റൂവി അൽ ഫലാജ് ഹോട്ടലിൽ നടക്കുന്ന‘സ്റ്റഡി ഇൻ ഇന്ത്യ എക്സ്പോ’യിൽനിന്ന്
മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന അവനീർ 2023ന്റെ ഭാഗമായുള്ള ‘സ്റ്റഡി ഇൻ ഇന്ത്യ എക്സ്പോ’ ശനിയാഴ്ച സമാപിക്കും. റൂവി അൽ ഫലാജ് ഹോട്ടലിൽ നടക്കുന്ന എക്സിബിഷനിൽ രക്ഷിതാക്കളും വിദ്യാർഥികളുമടക്കം നൂറുകണക്കിന് ആളുകളാണ് ആദ്യദിനം എത്തിയത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ പ്രവണതകൾ, കോഴ്സുകൾ, സ്കോളർഷിപ്പുകൾ, പ്രവേശന മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകി ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുകയാണ് എക്സ്പോ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം ഉദ്ഘാടനം ചെയ്തു. ഒമാനിലെ ഇന്ത്യൻ എംബസിയിലെ സെക്കൻസെക്രട്ടറി (പൊളിറ്റിക്കൽ ആൻഡ് എജുക്കേഷൻ) ജയപാൽ ദേഥേ മുഖ്യാതിഥിയായി.
ഇന്ത്യയിൽനിന്നുള്ള 30ൽ അധികം വരുന്ന കോളജുകളും സർവകലാശാലകളുമാണ് തങ്ങളുടെ സേവനങ്ങൾ പരിചയപ്പെടുത്തി പ്രദർശനത്തിലുള്ളത്. ഇവയിൽ പലതും നാക് അംഗീകൃതവും എൻ.ഐ.ആർ.ഫ് റേറ്റിംങ്ങും ഉള്ള 200ലധികം ബിരുദ, ബിരുദാനന്തര കോഴ്സുകളുമാണ് വാഗാദാനം ചെയ്യുന്നത്. എൻജിനീയറിങ്, മെഡിക്കൽ, സയൻസസ്, ഫാർമസി, മാനേജ്മെന്റ് മുതലായവ പുതിയ കാലത്തെ കോഴ്സുകൾക്കൊപ്പം ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ്, എ.ആർ, വി.ആർ പോലുള്ള പുതുതലമുറ കോഴ്സുകളും പരിചയപ്പെടുത്തുന്നുണ്ട്.
ഈ സ്ഥാപനങ്ങളുടെ തലവന്മാർ വിദ്യാർഥികളും രക്ഷിതാക്കളുമായി നേരിട്ട് ഇടപഴകുകയും വിദ്യാർഥികളുടെ അക്കാദമികവും തൊഴിൽപരവുമായ ഭാവിക്ക് ശരിയായ പാത തിരഞ്ഞെടുക്കുന്നതിനുള്ള കൗൺസിലിങ്ങും മാർഗ്ഗനിർദേശവും നൽകുന്നുണ്ട്. പങ്കെടുക്കുന്നവർക്ക് ഫാക്കൽറ്റി അംഗങ്ങളുമായും പൂർവ വിദ്യാർത്ഥികളുമായും നേരിട്ട് സംവദിക്കുന്നതിനും ഇന്ത്യയിലെ വിദ്യാഭ്യാസ അനുഭവത്തെക്കുറിച്ച് നേരിട്ടുള്ള അറിവ് നേടുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്.
മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ (മണിപ്പാൽ), സിംബയോസിസ് ഇന്റർനാഷണൽ ഡീംഡ് യൂനി വേഴ്സിറ്റി (പുണെ), എൻ.ഐ.ടി.ടി.ഇ (ഡീംഡ് യൂണിവേഴ്സിറ്റി, മംഗലാപുരം), ആർ.വി. യൂനിവേഴ്സിറ്റി (ബംഗളൂരു), മഹീന്ദ്ര യൂനിവേഴ്സിറ്റി (ഹൈദരാബാദ്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (ഡീംഡ് യൂനിവേഴ്സിറ്റി, ഭുവനേശ്വർ), ആചാര്യ (ബംഗളൂരു), അലയൻസ് യൂനിവേഴ്സിറ്റി (ബാംഗളൂരു), എം.ഐ.ടി വേൾഡ് പീസ് യൂനിവേഴ്സിറ്റി (പൂനെ) തുടങ്ങി നിരവധി സ്ഥാപനങ്ങളുമാണ് മേളയിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. രാവിലെ പത്ത് മുതൽ ഉച്ചക്ക് 1.30 വരെയും വൈകീട്ട് നാല് മണി മുതൽ രാത്രി 8.30 വരെയുമാണ് പ്രദർശന സമയം.
നേരത്തേഐ.എസ്.ഡി സീനിയർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ‘അവനീർ 2023’ ന്റെ ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയം കരിയർ ഗൈഡൻസ് ആന്റ് കൗൺസലിങ് സ്റ്റുഡൻസ് സെന്റർ ഡയറക്ടർ ജനറൽ ശൈഖ് യാഖാബ് സൈഫ് അൽ ശിഹാമി മുഖ്യാതിഥിയായി. ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം ഉദ്ഘാടന ചടങ്ങിന് കാർമികത്വംവഹിച്ചു.
വിദേശകാര്യ മന്ത്രാലയം കൗൺസിലർ അബ്ദുൽ ഹമീദ് അൽ ബലൂഷി, ബാങ്ക് ദോഫാർ ലേണിങ് ആൻഡ് െഡവലപ്മെന്റ്റ് മേധാവി ഡോ. ഫാതിൻ അൽ സദ്ജലി വിശിഷ്ടാതിഥികളും ജെയ്ൻ ജൂനിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് പ്രത്യേക അതിഥിയും ആയി. അഫെയർ എക്സിബിഷൻസ് ആൻഡ് മീഡിയ, ലിങ്ക്സ് മൈസ് എന്നിവയുമായി സഹകരിച്ച് ഇന്ത്യൻ സ്കൾ ഡയറക്ടർബോർഡിന്റെ കീഴിൽ ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.