മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ പുതിയ പ്രവേശനത്തിന് നൂറു റിയാൽ ഫീസ് ചുമത്താൻ നീക്കം. തിരിച്ച് ലഭിക്കാത്ത ഡെപ്പോസിറ്റ് ഇനത്തിലാകും ഇൗ ഫീസ് ഇൗടാക്കുകയെന്ന് സ്കൂൾ ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സലാല ഇന്ത്യൻ സ്കുളിൽ എൽ.കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ള പുതിയ അഡ്മിഷനുകളിൽനിന്ന് 100 റിയാൽ പുതിയ ഫീസ് ഇൗടാക്കുമെന്ന് കഴിഞ്ഞയാഴ്ച രക്ഷിതാക്കൾക്ക് സർക്കുലർ വന്നിരുന്നു.
ഇത് തിരിച്ചുലഭിക്കുന്നതല്ല എന്നും അറിയിപ്പിലുണ്ടായിരുന്നു. എന്നാൽ, രക്ഷാകർത്താക്കൾ ഇൗ തീരുമാനത്തിനെതിരെ വ്യാപക എതിർപ്പ് ഉയർത്തിയിരുന്നു. ഇതേതുടർന്ന് തീരുമാനം മരവിപ്പിച്ചിരിക്കുകയാണ്. ‘ഗൾഫ് മാധ്യമം’ ഇതുസംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
സലാലക്ക് പുറമെ മറ്റു സ്കൂളുകളിലും പുതിയ പ്രവേശനത്തിന് 100 റിയാൽ തിരിച്ചു കിട്ടാത്ത ഫീയായി നിശ്ചയിക്കുമെന്ന് ഇന്ത്യൻ സ്കൂൾ ബോർഡിലെ മുതിർന്ന അംഗം പറഞ്ഞതായാണ് റിപ്പോർട്ട്. സ്കൂൾ കെട്ടിടനിർമാണം അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്കാകും ഇൗ സംഖ്യ ഉപയോഗപ്പെടുത്തുക. എന്നാൽ, നിലവിൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇൗ ഫീ ബാധകമാവുകയില്ല. എന്നാൽ, സ്കൂൾ ഡയറക്ടർ േബാർഡ് ചെയർമാൻ ഇൗ വിഷയത്തിൽ പ്രതികരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
നിലവിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഭീമമായ സംഖ്യയാണ് രക്ഷിതാക്കൾ ചെലവിടുന്നത്. സ്കൂൾ ഫീസിന് പുറമെ ഗതാഗത ഫീസും മറ്റു ഫീസുകളും ഉൾപ്പെടുന്നതോടെ മാസന്തോറും ശരാശരി രക്ഷിതാവിന് 60 റിയാലിലധികം ചെലവുവരുന്നുണ്ട്.
മുതിർന്ന ക്ളാസുകളിൽ ഫീ പിന്നെയും വർധിക്കും. മിക്ക രക്ഷിതാക്കളും കുട്ടികളെ ട്യുഷന് വിടുന്നുമുണ്ട്. ഇൗ ഇനത്തിലും നല്ല ചെലവാണ് രക്ഷിതാക്കൾക്കുള്ളത്.
മുതിർന്ന ക്ളാസുകളിൽ ട്യുഷന് പോവാതെ കുട്ടികൾക്ക് പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയുമുണ്ട്. വർഷം തോറും ഫീസുകൾ വർധിപ്പിക്കുകയും പുതിയ ചെലവുകളുണ്ടാക്കുകയും ചെയ്യുന്നത് രക്ഷിതാക്കൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പുതിയ ഡെേപ്പാസിറ്റ് ഫീയും രക്ഷിതാക്കൾക്ക് അമിത ഭാരമുണ്ടാക്കും. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാരണം പലർക്കും ജോലി നഷ്ടപ്പെടുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും ചെയ്യുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ പലതും പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ഇൗ അവസരത്തിൽ പുതിയ ബാധ്യതകളുണ്ടാക്കുന്നത് രക്ഷിതാക്കളുടെ ശക്തമായ പ്രതിഷേധം വിളിച്ചുവരുത്താൻ കാരണമാക്കും.
സ്കൂളുകളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്താൻ ട്യൂഷനും മറ്റും ചെലവിടുന്ന ഭീമമായ സംഖ്യ ലാഭിക്കാൻ കഴിയുമെന്നും ചില രക്ഷിതാക്കൾ പറയുന്നു. വർഷാവർഷം ഫീസ് വർധിപ്പിക്കുന്നതോടൊപ്പം ഇൗ മേഖലയിലും ശ്രദ്ധവേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.