കുവൈത്ത് സിറ്റി: കുവൈത്തും അയൽരാജ്യങ്ങളും ഒരുങ്ങി. ഇനിയുള്ള രണ്ടാഴ്ചക്കാലം കുവൈത്തും ജി.സി.സി രാജ്യങ്ങളും അയൽക്കാരായ ഇറാഖും, യമനും കാൽപന്തുകളിയുടെ ആവേശത്തിലാകും. 26ാമത് അറേബ്യൻ ഗൾഫ് കപ്പിന് ഇന്നു മുതൽ കുവൈത്തിൽ പന്തുരുണ്ടു തുടങ്ങും. രണ്ടു സ്റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് കുവൈത്ത് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
അർദിയ ജാബിർ അൽ അഹ്മദ് ഇന്റർ നാഷനൽ സ്റ്റേഡിയത്തിൽ വൈകീട്ട് ഏഴിനാണ് ഉദ്ഘാടന ചടങ്ങ്. അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വിവിധ രാഷ്ട്ര നേതാക്കള്‍ എന്നിവർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും സുരക്ഷാ സംഘം പൂർത്തിയാക്കി. ലോകകപ്പ് മാതൃകയിലുള്ള വിപുലമായ ആഘോഷ പരിപാടികളാണ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ഒരുക്കുന്നത്. കിക്ക്-ഓഫിന് മൂന്ന് മണിക്കൂർ മുമ്പ് സംഗീത -വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
പിറകെ ആദ്യ മത്സരത്തിൽ രാത്രി എട്ടിന് ആതിഥേയരായ കുവൈത്ത് ഒമാനെ നേരിടും. ജാബിർ അൽ അഹ്മദ് ഇന്റർ നാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരത്തിൽ രാത്രി 10ന് സുലൈബിക്കാത്ത് ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ ഖത്തറും യു.എ.ഇയും എറ്റുമുട്ടും.
കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യമൻ എന്നിവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങൾ. മത്സര ടിക്കറ്റ് ബുക്കിങ്ങിനായി ‘ഹയകോം’ ആപ് പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.