മന്ത്രി അൽ ഖാലിദ് സന്ദർശിച്ചു.
മന്ത്രി ശൈഖ് തലാൽ അൽഖാലിദ് അസ്സബാഹ് അഗ്നിരക്ഷാസേനയുടെ അൽറായി സർവിസ് സെന്റർ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.