മസ്കത്ത്: കാർഷിക മേഖലയിലും ഭക്ഷ്യസുരക്ഷയിലും കൂടുതൽ നിക്ഷേപം നടത്താൻ ഒമാനും ഇന്ത്യയും. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) സംഘടിപ്പിച്ച ഒമാനി-ഇന്ത്യൻ ബിസിനസ് ഫോറത്തിലാണ് ഇതുസംബന്ധിച്ച ചർച്ച നടന്നത്.
സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായി, കൃഷിയും മത്സ്യബന്ധനവും ഒമാൻ സർക്കാർ നിക്ഷേപത്തിന് മുൻഗണന നൽകുന്ന പ്രധാന മേഖലകളാണ്. ഫോറത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ, കാർഷിക മേഖലകളിലെ സഹകരണ വശങ്ങൾ ഒമാൻ-ഇന്ത്യൻ സംരംഭകർ ചർച്ച നടത്തി നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള മാർഗം തേടി. ഫോറവും അനുബന്ധ ഉഭയകക്ഷി യോഗങ്ങളും ഒമാനും ഇന്ത്യയും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് ചടങ്ങിൽ സംസാരിച്ച ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ എൻജി. റിദ ബിൻ ജുമാ അൽ സാലിഹ് പറഞ്ഞു. ഇന്ത്യയിലെ സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് ഈവർഷം ജൂൺ അവസാനംവരെ രണ്ടു ശതകോടി റിയാലിലധികമാണ്. ഇന്ത്യയിൽനിന്നുള്ള ഒമാനി ഇറക്കുമതിയുടെ മൂല്യം 793.47 ദശലക്ഷം റിയാൽ കവിഞ്ഞിട്ടുണ്ട്. അതേസമയം, ഇന്ത്യയിലേക്കുള്ള ഒമാനി കയറ്റുമതിയുടെ മൂല്യം 1.34 ശതകോടി റിയാലിൽ അധികവുമാണ്. വിവിധ മേഖലകളിലായി നേരിട്ട് 2020ൽ ഒമാനിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ നിക്ഷേപം 12 ശതകോടി റിയാൽ ആണെന്ന് അൽ സലേഹ് പറഞ്ഞു. രണ്ടു സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങളുടെ ആഴം ഫോറം ഉൾക്കൊള്ളുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഫോറത്തിൽ പറഞ്ഞു. വൈദഗ്ധ്യവും പരിചയവും പ്രയോജനപ്പെടുത്തുന്നതിനും വാണിജ്യ പങ്കാളിത്തം സ്ഥാപിക്കുന്നതിനുമായി വ്യാപാര പ്രതിനിധി സംഘങ്ങളുടെ സന്ദർശനം സംഘടിപ്പിക്കാനുള്ള പ്രാധാന്യത്തെപ്പറ്റിയും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെയും ഒമാനിലെയും ബിസിനസ് ഉടമകൾ കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.