മസ്കത്ത്: സുൽത്താനേറ്റിൽ വിവിധ പരിപാടികൾക്ക് വേദിയാകുന്ന ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (ഒ.സി.ഇ.സി) കഴിഞ്ഞ വർഷമെത്തിയത് 15 ലക്ഷത്തിലധികം സന്ദർശകർ.
പ്രാദേശികമായും അന്തർദേശീയമായും വേദിയുടെ ആകർഷണീയതയുടെ തെളിവാണ് ഇത്രയും ആളുകളെ ഇവിടേക്കാകർഷിച്ചത്. 19 അന്തർദേശീയ പരിപാടികളുൾപ്പെടെ 230 ഇവന്റുകളാണ് 2023ൽ നടന്നത്. കോൺഫറൻസുകൾ, കൺവെൻഷനുകൾ, എക്സിബിഷനുകൾ, തത്സമയ ഷോകൾ, കോർപറേറ്റ് മീറ്റിങ്ങുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾക്കാണ് ഒ.സി.ഇ.സി വേദിയായത്.
2022മായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷം ഒ.സി.ഇ.സി സന്ദർശിച്ചവരുടെ എണ്ണത്തിൽ 62 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു ബിസിനസ് ഇവന്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഒമാനിലെ വർധിച്ചുവരുന്ന താൽപര്യവും കോവിഡിനുശേഷമുള്ള തിരിച്ചുവരവുമാണ് ഈ വർധനവ് സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 2023ലെ മിഡിൽ ഈസ്റ്റ് ഇവന്റ്സ് അവാർഡിലെ മികച്ച വേദിക്കുള്ള പുരസ്കാരം ഒ.സി.ഇ.സി നേടിയിരുന്നു.
ഒ.സി.ഇ.സി മൊത്തം 149 പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കുകയും ഹോസ്റ്റ് ചെയ്യുകയും ചെയ്തു. സെന്ററിന്റെ വാർഷിക ആർട്ട് ഫെയർ ഇവന്റായ മസ്കത്ത് ആർട്ട് പോലുള്ള മുൻനിര പരിപാടികളിലൂടെ നിരവധി സന്ദർശകരെ ആകർഷിക്കുകയും ചെയ്തു. നിരന്തരമായി ദേശീയ അന്തർ ദേശീയ പരിപാടികൾ സംഘടിപ്പിച്ചതിനാൽ 2023 ഒരു ആവേശകരമായ വർഷമായിരുന്നുവെന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ സി.ഇ.ഒ എൻജി സഈദ് അൽ ഷാൻഫാരി പറഞ്ഞു.
2024ലെ പരിപാടികൾക്കായി തയാറെടുക്കുകയാണെന്നും രാജ്യത്തേക്ക് ധാരാളം അന്താരാഷ്ട്ര, പ്രാദേശിക ഇവന്റുകൾ വരുന്നതിലൂടെ 2023 ലെ കണക്കുകൾ മറികടക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഒ.സി.ഇ.സിയിൽ നടക്കുന്ന ചില സുപ്രധാന പരിപാടികൾ
-മിഡിൽ ഈസ്റ്റ് സ്പേസ് കോൺഫറൻസ് (ജനുവരി 08-10)
-ജനറൽ അറബ് ഇൻഷുറൻസ് ഫെഡറേഷൻ ജനറൽ കോൺഫറൻസ് (ഫെബ്രുവരി18-21)
-അന്താരാഷ്ട്ര പുസ്തകമേളയും മൂൺലൈറ്റ് ഫെസ്റ്റിവലും (ഫെബ്രുവരി 22 -മാർച്ച് 02) |
-ഒമാൻ സുസ്ഥിരതാ വാരം (ഏപ്രിൽ 28 - മെയ് 02)
-ഒമാൻ പെർഫ്യൂം ഷോ (ജൂൺ 04-08)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.