ജിദ്ദ: രാജ്യത്തെ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വിദേശികളുടെ അവകാശ സംരക്ഷണത്തിന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി സൗദി ഭരണകൂടം. തൊഴിൽ സ്ഥാപനങ്ങൾ അടച്ചപൂട്ടിയാലും തൊഴിലാളിയുടെ ശമ്പള കുടിശികയും സർവിസ് ആനുകൂല്യങ്ങളും നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ അനുമതി നൽകി. ഇതിനുള്ള മുഴുവൻ ചെലവുകളും ഗവൺമെൻറ് വഹിക്കും. ഒരുവിധ അധിക ചെലവും സ്വകാര്യ സ്ഥാപനങ്ങൾ ഇതിനായി വഹിക്കേണ്ടി വരില്ല.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഇൻഷുറൻസ് പദ്ധതിക്ക് അംഗീകാരം നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മാനവി വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി നന്ദി രേഖപ്പെടുത്തി. രാജ്യത്തെ സ്വകാര്യമേഖലയിലെ സ്വദേശികളല്ലാത്ത തൊഴിലാളികളെ ലക്ഷ്യമിട്ടുള്ളതാണ് ഇൻഷുറൻസ് പദ്ധതി എന്ന് മന്ത്രി പറഞ്ഞു.
സ്ഥാപനത്തിന് പരാജയമുണ്ടാകുേമ്പാൾ വിദേശികളായ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇതിലൂടെ സഹായിക്കും. പരാജയത്തെ തുടർന്ന് നെഗറ്റീവ് ഫലങ്ങൾ ഉണ്ടാകുന്നതിനെ കുറക്കാനും ഇതിലൂടെ കഴിയും. സ്വകാര്യ സ്ഥാപനങ്ങൾക്ക് രാജ്യം നൽകുന്ന പ്രധാന്യവും താൽപര്യവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സൗദി സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നതിലും വിപണിയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിലും സ്വകാര്യ മേഖലക്ക് വലിയ പങ്കുണ്ട്. ആ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ് ഇതിലൂടെ ഉദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം, ധന മന്ത്രാലയം, സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി എന്നിവയെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപവത്കരിക്കാനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടേണ്ട സ്വകാര്യ സ് ഥാപനങ്ങളിലെ വിദേശി തൊഴിലാളി വിഭാഗങ്ങൾ ഏതൊക്കെയെന്ന് നിർണയിക്കുക, ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും സംവിധാനങ്ങളും നിശ്ചയിക്കുക, ഇൻഷുറൻസ് പോളിസിയുടെ മൂല്യം നിർണയിക്കുക എന്നിവ ഇൗ സമിതി കൈകാര്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.