ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ്: 13 പേര്‍ മത്സരരംഗത്ത് 

മസ്കത്ത്: ജനുവരി 16ന് നടക്കുന്ന ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ 13 പേര്‍ മത്സരരംഗത്ത്. 
ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളെ നിയന്ത്രിക്കുന്ന ഡയറക്ടര്‍ ബോര്‍ഡിലെ അഞ്ചു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ശനിയാഴ്ച ഉച്ചക്ക് സമാപിച്ചിരുന്നു. നിലവിലെ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജും ഡയറക്ടര്‍ മുഹമ്മദ് ബഷീറുമടക്കം ഏഴു മലയാളികളാണ് മത്സരരംഗത്തുള്ളത്. 
പി.ടി.കെ. ഷമീര്‍, ബേബി സാം സാമുവല്‍ കുട്ടി, തോമസ് ഫിലിപ്, അജയകുമാര്‍ ജനാര്‍ദനന്‍ പിള്ള, ഷബാബ് ബാവ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു മലയാളികള്‍. നാമനിര്‍ദേശ പട്ടികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബര്‍ 31 ആണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനതീയതി. ജനുവരി ഒന്നിന് സ്ഥാനാര്‍ഥികളുടെ അന്തിമലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് നടക്കുന്ന ജനുവരി 16നുതന്നെ ഫലവും അറിയാന്‍ കഴിയും. ഒമ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മസ്കത്ത് ഇന്ത്യന്‍സ്കൂളിലെ രക്ഷകര്‍ത്താക്കളില്‍നിന്നാണ് അഞ്ചംഗങ്ങളെ തെരഞ്ഞെടുക്കുക. 
ഇവിടത്തെ 6500ലധികം രക്ഷിതാക്കള്‍ക്കാണ് വോട്ടവകാശമുള്ളത്. സ്പെഷല്‍ സ്കൂളിലെ 80 രക്ഷിതാക്കള്‍ക്കും വോട്ടവകാശമുണ്ടാകും. 
കാപിറ്റല്‍ ഏരിയയിലെ കമ്യൂണിറ്റി സ്കൂള്‍ അല്ലാത്ത വാദീ കബീര്‍ ഇന്ത്യന്‍ സ്കൂള്‍, അല്‍ ഗുബ്റ ഇന്ത്യന്‍ സ്കൂള്‍ എന്നിവക്ക് രണ്ടുവീതം പ്രതിനിധികളുണ്ടാവും. എന്നാല്‍, കാപിറ്റല്‍ ഏരിയയിലെ രണ്ടാമത്തെ വലിയ കമ്യൂണിറ്റി സ്കൂളായ ദാര്‍സൈത്ത് ഇന്ത്യന്‍സ്കൂളിന് തെരഞ്ഞെടുപ്പുപ്രക്രിയയില്‍ പങ്കാളിത്തമില്ല. അടുത്ത രണ്ടു വര്‍ഷമായിരിക്കും ബോര്‍ഡിന്‍െറ കാലാവധി. അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കും. 
12 പേരാണ് ബോര്‍ഡിലുണ്ടാവുക. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേരില്‍നിന്നാണ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT