ഇന്ത്യന്‍ സ്കൂള്‍ പ്രവേശ നറുക്കെടുപ്പ്  ഈമാസം പകുതിയോടെ

മസ്കത്ത്: നഗര മേഖലയിലെ ഇന്ത്യന്‍ സ്കൂളുകളിലെ അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശത്തിനുള്ള ഒന്നാംഘട്ട നറുക്കെടുപ്പ് ഈമാസം പകുതിയോടെ നടക്കും. ആറ് ഇന്ത്യന്‍ സ്കൂളുകളിലേക്കും ഗൂബ്ര ഇന്ത്യന്‍ സ്കൂളിലേക്കുമാണ് നറുക്കെടുപ്പ് നടക്കുന്നത്. എന്നാല്‍, ഈ വര്‍ഷം അപേക്ഷകരുടെ എണ്ണത്തില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മൊത്തം 5300 അപേക്ഷകരാണുണ്ടായിരുന്നത്. ഈ വര്‍ഷം 4800ല്‍ താഴെയാണ് അപേക്ഷകര്‍. എറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് കെ.ജി ഒന്നിലാണ്. മൊത്തം അപേക്ഷകരുടെ 80 ശതമാനവും  കെ.ജി ഒന്ന്, കെ.ജി രണ്ട്, ഒന്ന്, രണ്ട് ക്ളാസിലാണ്. ഒന്നാം ഘട്ട നറുക്കെടുപ്പില്‍ സീറ്റ് ലഭിക്കാത്തവര്‍ക്കായി  അടുത്ത മാസം ആദ്യത്തില്‍ രണ്ടാംഘട്ട നറുക്കെടുപ്പ് നടക്കും. നിലവില്‍ നഗരമേഖലയിലെ ആറ് സ്കൂളുകളിലായി 44,500 കുട്ടികളാണ് പഠിക്കുന്നത്. അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും സീറ്റ് നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്ന് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ വി ജോര്‍ജ് പറഞ്ഞു. സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന്‍െറ വെബ്സൈറ്റ് അനുസരിച്ച് ആറ് ഇന്ത്യന്‍ സ്കൂളുകളിലും ഐ.എസ്.എം അല്‍ ഖുബ്റയിലുമായി 1986 സീറ്റുകളാണ് കെ.ജി ഒന്നിലുള്ളത്. ഇതില്‍ വൈകുന്നേര ഷിഫ്റ്റും ഉള്‍പ്പെടും. ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത്, ഇന്ത്യന്‍ സ്കൂള്‍ വാദി കബീര്‍ എന്നിവിടങ്ങളിലാണ് വൈകുന്നേരം ഷിഫ്റ്റുകളുള്ളത്. പുതുതായി ആരംഭിക്കുന്ന മസ്കത്ത് സ്കൂളിന്‍െറ ശാഖയായ അല്‍ഗൂബ്ര സ്കൂളില്‍ 240 സീറ്റുകളാണുള്ളത്. ഇവിടെ കൂടുതല്‍ സീറ്റുകള്‍ക്ക് സൗകര്യമുണ്ട്. എന്നാല്‍, വെബ്സൈറ്റില്‍ നല്‍കിയ സീറ്റൊഴിവുകള്‍ താല്‍ക്കാലികം മാത്രമാണ്. വിടുതല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റും നല്‍കുന്നതോടെ കൂടുതല്‍ സീറ്റുകള്‍ നിലവില്‍ വരും. അതിനുശേഷം മാത്രമേ സീറ്റുകളുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരുകയുള്ളൂ. ഏതായാലും ഈ വര്‍ഷം സ്കൂള്‍ പ്രവേശം വലിയ കീറാമുട്ടിയാവാന്‍ സാധ്യതയില്ല. 
രണ്ടാം നറുക്കെടുപ്പോടെ തന്നെ അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും പ്രവേശം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എണ്ണ വില ഉയര്‍ത്തുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്ത്യന്‍ സ്കൂള്‍ പ്രവേശത്തെ ചെറിയ തോതില്‍ ബാധിച്ചുവെന്നാണ് അഡ്മിഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം പുതിയ അഡ്മിഷനില്‍ 10 ശതമാനത്തില്‍ കൂടുതല്‍ കുറവുവന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി പേര്‍ കുട്ടികളെ നാട്ടിലെ സ്കൂളില്‍ ചേര്‍ക്കാനും ശ്രമിക്കുന്നുണ്ട്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെയാണ് ഇതുസംബന്ധമായ ശരിയായ ചിത്രം ലഭിക്കുക. ഒമാനിലെ സ്കൂള്‍ വിദ്യാഭ്യാസ ചെലവ് ഏറെ ഭാരിച്ചതാണെന്ന് കാപിറ്റല്‍ ഏരിയയിലെ വിവിധ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു. ഒരു കുട്ടിക്ക് ഒരു മാസത്തേക്ക് ചുരുങ്ങിയത് 50 റിയാലെങ്കിലും ചെലവുവരും. കേരളത്തിലെ സ്കൂളുകളിലെ വിദ്യാഭ്യാസ ചെലവിന്‍െറ എത്രയോ ഇരട്ടിയാണിത്. എണ്ണ വിലക്കുറവ് കാരണം ആനുകൂല്യങ്ങള്‍ പലതും നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ കുടുംബത്തെ നാട്ടിലാക്കി നാട്ടിലെ സ്കൂളില്‍ കുട്ടികളെ ചേര്‍ക്കുന്നവരും നിരവധിയാണ്. ഇതെല്ലാം ഇന്ത്യന്‍ സ്കുളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കുറക്കാന്‍ കാരണമാക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.