മത്ര ഗോള്‍ഡ് സൂഖ്, സീബ് സ്വര്‍ണക്കവര്‍ച്ച:  പ്രതികളെ പിടികൂടിയത്  അതിവിദഗ്ധ നീക്കത്തിനൊടുവില്‍

മസ്കത്ത്: മത്ര ഗോള്‍ഡ് സൂഖ്, സീബ് എന്നിവിടങ്ങളില്‍ കവര്‍ച്ച നടത്തിയവരെ റോയല്‍ ഒമാന്‍ പൊലീസ് വലയിലാക്കിയത് ശാസ്ത്രീയ അന്വേഷണത്തിലൂടെ. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് ആറാഴ്ചയിലേറെ നടത്തിയ കഠിന യത്നത്തിലൂടെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞതിന്‍െറ അഭിമാനത്തിലാണ് പൊലീസ് സേന. മൊത്തം ഒമ്പതുപേരുണ്ടായിരുന്ന സംഘത്തിലെ ആറുപേരാണ് പിടിയിലായത്. 
ഒമാന് പുറത്തുകടന്ന മൂന്നുപേരെ പിടികൂടാന്‍ അധികൃതര്‍ ഇന്‍റര്‍പോളിന്‍െറ സഹായം തേടി. ഇവര്‍ ബഹ്റൈനില്‍ എത്തിയതായി സംശയിക്കുന്നു. കഴിഞ്ഞമാസം നാലിനാണ് മത്ര ഗോള്‍ഡ് സൂഖില്‍ വന്‍ കവര്‍ച്ച നടന്നത്. ഇറാനിയന്‍ വംശജരുടെ ഉടമസ്ഥതയിലുള്ള അല്‍ നസീം ജ്വല്ലറിയില്‍നിന്ന് മൊത്തം 12 ലക്ഷം റിയാല്‍ മൂല്യമുള്ള 37 കിലോ സ്വര്‍ണമാണ് അര്‍ധരാത്രി കവര്‍ന്നത്. സീബിലും സമാന രീതിയിലുള്ള കവര്‍ച്ചയിലൂടെ രണ്ടുലക്ഷം റിയാലിന്‍െറ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. 
ഒമാന്‍െറ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കവര്‍ച്ചയായിരുന്നു ഇത്.കവര്‍ച്ചക്ക് ശേഷം രാജ്യംവിടാന്‍ ശ്രമിച്ച രണ്ടുപേരെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് പിടികൂടിയത്. രാജ്യംവിടാനായി വിമാനത്തില്‍ കയറിയ ഇവരെ വിമാനത്തില്‍നിന്ന് തിരിച്ചിറക്കുകയായിരുന്നു. ചിലരെ ബര്‍കയനിന്നാണ് പിടികൂടിയത്. ബര്‍കയില്‍നിന്ന് കടല്‍മാര്‍ഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. കവര്‍ച്ചയുടെ ബുദ്ധി കേന്ദ്രം രക്ഷപ്പെട്ടവരാണെന്നാണ് സംശയിക്കുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമം നടക്കുകയാണ്. കാര്യമായ തെളിവുകള്‍ അവശേഷിക്കാതെയായിരുന്നു കവര്‍ച്ച. 
ജ്വല്ലറിയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. സ്പ്രേ പെയിന്‍റ് അടിച്ചാണ് കാമറ പ്രവര്‍ത്തനരഹിതമാക്കിയത്. 
വിരലടയാളങ്ങള്‍, ടെലിഫോണ്‍ കാളുകള്‍, സമീപത്തെ മറ്റു സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ എന്നിവ അന്വേഷണത്തിന് ഉപയോഗപ്പെടുത്തി. വാഹനങ്ങളില്‍ പരിശോധന ശക്തമാക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കാര്‍ വാടകക്കെടുത്താണ് അര്‍ധരാത്രി സംഘം കവര്‍ച്ചക്കത്തെിയത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൂട്ട് പൊളിച്ച് കവര്‍ന്ന സ്വര്‍ണം ഹമരിയയിലെ വാടകക്കെടുത്ത ഫ്ളാറ്റിലാണ് സൂക്ഷിച്ചിരുന്നത്. സംഘം അതീവ സുരക്ഷിത മേഖലയായ മസ്കത്ത് അല്‍ അഹ്ലാം പാലസ് റോഡ് വഴിയാണ് കടന്നത്. യു.എ.ഇയില്‍നിന്ന് സ്വര്‍ണം ഉരുക്കുന്നവരെ കൊണ്ടുവന്ന് ഉരുക്കി ഒമാന് പുറത്ത് കടത്തുകയായിരുന്നു പദ്ധതി. എന്നാല്‍, അധികൃതര്‍ പഴുതടച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ വലയിലാവുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അധികൃതര്‍ പറഞ്ഞു. 
ഇവരെ തുടര്‍ നടപടിക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. കവര്‍ച്ച നടന്ന കടക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടായിരുന്നില്ല. കവര്‍ച്ചക്ക് ശേഷം 27 ദിവസം കട അടച്ചിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT