മസ്കത്ത്: സിറിയയിലെ നിലവിലുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി റിയാദിൽ നടന്ന അറബ് യോഗത്തിൽ ഒമാൻ പങ്കെടുത്തു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽബുസൈദിയാണ് സുൽത്താനേറ്റ് പ്രതിനിധി സംഘത്തെ നയിച്ചത്. സുരക്ഷ, ഐക്യം, വികസനം, പുനർനിർമാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സിറിയയെ സമ്പന്നമായ ഭാവി രൂപപ്പെടുത്തുന്നതിൽ സഹായിക്കുന്നതിനുള്ള ഒമാന്റെ പ്രതിബദ്ധത യോഗത്തിൽ സംസാരിച്ച സയ്യിദ് ബദർ വ്യക്തമാക്കി.
സിറിയൻ ജനതയുടെ അഭിലാഷങ്ങളെ പിന്തുണക്കുന്നതിൽ സംയുക്ത അറബ് പ്രവർത്തനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും, കൂടാതെ സിറിയയുടെ വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള കാര്യങ്ങളെ തടസ്സപ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിറിയൻ ജനതയുടെ ഭാവിയിലേക്കുള്ള അഭിലാഷങ്ങളെ പിന്തുണക്കുന്നതിനും ഈ ഭാവി രൂപപ്പെടുത്തുന്നതിലും സുരക്ഷ, ഐക്യം, വികസനം, പുനർനിർമാണം എന്നിവ കൈവരിക്കുന്നതിലും അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങൾ നീക്കുന്നതിലും പങ്കാളികളാകുന്നതിനും സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ, ഐക്യരാഷ്ട്രസഭയും സുരക്ഷ കൗൺസിലും അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. എല്ലാ സിറിയൻ പ്രദേശങ്ങളിൽനിന്നും ഇസ്രായേലിന്റെ പിൻവാങ്ങൽ ഉറപ്പാക്കാൻ ഉറച്ച നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയൻ വിഷയത്തിൽ സൗദി അറേബ്യയുടെ മുൻകൈയിൽ രണ്ട് യോഗങ്ങളാണ് റിയാദിൽ ഞായറാഴ്ച നടന്നത്. വിവിധ അറബ് രാജ്യങ്ങൾ ഉൾപ്പെട്ട സിറിയൻ ലെയ്സൺ കമ്മിറ്റിയുടേതായിരുന്നു ആദ്യ യോഗം.
ദറഇയയിലെ വയ റിയാദ് മാളിലെ സെന്റ് റീജിയസ് ഹോട്ടലിൽ രാവിലെ നടന്ന ഈ യോഗത്തിൽ അറബ് രാജ്യങ്ങളുടെയെല്ലാം വിദേശകാര്യമന്ത്രിമാർ പങ്കെടുത്തു. അതിനോട് അനുബന്ധമായി തന്നെ നടന്ന രണ്ടാമത്തെ യോഗത്തിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതിനിധി സംഘവും ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, യൂറോപ്യൻ യൂനിയൻ, തുർക്കിയ എന്നിവയുടെ വിദേശകാര്യ മന്ത്രിമാരും പങ്കെടുത്തു. ഇരുയോഗങ്ങളിലും സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സിറിയൻ ജനതയെ പിന്തുണക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.