കുട്ടിക്കുറ്റവാളികളുടെ എണ്ണം  വര്‍ധിക്കുന്നതായി കണക്കുകള്‍

മസ്കത്ത്: രാജ്യത്ത് കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍. മയക്കുമരുന്ന് വ്യാപാരം, സൈബര്‍ ഭീഷണി, മനുഷ്യക്കടത്ത് കേസുകളിലാണ് കൂടുതല്‍ പേരും പ്രതികളാക്കപ്പെട്ടത്. 
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുന്നതായും ഇത് കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ബോധവത്കരണ പരിപാടികള്‍ ആലോചനയിലുണ്ടെന്നും ജുവൈനല്‍കാര്യ വകുപ്പ് വക്താവ് അറിയിച്ചു. കഴിഞ്ഞവര്‍ഷം വിവിധ കുറ്റകൃത്യങ്ങളിലായി 506 പേരാണ് പ്രതികളാക്കപ്പെട്ടത്. ഇതില്‍ ചിലത് മുതിര്‍ന്നവരുമായും പരമ്പര കുറ്റവാളികളുമായും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണെന്നത് ഇതിന്‍െറ രൂക്ഷത വര്‍ധിപ്പിക്കുന്നു. 2014ലാകട്ടെ 423 കുട്ടിക്കുറ്റവാളികളാണ് പ്രതിയാക്കപ്പെട്ടത്. 
സാമൂഹികമാധ്യമങ്ങളുടെ സ്വാധീനമാണ് കുറ്റകൃത്യങ്ങള്‍ ഇരുപത് ശതമാനത്തോളം വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ വര്‍ഷം കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് മന്ത്രാലയം വക്താവ് മുഹമ്മദ് സാലിം അല്‍ നുഅ്മാനി പറഞ്ഞു. മോശം ഭാഷകള്‍ പ്രയോഗിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതുമാണ് കുട്ടികള്‍ മൊബൈല്‍ ഫോണുകളിലൂടെ ചെയ്യുന്നത്. പണക്കാരായ രക്ഷാകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് പണം നല്‍കുന്നത് പലരെയും മയക്കുമരുന്നിന് അടിമകളാക്കുന്നു. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തിന്‍െറ ഫലമായാണ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ കുട്ടികള്‍ പണം മോഷ്ടിക്കുകയും മറ്റും ചെയ്യുന്നതെന്ന് അല്‍ നുഅ്മാനി പറഞ്ഞു. 
കവര്‍ച്ചാ കേസുകളിലാണ് കൂടുതല്‍ കുട്ടികളും പ്രതികളായത്. മര്‍ദന കേസുകളാണ് തൊട്ടുപിന്നില്‍. സൈബര്‍ കേസുകള്‍ വര്‍ധിക്കുകയാണെന്നും വൈകാതെ ആദ്യ രണ്ട് വിഭാഗങ്ങളെ ഇത് മറികടക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.  മോശം പെരുമാറ്റം, ഗതാഗത നിയമലംഘനങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയാണ് നാലും അഞ്ചും ആറും സ്ഥാനങ്ങളില്‍. 2010ലാണ് കൂടുതല്‍ പേര്‍ പ്രതികളാക്കപ്പെട്ടത്, 880 പേര്‍. തുടര്‍ വര്‍ഷങ്ങളില്‍ പ്രതികളാക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം കുറ്റവാളികളുടെ എണ്ണം തൊട്ടു മുന്‍വര്‍ഷത്തെ 423ല്‍നിന്ന് 506 ആയി ഉയരുകയായിരുന്നു.
 506 പേരില്‍ 25 പേര്‍ പെണ്‍കുട്ടികളാണ്. കഴിഞ്ഞവര്‍ഷം പ്രതികളാക്കപ്പെട്ടവരില്‍ മുപ്പത് പേര്‍ വിദേശികളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT